കൊച്ചി: കേരളത്തെ നടുക്കിയ നരബലി കേസിലെ സൂത്രധാരനായ മുമ്മദ് ഷാഫി കൊടും ക്രിമിനലെന്ന് പൊലീസ്. സിദ്ധന്‍ ചമഞ്ഞ് രണ്ട് സ്ത്രീകളെ ബലി നല്‍കിയ ഇയാള്‍ എറണാകുളം കോലഞ്ചേരിയില്‍ 75 കാരിയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതിയാണ്. 2020 ഓഗസ്റ്റ് മാസത്തിലായിരുന്നു സംഭവം.
ക്രൂരമായ പീഡനത്തിനെ തുടര്‍ന്ന് വൃദ്ധയ്ക്ക് മാരകമായ പരിക്കേറ്റിരുന്നു. ഈ കേസില്‍ പിടിയിലായ പ്രതി ഒന്നര വര്‍ഷം ജയില്‍ ശിക്ഷയും അനുഭവിച്ചിരുന്നു.പീഡനക്കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങി അധിക കാലം കഴിയുന്നതിന് മുന്‍പ് തന്നെയാണ് മുഹമ്മദ് ഷാഫി മന്ത്രവാദി ചമഞ്ഞ് പത്തനംതിട്ട ഇലന്തൂരില്‍ രണ്ട് സ്ത്രീകളെ നരബലി നല്‍കിയത്.
കുടുംബത്തിന് ഏറ്റ ശാപം മാറാനും സാമ്പത്തിക അഭിവൃദ്ധിയുമുണ്ടാകാനാണ് ഭഗവല്‍ സിംഗ്, ഭാര്യ ലൈല, ഷാഫി എന്നിവര്‍ ചേര്‍ന്ന് നരബലി നടത്തിയത്. തിരുവല്ല സ്വദേശി ഭഗവല്‍സിങ് ഫെയ്സ് ബുക്ക് വഴിയാണ് മുഹമ്മദ് ഷാഫിയുമായി ബന്ധപ്പെട്ടത്.
ശ്രീദേവി എന്ന പ്രൊഫൈലില്‍ ആണ് ഷാഫി ഫെയ്സ് ബുക്കില്‍ പോസ്റ്റിട്ടത്. രണ്ട് സ്ത്രീകളെയും പ്രലോഭിപ്പിച്ച് കൊണ്ടു പോയത് ഷാഫി തന്നെയാണെന്നാണ് വിവരം. ഇരുവരെയും കൊണ്ടുപോയതിന്റെ പിറ്റേന്ന് തന്നെ വധിക്കുകയായിരുന്നു.
ഐശ്വര്യ പൂജകള്‍ക്കായി സമീപിക്കുക എന്ന് ഫെയ്സ്ബുക്ക് വഴിയാണ് പെരുമ്പാവൂര്‍ സ്വദേശിയായ മുഹമ്മദ് ഷാഫി പരസ്യം നല്‍കിയത്. ഇതു കണ്ട് തിരുവല്ല സ്വദേശിയായ വൈദ്യന്‍ ഭഗവല്‍ സിങ്ങും ഭാര്യ ലൈലയും ബന്ധപ്പെടുകയായിരുന്നു.
നരബലിയാണ് പരിഹാരം എന്നു പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ഇവരില്‍ നിന്നും പണം കൈക്കലാക്കി. തുടര്‍ന്ന് ആറു മാസം മുന്‍പ് കാലടി സ്വദേശിനിയായ റോസിലിയെ കടത്തിക്കൊണ്ടുപോയി നരബലി നല്‍കി.
ഒരാളെ കൂടി ബലി കൊടുക്കണം എന്ന് പറഞ്ഞാണ് കടവന്ത്ര പൊന്നുരുന്നി സ്വദേശിനിയായ പത്മത്തെ സെപ്റ്റംബര്‍ 26 നു കൊണ്ടുപോയത്. പത്മത്തെ കാണാനില്ല എന്ന പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ദുര്‍മന്ത്രവാദവും നരബലിയും സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുന്നത്.
കൊല്ലപ്പെട്ട രണ്ടു സ്ത്രീകളും ലോട്ടറി കച്ചവടക്കാരാണ്. അതിക്രൂരമായ രീതിയില്‍ തലയറുത്താണ് സ്ത്രീകളെ കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക വിവരം. പത്തനംതിട്ട ഇലന്തൂരിലെ വീടിനു സമീപത്താണ് മൃതദേഹങ്ങള്‍ കുഴിച്ചിട്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.