ഇരട്ട നരബലിയില്‍ കൂടുതല്‍ പേര്‍ക്ക് പങ്കെന്ന് സൂചന; പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ഇരട്ട നരബലിയില്‍ കൂടുതല്‍ പേര്‍ക്ക് പങ്കെന്ന് സൂചന; പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

പത്തനംതിട്ട: ഇലന്തൂരിലെ ഇരട്ട നരബലി കേസില്‍ അറസ്റ്റിലായവരെ കൂടാതെ മറ്റ് ചിലര്‍ക്കുകൂടി പങ്കുള്ളതായി സൂചന നല്‍കി പോലീസ്. ഇത്തരമൊരു കിരാത കുറ്റകൃത്യം മൂന്ന് പേര്‍ക്ക് മാത്രമായി ചെയ്യാനാകില്ലെന്ന നിഗമനമാണ് പോലീസിന്. സഹായിയായോ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തിട്ടുള്ളവരായോ ഒന്നിലധികം ആളുകളെങ്കിലും ഉണ്ടായേക്കാമെന്ന സംശയം പോലീസിനുണ്ട്. ഇതു സംബന്ധിച്ച് വിശദമായി പരിശോധിച്ചു വരികെയാണെന്നും പോലീസ് പറഞ്ഞു.

അതേസമയം അറസ്റ്റിലായ മൂന്ന് പ്രതികളെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. കേസില്‍ ദുര്‍മന്ത്രവാദിയായ പെരുമ്പാവൂര്‍ വെങ്ങോല വേഴപ്പിള്ളി വീട്ടില്‍ മുഹമ്മദ് ഷാഫി (52), നാട്ടുവൈദ്യനായ പത്തനംതിട്ട ഇലന്തൂര്‍ കാരംവേലി കടംപള്ളി വീട്ടില്‍ ഭഗവല്‍ സിംഗ് (68), ഇയാളുടെ രണ്ടാം ഭാര്യ ലൈല എന്നിവരാണ് അറസ്റ്റിലായത്. ഉച്ചയോടെയാണ് ഇവരെ കോടതിയില്‍ ഹാജരാക്കുക.

കാലടിയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന റോസ്ലി (49), ധര്‍മ്മപുരി സ്വദേശിനി പദ്മ (52) എന്നിവരാണ് കൊല്ലപ്പെട്ടത്. റോസ്ലി ജൂണ്‍ എട്ടിന് രാത്രിയിലും പദ്മ സെപ്തംബര്‍ 26നുമാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. പ്രതികളുടെ സാന്നിദ്ധ്യത്തില്‍ മൃതദേഹങ്ങള്‍ ഇന്നലെ പുറത്തെടുത്തിരുന്നു.

56 കഷ്ണങ്ങളാക്കിയ പദ്മയുടെ മൃതദേഹം അഴുകിയ നിലയിലായിരുന്നു. മൃതദേഹം തിരിച്ചറിയാന്‍ മകന് കഴിഞ്ഞില്ല. റോസ്ലിയുടെ അസ്ഥികൂടം മാത്രമാണ് കിട്ടിയത്. അഞ്ചു കഷ്ണങ്ങളാണ് കിട്ടിയത്. മൃതദേഹഭാഗങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യും. ഡിഎന്‍എ പരിശോധനയടക്കം പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുക.

സഹോദരിയെ കാണാനില്ലെന്നുകാണിച്ച് പത്മയുടെ സഹോദരി പളനിയമ്മ ഇക്കഴിഞ്ഞ 27 ന് കടവന്ത്ര പോലീസ് സ്റ്റേഷനില്‍ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലൂടെയാണ് കേരളത്തെ ഞെട്ടിച്ച രണ്ട് കൊലപാതകങ്ങള്‍ പുറംലോകമറിഞ്ഞത്.

കേസന്വേഷണത്തിന്റെ ഭാഗമായി പോലീസ് ആദ്യം പരിശോധിച്ചത് പത്മയുടെ ഫോണിലേക്കുവന്ന കോളുകളെക്കുറിച്ചായിരുന്നു.
ഇതില്‍നിന്നാണ് ഷാഫിയിലേക്ക് അന്വേഷണമെത്തുന്നത്. ഷാഫി ഇവരെ തുടരെ വിളിച്ചിരുന്നു. തുടര്‍ന്ന് ഷാഫിയെ കണ്ടെത്തി ചോദ്യംചെയ്തശേഷം വിട്ടയച്ചു. ഷാഫിക്ക് കേസുമായി ബന്ധമുണ്ടെന്ന് മനസിലാക്കിയതോടെ അന്വേഷണം മറ്റുവഴികളിലേക്ക് തിരിഞ്ഞു. കൂടുതല്‍ തെളിവുശേഖരിക്കാനുള്ള നീക്കമായിരുന്നു പിന്നീട്.

പത്മ ലോട്ടറി വില്‍പ്പനയ്ക്കിറങ്ങുന്ന നഗരത്തിലെ വിവിധ സ്ഥലങ്ങളിലെ സി.സി.ടി.വി. കേന്ദ്രീകരിച്ചായി അടുത്ത അന്വേഷണം. ഇവിടെനിന്നാണ് ഷാഫിയുടെ വെള്ളനിറത്തിലുള്ള വാന്‍ പോലീസിന്റെ കണ്ണില്‍പ്പെടുന്നത്. ഈ വാനില്‍ ഷാഫിക്കൊപ്പം പത്മ കയറുന്ന ദൃശ്യങ്ങള്‍ കിട്ടി. തുടര്‍ന്ന് ഷാഫിയുടെ ഫോണ്‍ നിരീക്ഷിച്ചപ്പോള്‍ പത്തനംതിട്ടയിലെ ഭഗവല്‍ സിങുമായി സംസാരിച്ചതിന്റെ വിവരവും കിട്ടി.

ഷാഫിയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ തിരഞ്ഞുപോയ പോലീസ് തിരുവല്ലയിലെത്തി. ഷാഫിയെ വിശദമായി ചോദ്യംചെയ്തതോടെ കൊലപാതകവിവരം ഇയാള്‍ പോലീസിനോടു പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ ഭഗവല്‍സിങിനെയും ഭാര്യയെയും ചോദ്യംചെയ്തു. തുടര്‍ന്ന് മൂവരെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്തു. ഇതില്‍നിന്നാണ് രണ്ട് കൊലപാതകങ്ങള്‍ നടത്തിയതായുള്ള കുറ്റസമ്മതമുണ്ടായത്.

വീട്ടില്‍ സമ്പത്ത് ഉണ്ടാകുന്നതിനും ശാപത്തിന്റെ ശക്തി ഒഴിഞ്ഞു പോകുന്നതിനുമായിരുന്നു മൂവരും ചേര്‍ന്ന് നരബലി നടത്തിയത്. റോസ്‌ലിയെ കാണാതായിട്ടും കാര്യമായ അന്വേഷണം ഉണ്ടാകാതെ വന്നത് അടുത്ത ആളെ കണ്ടെത്തുന്നതിന് മൂവര്‍ക്കും ധൈര്യം നല്‍കി. തുടര്‍ന്നാണ് പത്മയെയും ഇവര്‍ ഇരയാക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.