തിരുവനന്തപുരം: പീഡന പരാതിയില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ നല്‍കിയത്. പരാതിയില്‍ സത്യമില്ലെന്നും വ്യക്തിവൈരാഗ്യമാണ് പിന്നിലെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.
സ്ത്രീയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു, സ്ത്രീത്വത്തെ അപമാനിക്കല്‍, അതിക്രമിച്ചു കടക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ കോവളം പോലീസ് കേസ് എടുത്തിരിക്കുന്നത്. ജാമ്യം ലഭിക്കാത്ത വകുപ്പുകളാണിവ. ഏത് നിമിഷവും അറസ്റ്റ് ഉണ്ടായേക്കാമെന്ന സാഹചര്യത്തിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി എംഎല്‍എ കോടതിയെ സമീപിച്ചത്.
അതേസമയം പീഡന പരാതിയില്‍ തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് ഇന്ന് പരാതിക്കാരിയായ യുവതിയില്‍ നിന്ന് മൊഴിയെടുക്കും. കേസ് ലോക്കല്‍ പോലീസ് കഴിഞ്ഞ ദിവസം ക്രൈബ്രാഞ്ചിന് കൈമാറിയിരുന്നു. എംഎല്‍എയില്‍ നിന്ന് ശാരീരിക അതിക്രമം നേരിടേണ്ടി വന്നതായി പരാതിക്കാരി നേരത്തെ മജിസ്ട്രേറ്റ് മുമ്പാകെ മൊഴി നല്‍കിയിരുന്നു.
അതേസമയം, എഫ്.ഐ.ആറില്‍ ലൈംഗിക പീഡനം സംബന്ധിച്ച് പരാമര്‍ശമില്ല. മര്‍ദ്ദിച്ചതിനും താമസ സ്ഥലത്ത് എത്തി ഭീഷണിപ്പെടുത്തിയതിനുമാണ് എം.എല്‍.എ ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ കേസെടുത്തത്. സ്ത്രീയെ ആക്രമിച്ചതിന് 354 വകുപ്പ് ചുമത്തിയിട്ടുണ്ട്.
തിരുവനന്തപുരം പേട്ട സ്വദേശിയായ അധ്യാപികയാണ് പരാതിക്കാരി. സെപ്റ്റംബര്‍ 14ന് എംഎല്‍എ മര്‍ദിച്ചെന്നു കാട്ടി 28നാണ് സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്. കമ്മിഷണര്‍ കോവളം പോലീസിനു പരാതി കൈമാറി. കേസ് പിന്‍വലിക്കാന്‍ കോവളം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ സാന്നിധ്യത്തില്‍ എല്‍ദോസ് കുന്നപ്പിള്ളി 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായും ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിക്കുന്നു.
കുറച്ചു ദിവസം മുന്‍പ് യുവതിയെ കാണാതായതിനെ തുടര്‍ന്ന് സുഹൃത്ത് വഞ്ചിയൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്നലെ വഞ്ചിയൂര്‍ സ്റ്റേഷനില്‍ ഹാജരായ യുവതിയെ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടിതിയില്‍ ഹാജരാക്കി. താന്‍ ഒളിവില്‍ പോയതിന്റെ കാരണം യുവതി മജിസ്‌ട്രേറ്റിനോട് വിശദീകരിച്ചു.
തുടര്‍ന്ന്, കേസിന്റെ നടപടിക്രമങ്ങള്‍ സംബന്ധിച്ച് കോടതി കോവളം പോലീസിനോട് ആരാഞ്ഞു. രാവിലെ കോവളം പോലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് യുവതിയുടെ മൊഴിയെടുത്തു. മൊഴി നല്‍കുന്നതിനിടെ സ്റ്റേഷനില്‍ യുവതി തളര്‍ന്നു വീണു. ഉടന്‍ തന്നെ വനിതാ പോലീസ് ചേര്‍ന്ന് യുവതിയെ ആശുപത്രിയില്‍ എത്തിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.