പേപ്പട്ടികളെ കൊല്ലാന്‍ അനുമതി: കേരളത്തിന്റെ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍

പേപ്പട്ടികളെ കൊല്ലാന്‍ അനുമതി: കേരളത്തിന്റെ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: ആക്രമണകാരികളായ തെരുവ് നായകളെ കൊല്ലാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു കേരളം നല്‍കിയ ഹര്‍ജി ഇന്ന് സുപ്രിം കോടതി പരിഗണിക്കും. ചൊവ്വാഴ്ച്ച ഹര്‍ജി പണിഗണിക്കാനാണിരുന്നതെങ്കിലും ഇന്നത്തേക്ക് മാറ്റുകയായിരുന്നു. തെരുവ്‌നായകളെ നിയന്ത്രിക്കണമെന്ന ഹര്‍ജിയും ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ ഇടക്കാല ഉത്തരവിന് സാധ്യതയുണ്ട്.

തെരുവ് നായകളുടെ എണ്ണം നിയന്ത്രണാതീതമായതോടെ കൊല്ലാനുള്ള അനുമതി തേടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സുപ്രീംകോടതിയില്‍ എത്തിയിട്ടുണ്ട്. കോഴിക്കോട് നഗരസഭയും കണ്ണൂര്‍ ജില്ലാ പഞ്ചായത്തുമാണ് സുപ്രീംകോടതിയില്‍ പ്രത്യേക അപേക്ഷ നല്‍കിയിരിക്കുന്നത്.

കേരളത്തില്‍ നൂറുകണക്കിന് ആളുകള്‍ക്ക് ദിവസേന നായകളുടെ കടി ഏല്‍ക്കുകയും മരണം സംഭവിക്കുകയും ചെയ്യുന്നതിനാല്‍ ശക്തമായ ഇടപെടല്‍ ഉണ്ടാകണമെന്ന് ഹര്‍ജിക്കാര്‍ കേസ് പരിഗണിച്ചപ്പോള്‍ ആവശ്യപ്പെട്ടിരുന്നു.

നിലവിലെ കേന്ദ്ര ചട്ടങ്ങള്‍ അനുസരിച്ച് നായ്ക്കളെ കൊല്ലാന്‍ അനുമതിയില്ല. അക്രമകാരികളായ നായ്ക്കളെ പ്രത്യേക സ്ഥലത്തേക്ക് മാറ്റി മരണം വരെ ഒറ്റപ്പെടുത്തി പാര്‍പ്പിക്കുകയാണ് ചെയ്യുന്നത്. കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇളവ് വേണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം.

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് അസുഖങ്ങള്‍ വ്യാപിക്കുമ്പോള്‍ അവറ്റകളെ കൂട്ടത്തോടെ കൊല്ലാന്‍ അനുമതിയുണ്ട്. സമാന രീതിയിലുള്ള നടപടിക്കാണ് സംസ്ഥാനം ആവശ്യമുന്നയിക്കുന്നത്.

എബിസി പദ്ധതി നടപ്പാക്കാന്‍ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് അനുമതി നല്‍കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ തുടര്‍ന്ന് എബിസി പദ്ധതിയില്‍ നിന്ന് കുടുംബശ്രീ യൂണിറ്റുകളെ മാറ്റിനിര്‍ത്തിയിരുന്നു. മൃഗക്ഷേമ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കേറ്റ് ഇല്ലാത്തതായിരുന്നു കാരണം. ഇതോടെ എട്ട് ജില്ലകളില്‍ എബിസി പദ്ധതി ഏതാണ്ട് പൂര്‍ണ്ണമായും തടസപ്പെട്ടെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.