കണ്ണടയും മുമ്പേ ''കണ്ണട'യരുതേ...

കണ്ണടയും മുമ്പേ ''കണ്ണട'യരുതേ...

മങ്ങിയ കാഴ്ചകള്‍ കണ്ടുമടുക്കുന്ന ആധുനിക ലോകത്തിനു കണ്ണടകള്‍ വേണം എന്നതു കവിതയുടെ കാഴ്ച. മങ്ങരുത് കാഴ്ച, മടുക്കരുത് കാഴ്ച, കണ്ണടയും മുമ്പേ, ''കണ്ണട'യരുതേ! എന്നതു കാഴ്ച യുടെ കവിത! മരിക്കുന്നതുവരെ കാഴ്ചയുണ്ടാകാനുള്ള കണ്ണുകളുടെ പ്രാര്‍ഥനയാണത്.

കാഴ്ച മങ്ങുന്ന കണ്ണുകള്‍ക്ക് കാവലിരിക്കാന്‍, കാഴ്ചയുടെ വീഴ്ച എന്നാല്‍ ജീവിതത്തിന്റെ താഴ്ചയും തകര്‍ച്ചയുമാണെന്ന് വര്‍ത്തമാനകാലത്തെയും വരും കാലത്തേയും ബോധ്യപ്പെടുത്താന്‍, ലോകാരോഗ്യ സംഘടന ഒക്ടോബര്‍ മാസത്തിന്റെ രണ്ടാം വ്യാഴാഴ്ച ലോക കാഴ്ച ദിനമായി ആചരിക്കുകയാണ്.

2002-ല്‍ ജനീവയില്‍ ചേര്‍ന്ന ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് ലോക ജനസംഖ്യയില്‍ 18 കോടി ജനങ്ങള്‍ നേത്രരോഗികളാണ്. അവരില്‍ അഞ്ചുകോടി ജനങ്ങള്‍ അന്ധരാണ്. ജനസംഖ്യാ വര്‍ധനവും വാര്‍ദ്ധക്യവും കൊണ്ട് കാഴ്ചയില്ലാത്തവര്‍ ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ലോക കാഴ്ച ദിനാചരണത്തിലൂടെ ആബാലവൃദ്ധം ജനങ്ങളിലും നേത്ര സുരക്ഷയുടെ പ്രാധാന്യവും ന്രേത പരിപാലന രീതികളും സുവ്യക്തമാക്കുകയുമാണ് ദിനാചരണത്തിന്റെ ലക്ഷ്യം.

ഓരോ അഞ്ചുസെക്കന്റിലും ലോകത്തില്‍ ഒരാള്‍ക്ക് അന്ധത ബാധിക്കുന്നു എന്ന ഭയാനകമായ സത്യം നമ്മെ ജാഗരുകരാക്കണം. ഒരു വര്‍ഷം 270 ലക്ഷം പേര്‍ ഇരുട്ടിന്റെ തടവറയിലാകുന്നുണ്ടത്രെ!

ആഫ്രിക്കയിലും ചൈനയിലും 50 ലക്ഷം അന്ധരുള്ളപ്പോള്‍, ഇന്ത്യയിലതു 70 ലക്ഷമാണ്. 80 ശതമാനം അന്ധതയും ചികിത്സകൊണ്ട് സുഖപ്പെടുത്താവുന്നവയാണ് എന്ന സത്യം അറിയുമ്പോഴേക്കും പലരുടേയും കണ്ണില്‍ ഇരുട്ടു കയറിക്കഴിഞ്ഞിരിക്കും. സമയത്തുള്ള പരിചരണമാണ് കണ്ണുകള്‍ക്കു നല്‍കേണ്ടത്. അശ്രദ്ധ കൊണ്ടും അലംഭാവം കൊണ്ടും കാഴ്ച നഷ്ടപ്പെടുത്തുമ്പോള്‍ മാത്രമേ, ദൈവം നല്‍കിയ അമൂല്യ ദാനമായിരുന്നു, കണ്ണുകള്‍ എന്ന വസ്തുത പലരും അംഗീകരിക്കൂ. വിഷന്‍ 2020 എന്ന പദ്ധതിയി ലൂടെ കാഴ്ച ഒരു അവകാശമാണ് എന്ന് ലോകത്തെ പഠിപ്പിക്കുകയാണ് യുഎന്‍ഒയുടെ ലക്ഷ്യമെന്നു ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ഡോ. ഗ്രോഹാര്‍ലെം വ്യക്തമാക്കുന്നു.

കണ്ണിന്റെ ലെന്‍സ് കട്ടികൂടി സുതാര്യത നഷ്ടമാകുന്ന തിമിരം, കണ്ണിന് അധികം സമ്മര്‍ദ്ദം മുലമുണ്ടാകുന്ന ഗ്ലൗക്കോമ, ഡയബറ്റിക് റെറ്റിനോപ്പതി, പ്രസ് ബയോപ്പിയ, വാര്‍ദ്ധക്യം കൊണ്ട് കണ്ണിന്റെ മസിലിലുണ്ടാകുന്ന ബലക്ഷയം എന്നിവയാണ് അന്ധതയുടെ പ്രധാന കാരണങ്ങളായി കണ്ടെത്തിയിരിക്കുന്നത്. ഒരു പൊടി പോലും പുരളാതെ കണ്ണുകളെ കണ്‍പോള കൊണ്ടും കണ്‍പീലി കൊണ്ടും സൃഷ്ടാവ് സംരക്ഷിക്കുമ്പോള്‍ നമ്മില്‍ പലരും കണ്ണുകളെ അത്രയധികം ശ്രദ്ധിക്കുന്നില്ല.

കംപ്യൂട്ടറിന്റെ മോണിറ്ററില്‍ നിന്നുള്ള പ്രകാശ രശ്മികളും ടെലിവിഷന്‍ സ്‌ക്രീനില്‍ നിന്നുള്ള കനം കൂടിയ ഉര്‍ജ്ജ തരംഗങ്ങളും കണ്ണിന്റെ കാഴ്ചശക്തിയെ ക്ഷയിപ്പിക്കുമെന്നാണു നവീനമായ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. വിദ്യാര്‍ഥികളില്‍ പലരും ഇന്നു കുടുതല്‍ സമയം കംപ്യൂട്ടര്‍ ഗെയിമുകളും ഇന്റര്‍നെറ്റ് ചാറ്റിങും ഹോബിയാക്കുമ്പോള്‍ ഇളം പ്രായത്തിലേ കാഴ്ചയുടെ ശക്തി നശിച്ച്, കണ്ണടയുടെ ഇരട്ടച്ചില്ലിനുള്ളില്‍ ജീവിതത്തെ തളച്ചിടുന്ന ഗതികേടിലാണ് വീഴുന്നത്. ടിവി സ്‌ക്രീനിനും കംപ്യൂട്ടറിനും ജീവിതം കാഴ്ചവയ്ക്കുന്ന പലരും അറിയുന്നില്ല, സ്വന്തം കാഴ്ച മോഷ്ടിക്കുന്നത്, ആധുനിക സാങ്കേതികവിദ്യയുടെ തമ്പു രാക്കന്മാരാണെന്ന്. ഒരു കണ്ണിലൊരു കരടുപോയാല്‍ പോലും രണ്ടു കണ്ണും കരയും, അതാണ് കണ്ണും കണ്ണും തമ്മില്‍ തമ്മില്‍ കൈമാറുന്ന കഥ!

കാണുക എന്നതു കണ്ണിന്റെ സ്വാഭാവികമായ കഴിവാണ്. എന്നാല്‍, ബോധപൂര്‍വമായ കാഴ്ചയാണു നോട്ടം. ഓരോ നോട്ടവും നമ്മുടെ തിരഞ്ഞെടുപ്പാണ്. എന്റെ കാഴ്ചയല്ല, നോട്ടമാണ് എന്റെ കാഴ്ചപ്പാടിനെ നിര്‍ണയിക്കുന്നത്. അടുത്തു നില്‍പോരനുജനെ നോക്കാന്‍ നമുക്ക് അക്ഷികള്‍ വേണം. അയലത്തു നില്‍ക്കുന്ന ആവശ്യക്കാരനില്‍ അരുപനും അദൃശ്യനുമായ ഈശ്വരനെ ദര്‍ശിക്കാന്‍ നമുക്ക് കാഴ്ചപോര, കാഴ്ചപ്പാടുവേണം. കണ്ണു വേണം, ഇരുപുറവുമെപ്പോഴും, കണ്ണുവേണം മുകളിലും താഴെയും എന്നു പാടുന്ന കടമ്മനിട്ട, ഉള്ളിനുള്ളില്‍ ജീവിതം കാണാന്‍ ഉള്‍ക്കണ്ണുവേണം അണയാത്ത കണ്ണ് എന്നു കൊതിക്കുന്നു. കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിട്ടും ജീവിതത്തോടുള്ള കാഴ്ചപ്പാടില്‍ പ്രകാശം പരത്തി, കാഴ്ചയുള്ള ലോകത്തിന്റെ അന്ധത മാറ്റിയ ഹെലന്‍ കെല്ലര്‍, ആധുനിക ലോകത്തിലെ അപൂര്‍വ കാഴ്ചയാണ്.
നമുക്ക് കണ്ണുണ്ടാവണം. കാഴ്ചയുണ്ടാകണം. കാഴ്ചപ്പാടുണ്ടാകണം.

മിഴിയിരുളുമ്പോള്‍ വഴിയിരുളും,
വഴിയിരുളുമ്പോള്‍ മൊഴി വരളും.

എന്ന കവി വാക്യമോര്‍ക്കണം. കണ്ണടയും മുമ്പേ ''കണ്ണട'യരുതേ... എന്നതു ലോക കാഴ്ച ദിനത്തിന്റെ പ്രാര്‍ത്ഥനയല്ല, കാലത്തിന്റെ കാഴ്ചപ്പാടാണ് എന്ന തിരിച്ചറിവു ന്രേത പരിപാലനത്തില്‍ ഒരു നേര്‍ത്ത അശ്രദ്ധ പോലും വരുത്താതിരിക്കാന്‍ നമ്മെ ശക്തരാക്കട്ടെ.

ഫാ റോയ് കണ്ണൻചിറയുടെ 'പ്രപഞ്ചമാനസം' എന്ന ഗ്രന്ഥത്തിൽ നിന്നും.

ഫാ. റോയി കണ്ണൻചിറയുടെ കൂടുതൽ കൃതികൾ വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.