ദേശീയ ഗെയിംസിന് സമാപനം: കേരളം ആറാം സ്ഥാനത്ത്; സാജന്‍ പ്രകാശ് മികച്ച പുരുഷ താരം

ദേശീയ ഗെയിംസിന് സമാപനം: കേരളം ആറാം സ്ഥാനത്ത്;  സാജന്‍ പ്രകാശ് മികച്ച പുരുഷ താരം

അഹമ്മദാബാദ്: കേരളത്തിന് അവസാന ദിവസത്തെ ഇരട്ട സ്വര്‍ണ നേട്ടത്തോടെ 36 മത് ദേശീയ ഗെയിംസിന് തിരശീല വീണു. 23 സ്വര്‍ണവും 18 വെള്ളിയും 13 വെങ്കലവുമടക്കം 54 പോയിന്റുമായി ആറാം സ്ഥാനത്താണ് കേരളത്തിന് ഫിനിഷ് ചെയ്യാനായത്. കേരളത്തിന്റെ സാജന്‍ പ്രകാശ് തുടര്‍ച്ചയായ രണ്ടാം തവണയും ദേശീയ ഗെയിംസിലെ മികച്ച പുരുഷതാരമായി. അഞ്ചു സ്വര്‍ണവും രണ്ടു വെള്ളിയും ഒരു വെങ്കലവുമടക്കം എട്ടു മെഡലുകളാണ് സാജന്റെ നേട്ടം.

61 സ്വര്‍ണവും 35 വെള്ളിയും 32 വെങ്കലവുമടക്കം 128 മെഡലുകളോടെ സര്‍വീസസാണ് ഇത്തവണയും ഒന്നാമത്. 39 സ്വര്‍ണവും 38 വെള്ളിയും 63 വെങ്കലവുമടക്കം 140 മെഡലുകള്‍ നേടിയ മഹാരാഷ്ട്ര രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. കര്‍ണാകത്തിന്റെ വനിതാ നീന്തല്‍താരം ഹഷിക രാമചന്ദ്രയാണ് മികച്ച വനിതാ താരം. സൂറത്തിലായിരുന്നു ദേശീയ ഗെയിംസിന്റെ സമാപന ചടങ്ങുകള്‍.

അവസാന ദിനം കേരളത്തിന്റെ പുഷ-വനിതാ വോളിബോള്‍ ടീമുകള്‍ ഇരട്ട സ്വര്‍ണം നേടി. ബുധനാഴ്ച നടന്ന പുരുഷ വിഭാഗം ഫൈനലില്‍ തമിഴ്‌നാടിനെ 3-0ന് തകര്‍ത്തായിരുന്നു കേരള ടീമിന്റെ സ്വര്‍ണ നേട്ടം. ആദ്യ സെറ്റ് 25-23ന് സ്വന്തമാക്കിയ കേരളം രണ്ടാം സെറ്റ് 28-26നും വിജയിച്ചു. മൂന്നാം സെറ്റില്‍ 27-25ന്റെ ജയത്തോടെ കേരളം ആധികാരികമായി സ്വര്‍ണ മെഡല്‍ സ്വന്തമാക്കുകയായിരുന്നു.

വനിതാ വിഭാഗത്തില്‍ പശ്ചിമ ബംഗാളിനെ തകര്‍ത്തായിരുന്നു കേരളത്തിന്റെ സ്വര്‍ണ നേട്ടം. ആദ്യ സെറ്റ് 25-22ന് കേരളം സ്വന്തമാക്കി. രണ്ടാം സെറ്റില്‍ 36-34 എന്ന സ്‌കോറിനായിരുന്നു ജയം. മൂന്നാം സെറ്റ് 25-19ന് സ്വന്തമാക്കിയ കേരള വനിതകള്‍ സ്വര്‍ണ മെഡലും സ്വന്തമാക്കിയാണ് മടങ്ങിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.