ന്യൂഡല്‍ഹി: ഇന്ത്യ-യു.കെ സ്വതന്ത്ര വ്യാപാര കരാര്‍ (എഫ്ടിഎ) തകര്‍ച്ചയുടെ വക്കിലാണെന്ന് റിപ്പോര്‍ട്ട്. വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുന്നവര്‍ക്കെതിരെ യു.കെ ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവര്‍മാന്‍ നടത്തിയ പരാമര്‍ശങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് കരാറില്‍ വിള്ളല്‍ വീണത്.
യുകെയില്‍ വിസ കാലാവധി കഴിഞ്ഞും തങ്ങുന്നവരില്‍ ഏറിയ പങ്കും ഇന്ത്യക്കാരായതിനാല്‍ ഇന്ത്യയുമായി കരാറില്‍ ഏര്‍പ്പെടാന്‍ ആശങ്കയുണ്ടെന്നും ഇത് കൂടുതല്‍ കുടിയേറ്റത്തിലേയ്ക്ക് വഴിതെളിക്കുമെന്നുമാണ് കഴിഞ്ഞയാഴ്ചയ ഒരു അഭിമുഖത്തില്‍ ഇന്ത്യന്‍ വംശജ കൂടിയായ സുല്ല ബ്രാവര്‍മാന്‍ പറഞ്ഞത്.
ഇന്ത്യയുമായി തുറന്ന അതിര്‍ത്തി-കുടിയേറ്റ നയങ്ങള്‍ ഉള്ളതുമായി ബന്ധപ്പെട്ട് ആശങ്കയുള്ളതായി സുല്ല ബ്രാവര്‍മാന്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. നയന്ത്ര കരാറിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും സംരംഭകര്‍ക്കുമുള്ള വിസ ഇളവുകളെകുറിച്ച് ആശങ്കയുണ്ടെന്നും സുല്ല പറഞ്ഞു. 'രാജ്യത്തെ കുടിയേറ്റം ഒന്ന് വിലയിരുത്തൂ. വിസ കാലാവധി കഴിഞ്ഞും യു.കെയില്‍ ഏറ്റവും കൂടുതല്‍ തങ്ങുന്നത് ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റക്കാരാണ്'-സുല്ല വ്യക്തമാക്കി.
കുടിയേറ്റവുമായി ബന്ധപ്പെട്ട് മികച്ച സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും സുഗമമാക്കുന്നതിനുമായി കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ സര്‍ക്കാരുമായി ഒരു കരാറിലെത്തിയെന്നും എന്നാലത് നല്ല രീതിയില്‍ പ്രാവര്‍ത്തികമായില്ലെന്നും അവര്‍ വെളിപ്പെടുത്തി. ഇന്ത്യയുമായുള്ള മൈഗ്രേഷന്‍ ആന്‍ഡ് മൊബിലിറ്റി പാര്‍ട്ണര്‍ഷിപ്പിനെ (എംഎംപി) പരാമര്‍ശിക്കുകയായിരുന്നു സുല്ല ബ്രാവര്‍മാന്‍.
സുല്ലയുടെ അനാദരവോടെയുള്ള പരാമര്‍ശങ്ങള്‍ ഞെട്ടിച്ചെന്നും നിരാശപ്പെടുത്തിയെന്നും കേന്ദ്ര സര്‍ക്കാര്‍ വെളിപ്പെടുത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആഭ്യന്തര സെക്രട്ടറിയുടെ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവയ്ക്കുന്നതിനായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ യു.കെ സന്ദര്‍ശനം റദ്ദാക്കിയേക്കുമെന്നാണ് അറിയുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.