തായ്‌ലന്‍ഡിനെ തകര്‍ത്ത് ഇന്ത്യ വനിത ഏഷ്യാ കപ്പ് ഫൈനലില്‍

തായ്‌ലന്‍ഡിനെ തകര്‍ത്ത് ഇന്ത്യ വനിത ഏഷ്യാ കപ്പ് ഫൈനലില്‍

ബംഗ്ലാദേശ്: തായ്ലൻഡിനെ 74 റൺസിന് തകർത്ത് ഇന്ത്യ വനിത ഏഷ്യാ കപ്പ് ഫൈനലിൽ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മുന്നോട്ടുവച്ച 149 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ തായ്ലൻഡിന് നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടപ്പെടുത്തി 74 റൺസ് നേടാനേ സാധിച്ചുള്ളൂ. 

ഇന്ത്യക്കായി ബാറ്റിംഗിൽ ഷഫാലി വർമ 42 റൺസും ബൗളിംഗിൽ ദീപ്തി ശർമ മൂന്ന് വിക്കറ്റുകളും നേടി വിജയം ഉറപ്പിച്ചു. ശ്രീലങ്ക – പാകിസ്താൻ മത്സരവിജയികളെ ഇന്ത്യ ഫൈനലിൽ നേരിടും. 

സ്മൃതി മന്ദന (13) വേഗം മടങ്ങിയെങ്കിലും മറുവശത്ത് ഷഫാലി തകർപ്പൻ ഫോമിലായിരുന്നു. ബാറ്റിംഗിനൊപ്പം ഒരു വിക്കറ്റ് വീഴ്ത്തി ബൗളിംഗിലും തിളങ്ങിയ ഷഫാലി വർമയാണ് കളിയിലെ താരം.

28 പന്തിൽ അഞ്ച് ബൗണ്ടറിയും ഒരു സിക്സറും സഹിതം 42 റൺസ് നേടിയ ഷഫാലിക്കൊപ്പം ജമീമ റോഡ്രിഗസ് (27), ഹർമൻപ്രീത് കൗർ (36), പൂജ വസ്ട്രാക്കർ (17) എന്നിവരും ഇന്ത്യക്കായി തിളങ്ങി. തായ്ലൻഡിനു വേണ്ടി സൊർന്നരിൻ ടിപോച് മൂന്ന് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗിൽ ഒരിക്കൽ പോലും ഇന്ത്യക്ക് വെല്ലുവിളിയാവാൻ തായ്ലൻഡിനു കഴിഞ്ഞില്ല. കൃത്യമായ ഇടവേളവകളിൽ വിക്കറ്റ് വീഴ്ത്താൻ ഇന്ത്യൻ ബൗളർമാർക്ക് സാധിച്ചു. 21 റൺസ് വീതം നേടിയ ക്യാപ്റ്റൻ നര്വെമോൾ ചായ്വായ്, നട്ടയ ബൂചതം എന്നിവരാണ് തായ്ലൻഡിൻ്റെ ടോപ്പ് സ്കോറർമാർ.

ഇന്ത്യക്കായി ദീപ്തി ശർമ നാല് ഓവറിൽ ഏഴ് റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. രാജേശ്വരി ഗെയ്ക്വാദ് നാല് ഓവറിൽ 10 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് സ്വന്തമാക്കി. തുടർച്ചയായ എട്ടാം തവണയാണ് ഇന്ത്യ ഏഷ്യാ കപ്പ് ഫൈനൽ കളിക്കുന്നത്.

അതേസമയം, വനിതാ ഐപിഎലിലിൻ്റെ ആദ്യ സീസണിൽ അഞ്ച് ടീമുകളും 20 മത്സരങ്ങളുമെന്ന് റിപ്പോർട്ട്. അഞ്ച് വിദേശ താരങ്ങളെ ഒരു ടീമിൽ അനുവദിക്കും. ഇതിൽ നാല് പേർ ഐസിസിയുടെ മുഴുവൻ സമയ രാജ്യങ്ങളിലെ അംഗങ്ങളും ഒരാൾ അസോസിയേറ്റ് രാജ്യങ്ങളിൽ നിന്നുള്ള താരവും ആവണം.

വനിതാ ടി-20 ലോകകപ്പ് അവസാനിക്കുന്നതിനും പുരുഷ ഐപിഎൽ ആരംഭിക്കുന്നതിനും ഇടയിൽ, 2023 മാർച്ചിലാവും വനിതാ ഐപിഎൽ നടക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.