സി.പി.ഐ പാര്‍ട്ടികോണ്‍ഗ്രസിന് ഇന്ന് വിജയവാഡയില്‍ തുടക്കം;ദേശീയ ബദല്‍ മുഖ്യ ചര്‍ച്ചാ വിഷയം

സി.പി.ഐ പാര്‍ട്ടികോണ്‍ഗ്രസിന് ഇന്ന് വിജയവാഡയില്‍ തുടക്കം;ദേശീയ ബദല്‍ മുഖ്യ ചര്‍ച്ചാ വിഷയം

വിജയവാഡ: 24-ാം സി.പി.ഐ പാർട്ടികോൺഗ്രസിന് ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ ബഹുജനറാലിയോടെ തുടക്കം. ദേശീയ ബദല്‍ മുഖ്യ ചര്‍ച്ചാ വിഷയമാകുന്നു സമ്മേളനത്തിൽ കേന്ദ്രഭരണത്തിൽനിന്ന് ബി.ജെ.പി.യെ താഴെയിറക്കാനുള്ള കർമപദ്ധതിക്ക്‌ രൂപംനൽകുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി ഡി. രാജ അറിയിച്ചു.

ഇന്ന് വൈകുന്നേരം മേസാല രാജറാവു പാലത്തുനിന്നും ആരംഭിക്കുന്ന പ്രകടനങ്ങൾക്കുശേഷം എം.ബി.പി സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുസമ്മേളനം രാജ ഉദ്ഘാടനംചെയ്യും. പാർട്ടി പാർലമെന്ററി ഗ്രൂപ്പ് നേതാവ് ബിനോയ് വിശ്വം, ആന്ധ്രാപ്രദേശ് സംസ്ഥാന സെക്രട്ടറി കെ. രാമകൃഷ്ണ തുടങ്ങിയവർ സംസാരിക്കും.

ശനിയാഴ്ച രാവിലെ എസ്.എസ്. കൺവെൻഷൻ സെന്ററിലാണ് പ്രതിനിധിസമ്മേളനം. സമ്മേളനവേദിക്കുമുന്നിൽ സ്വാതന്ത്ര്യസമരസേനാനി എട്ടുകുറി കൃഷ്ണമൂർത്തി ദേശീയപതാകയും മുൻ ജനറൽ സെക്രട്ടറി എസ്. സുധാകർ റെഡ്ഢി പാർട്ടിപതാകയും ഉയർത്തും. കേരളത്തിലെ കൊല്ലത്തുനിന്ന് പുറപ്പെട്ട പതാകാജാഥ വ്യാഴാഴ്ച വൈകീട്ട് വിജയവാഡയിലെത്തി.

കേരളത്തിൽനിന്നുള്ള 101 പേരടക്കം 900 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുക. പ്രതിനിധിസമ്മേളനത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ.എം.എൽ. ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, ഫോർവേഡ് ബ്ലോക്ക് നേതാവ് ജി. ദേവരാജൻ എന്നിവർ ആശംസകൾ നേരും.

അമേരിക്ക, റഷ്യ, ചൈന തുടങ്ങി 17 വിദേശരാജ്യങ്ങളിൽനിന്നുള്ള ഇടതുപാർട്ടി അംഗങ്ങൾ സൗഹാർദപ്രതിനിധികളായി എത്തിയിട്ടുണ്ട്. കരട് രാഷ്ട്രീയപ്രമേയവും രാഷ്ട്രീയ അവലോകനറിപ്പോർട്ടും സംഘടനാറിപ്പോർട്ടും സമ്മേളനം ചർച്ചചെയ്യും.

അവസാനദിവസമായ 18-നാണ് പാർട്ടി ദേശീയ കൗൺസിൽ അംഗങ്ങളെ തിരഞ്ഞെടുക്കുക. ദേശീയ കൗൺസിൽ പുതിയ ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.