കൊച്ചി: സിനിമാ നിര്‍മാതാവിനെ ഹണിട്രാപ്പില്‍ കുരുക്കി നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയശേഷം 1.70 കോടി രൂപ തട്ടിയെടുത്തതായി പരാതി. പഞ്ചനക്ഷത്ര ഹോട്ടലിലെ മുറിയില്‍ വിളിച്ചു വരുത്തിയാണ് കുരുക്കില്‍പ്പെടുത്തിയതെന്നും പരാതിയില്‍ പറയുന്നു. മലയാളത്തില്‍ ഒട്ടേറെ സിനിമകള്‍ നിര്‍മിച്ചിട്ടുള്ള തൃശൂര്‍ സ്വദേശിക്കാണ് പണം നഷ്ടമായത്. വീണ്ടും ഭീഷണി തുടര്‍ന്നതോടെയാണ് നിര്‍മാതാവ് പൊലീസിനെ സമീപിച്ചിത്.
പരാതിയുമായി ബന്ധപ്പട്ട് അഞ്ചുപേര്‍ക്കെതിരെ തൃശൂര്‍ ഒല്ലൂരില്‍ പൊലീസിന് പരാതി നല്‍കിയെങ്കിലും കേസെടുത്തിട്ടില്ല. പരാതിയില്‍ പറയുന്ന യുവതിയും മറ്റു രണ്ടു പേരും പരാതിക്കാരന്റെ ജീവനക്കാരും ഒരാള്‍ മുന്‍ ബിസിനസ് പങ്കാളിയുമാണ്. ഭരണമുന്നണിയിലെ എംഎല്‍എയുമായി പ്രതികളില്‍ ഒരാള്‍ക്കുള്ള ബന്ധമാണ് കേസെടുക്കാതിരിക്കാന്‍ കാരണമെന്ന് പരാതിക്കാരന്‍ ആരോപിക്കുന്നു. പൊലീസ് കേസെടുക്കാതെ വന്നതോടെ നിര്‍മാതാവ് ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടി.
കഴിഞ്ഞ 22ന് കോടതി നടപടികള്‍ക്കു നിര്‍ദേശിച്ചെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പരാതിക്കാരനു പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഒല്ലൂര്‍ പൊലീസ് അറിയിച്ചു.
കൊച്ചിയില്‍ ഉള്‍പ്പെടെ നിരവധി ഹോട്ടലുകളുടെ ഉടമയായ വ്യക്തിയുടെ രാഷ്ട്രീയ സ്വാധീനമാണ് പൊലീസിനെ കേസെടുക്കുന്നതില്‍ നിന്നു പിന്തിരിപ്പിക്കുന്നതെന്നാണ് വിവരം. കോടതി നിര്‍ദേശിച്ചിട്ടും കേസെടുക്കാത്ത പക്ഷം കോടതി അലക്ഷ്യത്തിനു പരാതിയുമായി വീണ്ടും കോടതിയെ സമീപിക്കാനാണ് തീരുമാനമെന്ന് പരാതിക്കാരന്റെ അഭിഭാഷക ബിമല ബേബി പറഞ്ഞു.
യുവതിയുടെ പിതാവിന്റെ സുഹൃത്താണ് പരാതിക്കാരനായ നിര്‍മാതാവ്. ഇവരുമായി ദീര്‍ഘകാലമായി പരിചയത്തിലായിരുന്നുവെന്ന് നിര്‍മാതാവ് പറയുന്നു. സ്വന്തം സ്ഥാപനത്തില്‍ ഇവര്‍ ജോലി ചെയ്യുകയും ഈ സമയം പലപ്പോഴായി സാമ്പത്തിക സഹായം നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ ഇടപ്പള്ളിയിലെ ആഡംബര ഹോട്ടലില്‍ മുറിയെടുത്തു കാണണമെന്നു യുവതി ആവശ്യപ്പെട്ടു. മുറിയിലെത്തിയതും പ്രതികള്‍ ബലമായി ദൃശ്യങ്ങള്‍ പകര്‍ത്തി പണം ആവശ്യപ്പെടുകയായിരുന്നു.
മാനഭയം മൂലം 1.70 കോടി രൂപ പലപ്പോഴായി പ്രതികള്‍ക്കു നല്‍കി. സാമ്പത്തികമായി തകര്‍ന്നതോടെയാണ് പൊലീസില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചതെന്നും നിര്‍മാതാവ് പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.