സുരേഷ് ഗോപി ബിജെപി കോര്‍ കമ്മിറ്റിയില്‍; താരത്തെയിറക്കി താമര വിരിയിക്കാന്‍ കേന്ദ്ര നേതൃത്വം

സുരേഷ് ഗോപി ബിജെപി കോര്‍ കമ്മിറ്റിയില്‍; താരത്തെയിറക്കി താമര വിരിയിക്കാന്‍ കേന്ദ്ര നേതൃത്വം

തിരുവനന്തപുരം: നടനും മുന്‍ എം.പിയുമായ സുരേഷ് ഗോപിയെ ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. കേന്ദ്ര നിര്‍ദേശ പ്രകാരം പാര്‍ട്ടിയുടെ  കീഴ് വഴക്കങ്ങള്‍  മറികടന്നാണ് സുരേഷ് ഗോപിയ്ക്ക് ഔദ്യോഗിക ചുമതല നല്‍കിയത്.

കേരളത്തില്‍ ഇതുവരെ കാര്യമായി ക്ലച്ചു പിടിക്കാത്ത പാര്‍ട്ടി സുരേഷ് ഗോപിയെ നേതൃത്വത്തിലേക്ക് കൊണ്ടു വരുന്നതിന്റെ സൂചനയാണിതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. കേരളത്തില്‍ നിലവിലുള്ള ബിജെപി നേതാക്കളെക്കാള്‍ ജനസമ്മതി സുരേഷ് ഗോപിക്കുണ്ടെന്ന് കേന്ദ്ര നേതൃത്വം നടത്തിയ രഹസ്യ സര്‍വ്വേയില്‍ വ്യക്തമായിരുന്നു.

പ്രസിഡന്റും മുന്‍ പ്രസിഡന്റുമാരും ജനറല്‍ സെക്രട്ടറിമാരും മാത്രമായിരുന്നു ഇതുവരെ കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെട്ടിരുന്നത്. സുരേഷ് ഗോപി നേതൃ നിരയിലേയ്ക്ക് എത്തുന്നതില്‍ കേരളത്തിലെ പല ബിജെപി നേതാക്കള്‍ക്കും അതൃപ്തിയുണ്ടെങ്കിലും കേന്ദ്ര തീരുമാനത്തെ അംഗീകരിക്കുകയല്ലാതെ മറ്റു വഴികളില്ല.

താരത്തെ മുന്‍നിര്‍ത്തി കേരളത്തില്‍ പാര്‍ട്ടിയുടെ ശക്തി വര്‍ധിപ്പിക്കാന്‍ ബിജെപി കേേ്രനതൃത്വം ഏറെ നാളായി ശ്രമിക്കുകയാണ്. എന്നാല്‍ മടിച്ചു നിന്ന സുരേഷ് ഗോപി ഇപ്പോള്‍ സമ്മതം മൂളിയതോടെയാണ് പുതിയ നീക്കത്തിന് വഴിയൊരുങ്ങിയത്.

ലോക്സഭാ തെരഞ്ഞടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ നേതൃത്വത്തില്‍ കാര്യമായ അഴിച്ചുപണി ഉണ്ടാകുമെന്നാണ് സൂചന. സുരേന്ദ്രന്റെ പ്രസിഡന്റ് കാലാവധി ജനുവരിയില്‍ അവസാനിക്കും.

സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവഡേക്കര്‍ കഴിഞ്ഞ ദിവസം സുരേഷ് ഗോപി ഉള്‍പ്പടെയുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് പിന്നാലെയാണ് സുരേഷ് ഗോപി കോര്‍ കമ്മറ്റിയില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനമുണ്ടായത്.

കെ.സുരേന്ദ്രനെ മാറ്റി സുരേഷ് ഗോപിയെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരും എന്ന തരത്തിലുള്ള ചില റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. എന്നാല്‍ ഇക്കാര്യം സുരേഷ് ഗോപി നിഷേധിച്ചിരുന്നു.

പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും കേരളത്തില്‍ പിടിച്ചു കയറാന്‍ പറ്റാത്തതില്‍ ദേശീയ നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. ദേശീയ നേതൃത്വം പൂര്‍ണ പിന്തുണ നല്‍കിയിട്ടും സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ തമ്മിലുള്ള ഏകോപനമില്ലായ്മയാണ് മുന്നേറ്റത്തിന് തടസമാകുന്നതെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.