സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ആര്‍ക്കും ഇളവില്ല: കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യങ്ങള്‍ പാടില്ലെന്ന് ഹൈക്കോടതി

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ആര്‍ക്കും ഇളവില്ല: കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യങ്ങള്‍ പാടില്ലെന്ന് ഹൈക്കോടതി

കൊച്ചി: കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യങ്ങള്‍ പാടില്ലെന്ന് ഹൈക്കോടതി നിര്‍ദേശം. കെഎസ്ആര്‍ടിസി, കെയുആര്‍ടിസി ബസുകളിലെ പരസ്യങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നും സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ സ്വകാര്യ- പൊതു വാഹനങ്ങള്‍ എന്ന വ്യത്യാസമില്ലെന്നും കോടതി വ്യക്തമാക്കി.

വടക്കഞ്ചേരി ബസ് അപകടത്തെ തുടര്‍ന്ന് സ്വമേധയാ എടുത്ത കേസിലാണ് കെഎസ്ആര്‍ടിസി ബസുകളിലെ പരസ്യങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടത്. സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ ആര്‍ക്കും പ്രത്യേക ഇളവുകള്‍ ഒന്നും ഇല്ല. സുരക്ഷാ മാനദണ്ഡങ്ങള്‍ എല്ലാവരും ഒരുപോലെ പാലിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

സ്വകാര്യ ബസുകളില്‍ അടക്കം ഡ്രൈവര്‍ കാബിന്‍, യാത്രക്കാര്‍ ഇരിക്കുന്ന സ്ഥലം എന്നിവിടങ്ങളില്‍ പരസ്യങ്ങളോ നിരോധിത ഫ്ളാഷ് ലൈറ്റുകളോ പാടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എക്സ്പോകള്‍, ഓട്ടോ ഷോ എന്നിവയില്‍ രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ ഉപയോഗിക്കരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഇക്കാര്യം ഉറപ്പു വരുത്തണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി.

വടക്കഞ്ചേരി ബസ് അപകടത്തില്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്നും വീഴ്ച സംഭവിച്ചുവെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത വാഹനം വിനോദ യാത്രയ്ക്കായി ഉപയോഗിച്ചത് സ്‌കൂള്‍ അധികൃതരുടെ വീഴ്ചയാണെന്ന് കോടതി പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.