ഷാഫി വണ്ടി വിറ്റെന്ന് പറഞ്ഞ് 40000 രൂപ തന്നു; വഴക്കിനിടെ ഫോണ്‍ എറിഞ്ഞു പൊട്ടിച്ചെന്ന് ഭാര്യയുടെ മൊഴി

ഷാഫി വണ്ടി വിറ്റെന്ന് പറഞ്ഞ് 40000 രൂപ തന്നു; വഴക്കിനിടെ ഫോണ്‍ എറിഞ്ഞു പൊട്ടിച്ചെന്ന് ഭാര്യയുടെ മൊഴി

കൊച്ചി: ഇരട്ട നരബലിക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫി 'ശ്രീദേവി' എന്ന പേരില്‍ വ്യാജ ഫെയ്സ്ബുക് പ്രൊഫൈല്‍ കൈകാര്യം ചെയ്തിരുന്ന മൊബൈല്‍ ഫോണ്‍ നശിപ്പിച്ചതായി ഭാര്യ നഫീസയുടെ മൊഴി. സെപ്റ്റംബര്‍ 26ന് വീട്ടില്‍ ഷാഫിയുമായി ഉണ്ടായ വാക്കേറ്റത്തെത്തുടര്‍ന്ന് ഫോണ്‍ എറിഞ്ഞുപൊട്ടിച്ചെന്നാണ് മൊഴി.

ഷാഫി അടുത്തിടെ 40,000 രൂപ ഏല്‍പ്പിച്ചിരുന്നതായും നഫീസ സമ്മതിച്ചു. വണ്ടി വിറ്റു കിട്ടിയതെന്നു പറഞ്ഞാണ് പണം നല്‍കിയതെന്നാണ് വെളിപ്പെടുത്തല്‍. ഈ പണം ഉപയോഗിച്ച് മകളുടെ പണയംവച്ച സ്വര്‍ണം എടുത്തതായും അവര്‍ പൊലീസിനു നല്‍കിയ മൊഴി പറയുന്നു.

മുഹമ്മദ് ഷാഫിയുടെ ഗാന്ധിനഗറിലെ വീട്ടില്‍ വെള്ളിയാഴ്ച രാവിലെ പത്തരയ്ക്ക് തുടങ്ങിയ പരിശോധന വൈകിട്ട് നാലരയോടെയാണ് പൊലീസ് അവസാനിപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങള്‍ ഷാഫിയുടെ ഭാര്യയോടും മക്കളോടും ചോദിച്ചറിഞ്ഞു. ഒപ്പം വീട്ടില്‍ നിന്ന് കേസില്‍ നിര്‍ണായകമായ സ്വര്‍ണപണയ രസീതും ബാങ്ക് രേഖകളും വാഹനത്തിന്റെ രേഖകളും പൊലീസ് കണ്ടെടുത്തു. കൊല ചെയ്യപ്പെട്ട രണ്ടു സ്ത്രീകളെയും പ്രലോഭിപ്പിച്ച് ഇലന്തൂരിലെത്തിച്ച സ്‌കോര്‍പ്പിയോ കാര്‍ ഷാഫിയുടെ മരുമകന്റെ പേരിലുള്ളതാണെന്നും തിരിച്ചറിഞ്ഞിരുന്നു.

വീട്ടിലെ പരിശോധനയ്ക്ക് പുറമെ ഷേണായീസ് തീയേറ്ററിന് സമീപമുള്ള ഷാഫിയുടെ ഹോട്ടലിലും പൊലീസ് പരിശോധന നടത്തി. മൂന്ന് പ്രതികളെയും പൊലീസ് ക്ലബ്ബില്‍ ഒന്നിച്ചിരുത്തി പൊലീസ് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ നിര്‍ണായകമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

ശ്രീദേവി എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ട് വഴിയാണ് ഷാഫി ഭഗവല്‍ സിങ്ങുമായി അടുപ്പം തുടങ്ങിയത്. 68 കാരനായ ഭഗവല്‍ സിങിനെ വീഴ്ത്താന്‍ ശ്രീദേവിയെന്ന അക്കൗണ്ട് മുഹമ്മദ് ഷാഫി തുടങ്ങുന്നത് 2019ലാണ്. ഇതിലെ ചാറ്റുകള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മറ്റാരെങ്കിലും ഷാഫിയുടെ വലയില്‍ കുടുങ്ങിയോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.