മുംബൈ: മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട ഡല്‍ഹി സര്‍വകലാശാല പ്രൊഫസര്‍ ജി.എന്‍ സായിബാബയെ കുറ്റവിമുക്തനാക്കിയതിനെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജി കോടതി നാളെ പരിഗണിക്കും.
ജസ്റ്റിസ് എം.ആര്‍ ഷാ, ബേലാ എം. ത്രിവേദി എന്നിവരടങ്ങിയ പ്രത്യേക ബെഞ്ച് അവധി ദിനത്തില്‍ പ്രത്യേക സിറ്റിങ് നടത്തിയാണ് ഹര്‍ജി പരിഗണിക്കുന്നത്. ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചാണ് സായിബാബയേയും കേസില്‍ ശിക്ഷിക്കപ്പെട്ട മറ്റ് അഞ്ച് പേരെയും കുറ്റവിമുക്തരാക്കിയത്.
2014 ലാണ് ജി.എന്‍ സായിബാബയെ അറസ്റ്റ് ചെയ്യുന്നത്. മാവോയിസ്റ്റ് ബന്ധമുള്ള റെവല്യൂഷണറി ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു, മാവോയിസ്റ്റ് അനുകൂലമായി പ്രസംഗിച്ചു എന്നതായിരുന്നു കുറ്റം. 2005 മുതല്‍ സംഘടനയുടെ നേതൃസ്ഥാനത്ത് സായിബാബയുടെ സാന്നിധ്യമുണ്ടെന്നായിരുന്നു കണ്ടെത്തല്‍. കേസില്‍ ജെ.എന്‍.യു വിദ്യാര്‍ഥി അടക്കം ആറ് പേര്‍ അറസ്റ്റിലായിരുന്നു.
2017 ല്‍ യു.എ.പി.എ വകുപ്പുകള്‍ പ്രകാരം ഗച്ച് റോളിയിലെ സെഷന്‍സ് കോടതി എല്ലാവരെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചു. പോളിയോ ബാധിച്ചു വീല്‍ചെയറിലായ സായിബാബയ്ക്ക് ചികിത്സ പോലും നിഷേധിക്കുന്നതായി കുടുംബം ആരോപിച്ചിരുന്നു. അദ്ദേഹത്തിന്റെ മോചനത്തിനായി വിവിധ മനുഷ്യാവകാശ പ്രവര്‍ത്തകരും സംഘടനകളും രംഗത്തെത്തി. ഒടുവിലാണ് ബോംബെ ഹൈക്കോടതി സായിബാബയെ കുറ്റവിമുക്തനാക്കിയത്. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചുവെങ്കിലും സ്റ്റേ ചെയ്യാതെ കോടതി വിശദമായ ഹര്‍ജി സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.