പട്ടിണി രൂക്ഷമായ രാജ്യങ്ങളില്‍ ഇന്ത്യ ശ്രീലങ്കയ്ക്കും പാകിസ്ഥാനും പിന്നില്‍; ഏറ്റവും കൂടുതല്‍ ശിശു മരണവും രാജ്യത്ത്

പട്ടിണി രൂക്ഷമായ രാജ്യങ്ങളില്‍ ഇന്ത്യ ശ്രീലങ്കയ്ക്കും പാകിസ്ഥാനും പിന്നില്‍; ഏറ്റവും കൂടുതല്‍ ശിശു മരണവും രാജ്യത്ത്

ന്യൂഡല്‍ഹി: ഇന്ത്യ കുതിക്കുന്നു എന്ന ഭരണകൂടത്തിന്റെ അവകാശവാദങ്ങള്‍ക്കിടെ 2022 ലെ ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 107-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ഇന്ത്യ അടുത്തയിടെ സഹായിച്ച ശ്രീലങ്ക (64), പാകിസ്ഥാന്‍ (99), മറ്റ് അയല്‍ രാജ്യങ്ങളായ നേപ്പാള്‍ (81), ബംഗ്ലാദേശ് (84) എന്നീ രാജ്യങ്ങള്‍ക്കും പിന്നിലാണ് ഇന്ത്യ. കണ്‍സേണ്‍ വേള്‍ഡ് വൈഡ്, വെല്‍ത്ത് ഹംഗര്‍ ലൈഫ് എന്നീ സംഘടനകള്‍ സംയുക്തമായി നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഇന്ത്യക്ക് 29.1 പോയിന്റാണ് ലഭിച്ചത്. 121-ാം സ്ഥാനത്തുള്ള യെമന്‍ ആണ് പട്ടികയില്‍ ഏറ്റവും പിന്നില്‍. യൂറോപ്യന്‍ രാജ്യങ്ങളെ പിന്തള്ളി ചൈനയും കുവൈത്തും ഒന്നാം സ്ഥാനത്തെത്തി. പ്രധാനമായും നാല് ഘടകങ്ങളാണ് പട്ടിക തയ്യാറാക്കുന്നതിന്റെ മാനദണ്ഡമായി പരിഗണിച്ചത്.

അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് അവരുടെ ഉയരത്തിന് അനുസരിച്ചുള്ള ശരീരഭാരമുണ്ടോയെന്നുള്ള പരിശോധന, കുട്ടികളിലെ ഉയരമില്ലായ്മ, പോഷകാഹാരക്കുറവ്, ശിശുമരണ നിരക്ക് എന്നിവയാണ് പരിഗണിക്കുന്ന ഘടകങ്ങള്‍. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ജി.എച്ച്.ഐയുടെ (ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡക്സ്) സ്‌കോര്‍ ഇന്ത്യയുടെ കാര്യത്തില്‍ കുറഞ്ഞു വരികയാണ്.

ലോകത്ത് ഏറ്റവും കൂടുതല്‍ ശിശു മരണം നടക്കുന്നത് ഇന്ത്യയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്ത് വര്‍ധിച്ചു വരുന്ന ജന സംഖ്യയും ഇതിനൊരു കാരണമാണ്. എന്നാല്‍ അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ വളര്‍ച്ചാ മുരടിപ്പ് 2014 ല്‍ 38.7 ആയിരുന്നത് 2022 ല്‍ 35.5 ആയി കുറയ്ക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ മരണനിരക്ക് 2014 ല്‍ 4.6 ആയിരുന്നത് 2022 ല്‍ 3.3 ആയി കുറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.