എന്‍ജിന്‍ തകരാര്‍; അമേരിക്കയില്‍ വിമാനത്തിന് നടുറോഡില്‍ അടിയന്തര ലാന്‍ഡിങ്

എന്‍ജിന്‍ തകരാര്‍; അമേരിക്കയില്‍ വിമാനത്തിന് നടുറോഡില്‍ അടിയന്തര ലാന്‍ഡിങ്

ഡാളസ്: എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി നടുറോഡില്‍ ലാന്‍ഡ് ചെയ്തു. അമേരിക്കയിലെ ഡാളസിലാണു സംഭവം. സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ റോഡുകള്‍ പോലീസ് അടച്ചു. അതേസമയം, സംഭവത്തില്‍ യാത്രക്കാര്‍ ഉള്‍പ്പെടെ ആര്‍ക്കും പരിക്കേല്‍ക്കാതിരുന്നത് വലിയ ആശ്വസമായി.

ടെക്‌സസിലെ സ്‌നൈഡറില്‍ വിന്‍സ്റ്റണ്‍ ഫീല്‍ഡ് എയര്‍പോര്‍ട്ടില്‍നിന്ന് ഡാളസ് എക്‌സിക്യൂട്ടീവ് എയര്‍പോര്‍ട്ടിലേക്കു പോകുകയായിരുന്ന വിമാനമാണ് യാത്രാമധ്യേ റോഡിലിറങ്ങിയത്.


ഡയമണ്ട് ഡിഎ 62 വിഭാഗത്തില്‍പെട്ട ചെറുവിമാനമാണ് ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ അടിയന്തരമായി നിലത്തിറക്കിയത്. ഡാളസ് എയര്‍പോര്‍ട്ടില്‍ നിന്ന് രണ്ട് മൈല്‍ അകലെയുള്ള കിയെസ്റ്റ് ബുള്‍വാഡ് എന്ന സ്ഥലത്താണ് വിമാനം നടുറോഡില്‍ ലാന്‍ഡ് ചെയ്തത്. യാത്രാമധ്യേ പൈലറ്റ് എന്‍ജിന്‍ തകരാര്‍ തിരിച്ചറിഞ്ഞതോടെയാണ് അപകടകരമായ തീരുമാനമെടുത്തത്. വിമാനം നിലത്തിറക്കുന്നതിനിടെ പ്രദേശത്തെ വൈദ്യുതി ലൈനുകളില്‍ തട്ടി. ഇതോടെ വൈദ്യുതി വിതരണം തടസപ്പെട്ടു. സംഭവത്തെതുടര്‍ന്ന് ഡാന്‍ മോര്‍ട്ടണിനും ഡങ്കന്‍വില്ലിനും ഇടയിലുള്ള റോഡുകളാണ് അടച്ചത്.

ലാന്‍ഡിംഗില്‍ വിമാനം റോഡില്‍ ഇടിച്ചത് ഉള്‍പ്പെടെ ചെറിയ നാശനഷ്ടങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ. വിമാനത്തിലുണ്ടായിരുന്ന ദമ്പതികള്‍ സുരക്ഷിതരാണെന്ന് ഡാളസ് ഫയര്‍ റെസ്‌ക്യൂ അധികൃതര്‍ പറഞ്ഞു. റോഡിലുണ്ടായിരുന്ന വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.