തരൂരോ ഖാര്‍ഗെയോ?.. കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്; ഫലപ്രഖ്യാപനം ബുധനാഴ്ച

തരൂരോ ഖാര്‍ഗെയോ?.. കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്; ഫലപ്രഖ്യാപനം ബുധനാഴ്ച

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷനു വേണ്ടിയുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. 24 കൊല്ലത്തിനിടെ ഗാന്ധികുടുംബത്തിനു പുറത്തുനിന്നൊരാൾ കോണ്‍ഗ്രസ് അധ്യക്ഷപദത്തിലേക്ക് വരുന്നു എന്ന പ്രത്യേകതയും ഈ തിരഞ്ഞെടുപ്പിനുണ്ട്. ശശി തരൂരോ അതോ മല്ലികാര്‍ജുന്‍ ഖാര്‍ഗെയോ, ആരാകും കോണ്‍ഗ്രസ് പ്രസിഡന്റ്‌ എന്നത് ബുധനാഴ്ച നടക്കുന്ന ഫലപ്രഖ്യാപനത്തോടെ അറിയാം.

രാവിലെ പത്തുമണി മുതല്‍ നാലുമണി വരെയാണ് പോളിങ്. 9,000-ല്‍ അധികംവരുന്ന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (പി.സി.സി.) പ്രതിനിധികളാണ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുക. വോട്ടെടുപ്പിന് രഹസ്യബാലറ്റാണ് ഉപയോഗിക്കുക.

ഡല്‍ഹിയിലെ എ.ഐ.സി.സി. ആസ്ഥാനത്തും രാജ്യമെമ്പാടുമുള്ള അറുപത്തിയഞ്ചിലധികം വരുന്ന വിവിധ പോളിങ് ബൂത്തുകളിലും വോട്ട് രേഖപ്പെടുത്താം. കോണ്‍ഗ്രസിന്റെ 137 വര്‍ഷത്തെ ചരിത്രത്തില്‍ ഇത് ആറാംതവണയാണ് അധ്യക്ഷപദത്തിലേക്ക് മത്സരം നടക്കുന്നത്.

കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും എ.ഐ.സി.സി. ആസ്ഥാനത്ത് വോട്ട് രേഖപ്പെടുത്തും. ഭാരത് ജോഡോ യാത്ര നയിക്കുന്ന രാഹുല്‍ ഗാന്ധി കര്‍ണാടകയില്‍ വോട്ട് രേഖപ്പെടുത്തുമെന്നാണ് വിവരം. ബല്ലാരിയിലെ സംഗനാക്കല്ലിലെ കേന്ദ്രത്തിലാകും രാഹുല്‍ വോട്ട് ചെയ്യുക.

വിവിധ കേന്ദ്രങ്ങളില്‍നിന്നുള്ള ബാലറ്റുകള്‍ ഒക്ടോബര്‍ 18ന് ഡല്‍ഹിയിലെത്തിക്കും. 19 നാണ് വോട്ടെണ്ണല്‍.

ഹൈക്കമാൻഡ് സ്ഥാനാര്‍ഥിയെന്ന പരിവേഷത്തോടെയാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മത്സരം. വിജയസാധ്യത ഏറെ കല്‍പിക്കപ്പെടുന്നതും ഇദ്ദേഹത്തിനാണ്. ആദ്യം പരിഗണിക്കപ്പെട്ടിരുന്ന പേര് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ ആയിരുന്നു. എന്നാല്‍ രാജസ്ഥാനിലെ വിമതകലാപത്തിന് പിന്നാലെ അദ്ദേഹം മത്സരരംഗത്തുനിന്ന് പിന്മാറി.

പിന്നീട് മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി ദിഗ്വിജയ് സിങ്ങിന്റെ പേരും ഉയര്‍ന്നുകേട്ടെങ്കിലും ഒടുവില്‍ ഖാര്‍ഗെയില്‍ എത്തിച്ചേരുകയായിരുന്നു. വിവിധ പി.സി.സികള്‍ ഇതിനകം ഖാര്‍ഗെയ്ക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച് രംഗത്തുവന്നിട്ടുമുണ്ട്.

'നാളയെ കുറിച്ച് ചിന്തിക്കൂ തരൂരിനെ കുറിച്ച് ചിന്തിക്കൂ' എന്നാണ് തിരുവനന്തപുരം എം.പി. കൂടിയായ തരൂരിന്റെ സാമൂഹികമാധ്യമങ്ങളിലെ പ്രചാരണവാക്യം. പാര്‍ട്ടിയിലെ യുവനേതാക്കളില്‍നിന്നാണ് അദ്ദേഹത്തിന് പിന്തുണ ലഭിച്ചിരിക്കുന്നത്.

കേരളത്തില്‍ കെ.എസ്. ശബരീനാഥന്‍, എം.കെ. രാഘവന്‍ എം.പി, കെ.സി. അബു, ശിവഗംഗയില്‍നിന്നുള്ള ലോക്‌സഭാ എം.പിയും പി. ചിദംബരത്തിന്റെ മകനുമായ കാര്‍ത്തി, കിഷന്‍ഗഞ്ച് എം.പി. മുഹമ്മദ് ജാവേദ്, നോവ്‌ഗോങ് എം.പി. പ്രദ്യുത് ബോര്‍ദോലോയ് തുടങ്ങിയവരായിരുന്നു തരൂരിന്റെ നാമനിര്‍ദേശ പത്രികയില്‍ ഒപ്പിട്ടത്.

കോണ്‍ഗ്രസിന്റെ പ്രവര്‍ത്തന ശൈലിയില്‍ മാറ്റം കൊണ്ടുവരാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഖാര്‍ഗെയുമായി ആശയപരമായ അഭിപ്രായവ്യത്യാസങ്ങളില്ലെന്നും തരൂര്‍ ഇന്നലെ പറഞ്ഞു. ഖാര്‍ഗെ അനുഭവസമ്പത്തുള്ള നേതാവാണ്. അദ്ദേഹം വിജയിക്കുകയാണെങ്കില്‍ സ്വാഭാവികമായും ഞങ്ങള്‍ സഹകരിച്ചു പ്രവര്‍ത്തിക്കും, തരൂര്‍ നിലപാട് വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.