ആലപ്പുഴ: സർക്കാർ മില്ലുടമകൾക്ക് നൽകുവാനുള്ള തുക നൽകാത്തതിനാൽ കുട്ടനാട്ടിലെ നെൽക്കർഷകർ വീണ്ടും പ്രതിസന്ധിയിൽ. വിളവെടുപ്പ് കഴിഞ്ഞിട്ടും നെല്ല് സംഭരണം നടക്കാത്തതിനെ തുടർന്ന് മിക്ക പാടശേഖരങ്ങളിലെയും നെല്ല് കെട്ടിക്കിടക്കുകയാണ്. മഴപെയ്യാൻ തുടങ്ങിയതോടെ കർഷകരുടെ ആശങ്കയും വർദ്ധിച്ചിരിക്കുകയാണ്.
16 കോടിയോളം രൂപയാണ് സർക്കാർ മില്ലുടമകൾക്ക് നൽകാനുള്ളത്. നൽകേണ്ട തുക നൽകി എത്രയും പെട്ടെന്ന് പ്രശ്നം പരിഹരിക്കണം എന്നാണ് കർഷകരുടെ ആവശ്യം. പലയിടത്തും കൊയ്തെടുത്ത നെല്ല് മഴയിൽ നനഞ്ഞു നശിക്കുന്ന അവസ്ഥയിലാണ്. ഇനിയും സംഭരണം വൈകിയാൽ നെല്ല് ചീഞ്ഞ് നശിച്ചുപോകുമെന്നാണ് കർഷകർ പറയുന്നത്.
കുട്ടനാട്ടിലെ മിക്ക പാടശേഖരങ്ങളിലും കിളി ശല്യം രൂക്ഷമാകുകയാണ് കൊയ്ത്തു നടക്കാത്ത പാടങ്ങളിൽ കിളികൾ വൻതോതിലുള്ള നഷ്ടമാണ് കർഷകർക്ക് വരുത്തുന്നത്. പുന്നപ്ര കൃഷിഭവന്റെ പരിധിയിൽ തെക്കേ പൂന്തുരം, നൂറ്റമ്പത്, പൊന്നാകരി തുടങ്ങിയ ആയിരത്തിലേറെ ഏക്കറുള്ള പാടശേഖരങ്ങളിലാണ് കിളിശല്യം രൂക്ഷമായത്. കൊയ്യാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ കൂട്ടത്തോടെയെത്തുന്ന കിളികൾ കതിരിൽ നിന്നും അരിമണികൾ കൊത്തി തിന്നുകയാണ്.
കിളി ശല്യത്തെപ്പറ്റി പലതവണ പരാതിപ്പെട്ടിട്ടും കൃഷിഭവന്‍ നടപടി എടുത്തില്ലെന്നും കര്‍ഷകര്‍ ആരോപിച്ചു. പാടശേഖരത്തിന്റെ പുറംബണ്ടിലെ കരകം കാടുകളിലാണ് കുരുവി ഇനത്തിൽപ്പെട്ട പക്ഷികൾ ചേക്കേറുന്നത്. കരകം കാട് വെട്ടിക്കളയണമെന്ന് കൃഷിഭവൻ ഉദ്യോഗസ്ഥരോട് നിരവധി തവണ ആവശ്യപ്പെട്ടതായി കർഷകർ പറയുന്നു. നേരം പുലരുമ്പോൾ മുതൽ ഉച്ചവരെയും പിന്നീട് വൈകീട്ട് നാല് മുതൽ സന്ധ്യവരെയും തുടർച്ചയായിട്ടാണ് ഇവയുടെ ശല്യം. ഒച്ച വെച്ചും പടക്കം പൊട്ടിച്ചും തോരണങ്ങൾ വലിച്ച് കെട്ടിയും നെൽ കൃഷി സംരക്ഷിക്കാൻ കര്‍ഷകര്‍ പെടാപാട് പെടുന്നുണ്ടെങ്കിലും കിളിശല്യത്തിന് മാത്രം കുറവില്ല.
കഴിഞ്ഞ രണ്ടാം കൃഷി വെള്ളം കയറി നശിച്ചതിന്റെ നഷ്ടപരിഹാരവും ഇതുവരെ ലഭിച്ചില്ല. ഏക്കറിന് 40,000 രൂപയായിരുന്നു ചെലവ്. കടവും കാർഷിക വായ്പയും എടുത്താണ് പലരും കൃഷിയിറക്കിയത്. എന്നാൽ കൃഷി നഷ്ടത്തിലായതോടെ പലരുടെയും തിരിച്ചടവ് മുടങ്ങിയിരിക്കുകയാണ്. വായ്പ മുടങ്ങിയതിനാൽ പലിശ ഇളവും കിട്ടുകയില്ല. ഇതിനിടയിലാണ് പ്രതീക്ഷയോടെ പുഞ്ച കൃഷി ആരംഭിച്ചത്. നല്ല വിളവായിരുന്നെങ്കിലും കിളിശല്യം രൂക്ഷമായതോടെ കർഷകരുടെ പ്രതീക്ഷയുടെ ചിറകറ്റു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.