ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി. 90 ശതമാനത്തിലേറെ പോളിങ് രേഖപ്പെടുത്തി. മല്ലികാര്‍ജുന്‍ ഗാര്‍ഖെയും ശശി തരൂരുമായിരുന്നു സ്ഥാനാര്‍ത്ഥികള്‍. പുതിയ അധ്യക്ഷനെ ബുധനാഴ്ച അറിയാം.
കേരളത്തില്‍ 95.66 ശതമാനാണ് പോളിങ്. കേരളത്തിലെ വോട്ടര്‍ പട്ടികയിലുള്ള 310 പേരല്‍ 294 പേര്‍ വോട്ട് ചെയ്തു. ബലാത്സംഗ കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് ഒളവില്‍ കഴിയുന്ന പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി വോട്ട് ചെയ്യാന്‍ എത്തിയില്ല.
പേരിലെ സാങ്കേതിക പ്രശ്‌നം മൂലം കണ്ണൂരില്‍ നിന്നുള്ള സുരേഷ് എളയാവൂരിന് വോട്ട് ചെയ്യാനായില്ല. കേരളത്തിന് പുറത്ത് തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ഷാനിമോള്‍ ഉസ്മാന്‍, ഹൈബി ഈഡന്‍ (ആന്‍ഡമാന്‍), നെയ്യാറ്റിന്‍കര സനല്‍ (തമിഴ്‌നാട്), ജോണ്‍സണ്‍ ഏബ്രഹാം (കര്‍ണാടക), രാജ്‌മോഹന്‍ ഉണ്ണിത്താന്‍ (തെലങ്കാന) എന്നിവര്‍ അതത് സ്ഥലങ്ങലില്‍ വോട്ട് ചെയ്തു.
വോട്ടവകാശമുണ്ടായിരുന്ന ആര്യാടന്‍ മുഹമ്മദ്, പുനലൂര്‍ മധു, പ്രതപവര്‍മ തമ്പാന്‍ എന്നിവര്‍ മരിച്ചു. കരകുളം കൃഷ്ണപിള്ളയും, വി.എം സുധീരനും സ്ഥലത്തില്ലാത്തതിനാല്‍ വോട്ട് ചെയ്തില്ല. മുതിര്‍ന്ന നേതാക്കളായ വയലാര്‍ രവി, പി.പി തങ്കച്ചന്‍, ടി.എച്ച് മൂസ്തഫ, കെ.പി വിശ്വനാഥന്‍ എന്നിവരടക്കം ഒമ്പതു പേര്‍ അനാരോഗ്യം മൂലം വോട്ട് ചെയ്യാനെത്തിയില്ല.
ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് നൂറ് ശതമാനമാണ് പോളിങ്. ഡല്‍ഹിയിലെയും രാജസ്ഥാനിലെയും പിസിസികളില്‍ 90 ശതമാനത്തിലധികമാണ് പോളിങ് രേഖപ്പെടുത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും എഐസിസി ആസ്ഥാനത്താണ് വോട്ട് ചെയ്തത്.
ഭാരത് ജോഡോ യാത്ര നയിക്കുന്ന രാഹുല്‍ ഗാന്ധി കര്‍ണാടക ബല്ലാരിയിലെ സംഗനാക്കല്ലിലെ കേന്ദ്രത്തിലാണ് വോട്ട് ചെയ്തത്. എഐസിസിയിലും പിസിസി കളിലുമായി 67 ഉം ഭാരത് ജോഡോ യാത്രയില്‍ ഒരു ബൂത്തുമുള്‍പ്പെടെ 68 ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ശശി തരുര്‍ തിരുവനന്തപുരത്തും മല്ലികാര്‍ജുന്‍ ഗാര്‍ഖെ ബംഗളുരുവിലുമാണ് വോട്ട് ചെയ്തത്.
വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള ബാലറ്റുകള്‍ നാളെ ഡല്‍ഹിയിലെത്തിക്കും. ബുധനാഴ്ചയാണ് വോട്ടെണ്ണല്‍.കോണ്‍ഗ്രസിന്റെ 137 വര്‍ഷത്തെ ചരിത്രത്തില്‍ ഇത് ആറാം തവണയാണ് അധ്യക്ഷ പദത്തിലേക്ക് മത്സരം നടക്കുന്നത്. 24 കൊല്ലത്തിനിടെ ഇതാദ്യമായാണ് ഗാന്ധി കുടുംബത്തിനു പുറത്തു നിന്നൊരാള്‍ കോണ്‍ഗ്രസ് അധ്യക്ഷ പദത്തിലേക്ക് എത്തുന്നത്.
പാര്‍ട്ടിയുടെ നന്മയ്ക്ക് വേണ്ടിയാണ് മത്സരിക്കുന്നതെന്ന ശശി തരൂര്‍ വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ഈ തെരഞ്ഞെടുപ്പ് പാര്‍ട്ടിക്ക് ഗുണം ചെയ്യും. അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഗാന്ധി കുടുംബം നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
2024 ലെ പൊതു തെരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാന്‍ പാര്‍ട്ടിക്ക് വലിയ ഊര്‍ജ്ജം ആവശ്യമുണ്ട്. അതിനുള്ള പുനരുജ്ജീവനത്തിനാണ് താന്‍ ശ്രമിച്ചത്. തന്റെ സന്ദേശം ജനങ്ങള്‍ കേട്ടിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്. ഇത് പാര്‍ട്ടി പ്രവര്‍ത്തകര്‍ കേട്ടിട്ടുണ്ടെങ്കില്‍ ഇന്നത്തെ വോട്ടിങിലും കാണും.
തന്റെ സ്ഥാനത്തിന് വേണ്ടിയല്ല മത്സരിക്കുനന്ത്. രാജ്യത്തിന് ശക്തമായ കോണ്‍ഗ്രസിനെ ആവശ്യമുണ്ടെന്ന് ബോധ്യപ്പെടുത്താനാണ് ശ്രമമെന്നും തരൂര്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.