വിജയവാഡ: ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് രാജയെ മാറ്റണമെന്ന ആവശ്യം സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉയരുകയും നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശമുണ്ടാവുകയും ചെയ്‌തെങ്കിലും പാര്‍ട്ടിയെ നയിക്കാന്‍ ഡി. രാജ തന്നെ മതിയെന്ന അഭിപ്രായത്തിന് മുന്‍തൂക്കം. അങ്ങനെ രണ്ടാം തവണയും ഡി. രാജയെന്ന ദളിത് നേതാവ് സി.പി.ഐ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
നേതൃമാറ്റം വേണമെന്ന സജീവ ചര്‍ച്ച കേരള ഘടകം പാര്‍ട്ടി കോണ്‍ഗ്രസില്‍ കൊണ്ടു വന്നിരുന്നു. കൊല്ലത്തു നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സുധാകര്‍ റെഡ്ഡിക്ക് പകരക്കാരനായാണ് 2019 ല്‍ ഡി. രാജ എത്തിയത്. ഈ സാഹചര്യത്തില്‍ തിരഞ്ഞെടുക്കപ്പെട്ട സെക്രട്ടറിയായി രാജ തുടരട്ടെ എന്ന സമവായത്തിലേക്ക് പാര്‍ട്ടി എത്തുകയായിരുന്നു.
യുദ്ധം തോല്‍ക്കുമ്പോള്‍ സേനാ നായകന്‍ മാറുന്നതാണ് പതിവെന്ന് രാജക്കെതിരെ കേരള ഘടകത്തിന്റെ ഭാഗത്തുനിന്ന് വിമര്‍ശനമുണ്ടായിരുന്നു. എ.ഐ.ടി.യു.സി ജനറല്‍ സെക്രട്ടറി അമര്‍ജിത് കൗര്‍ മത്സരിക്കാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അവരെ അനുനയിപ്പിച്ചാണ് രാജയ്ക്ക് രണ്ടാമൂഴം നല്‍കാന്‍ പാര്‍ട്ടി തീരുമാനിച്ചത്.
സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബുവും കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗം പി. സന്തോഷ് കുമാറും ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.
പുതിയ നേതൃത്വം പാര്‍ട്ടിയെ ശക്തമായി മുന്നോട്ട് നയിക്കുമെന്ന് ഡി. രാജ പറഞ്ഞു. വലിയ ഉത്തരവാദിത്വമാണ് തനിക്ക് ലഭിച്ചിരിക്കുന്നത്. പ്രതീക്ഷക്കൊത്ത് താനും നേതൃത്വവും പ്രവര്‍ത്തിക്കുമെന്നും പാര്‍ട്ടിക്ക് നന്ദിയെന്നും രാജ പ്രതികരിച്ചു
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.