കേരളത്തില്‍ പേവിഷബാധ മരണം: വാക്‌സിന്‍ പിഴവല്ലെന്ന് കേന്ദ്ര വിദഗ്ധ സംഘം

കേരളത്തില്‍ പേവിഷബാധ മരണം: വാക്‌സിന്‍ പിഴവല്ലെന്ന് കേന്ദ്ര വിദഗ്ധ സംഘം

ന്യൂഡല്‍ഹി: സംസ്ഥാനത്ത് പേവിഷ ബാധയേറ്റുണ്ടായ മരണങ്ങള്‍ക്ക് കാരണം വാക്‌സിന്‍ പിഴവല്ലെന്ന് കേന്ദ്രസംഘം. മറിച്ച് നായയുടെ കടിയേറ്റാല്‍ സ്വീകരിക്കേണ്ട മുന്‍ കരുതലുകളെക്കുറിച്ചുള്ള അവബോധത്തിന്റെ അപര്യാപ്തതയാണെന്നും സംഘം പറയുന്നു.

കേന്ദ്ര ആരോഗ്യമന്ത്രാലയം നിയോഗിച്ച വിദഗ്ധസമിതി സംസ്ഥാനം സന്ദര്‍ശിച്ച് നടത്തിയ പഠനറിപ്പോര്‍ട്ടിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. റിപ്പോര്‍ട്ട് വിദഗ്ധ സമിതി കേന്ദ്രസർക്കാർ ആരോഗ്യമന്ത്രാലത്തിന് നൽകി.

മൃഗങ്ങളുടെ കടിയേറ്റാല്‍ ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങളെക്കുറിച്ച് കേരളത്തിലെ പൊതുസമൂഹത്തില്‍ അവബോധം കുറവാണ്. ഇതാണ് മരണകാരണമായി കേന്ദ്രസംഘം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. പേവിഷ പ്രതിരോധ വാക്‌സിന്‍ നൂറുശതമാനം ഫലപ്രദമാണെന്ന് കേന്ദ്രസംഘം റിപ്പോര്‍ട്ടില്‍ പറയുന്നു. കൃത്യസമയത്ത് ഇടപെട്ടിരുന്നെങ്കില്‍ ഭൂരിഭാഗം മരണങ്ങളും തടയാമായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

വാക്‌സിന്‍ എടുത്തിട്ടും നായയുടെ കടിയേറ്റവര്‍ മരണപ്പെട്ടത് വാക്‌സിന്റെ ഗുണനിലവാര കുറവാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രം സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലെ വിദഗ്ധരെ നിയമിച്ചത്. കേരളത്തില്‍ ഈ വര്‍ഷം പേവിഷ ബാധയേറ്റുണ്ടായ 21 മരണങ്ങളുടെ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

നായയുടെ കടിയേറ്റ ആറ് പേര്‍ വാക്‌സിന്‍ എടുത്തിട്ടും മരിച്ച സാഹചര്യത്തില്‍ മരുന്നിന്റെ ഫലപ്രാപ്തിയില്‍ അന്വേഷണമാവശ്യപ്പെട്ട് സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കേന്ദ്രത്തിന് കത്തയച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.