നടന്‍ ജയസൂര്യയുടെ കായല്‍ കയ്യേറ്റം; വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു

നടന്‍ ജയസൂര്യയുടെ കായല്‍ കയ്യേറ്റം; വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി; നടൻ ജയസൂര്യ കായൽ കയ്യേറി മതിൽ നിർമിച്ചെന്ന കേസിൽ വിജിലൻസ് കുറ്റപത്രം സമർപ്പിച്ചു.  മൂവാറ്റുപുഴ വിജിലൻസ് കോടതി എഫ്ഐആർ റജിസ്റ്റർ ചെയ്തെങ്കിലും ആറു വർഷമായിട്ടും കുറ്റപത്രം സമർപ്പിച്ചിരുന്നില്ല. ഹർജിക്കാരനായ ഗിരീഷ് ബാബു കോടതിയിൽ വീണ്ടും ഹർജി ഫയൽ ചെയ്തതോടെയാണു വിജിലൻസ് അന്വേഷണ സംഘം ഇന്നലെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. 

കടവന്ത്ര ഭാഗത്തെ വീടിനു സമീപമുള്ള ചിലവന്നൂർ കായൽ കയ്യേറി എന്നാണ് കേസ്. വീടിനു സമീപമായി താരം ബോട്ടു ജെട്ടിയും ചുറ്റുമതിലും നിർമിച്ചിരുന്നു. ചിലവന്നൂർ കായൽ പുറമ്പോക്കു കയ്യേറി നിർമിച്ചതെന്നാണ് ആരോപണം. കണയന്നൂർ താലൂക്ക് സർവേയർ ആണ് ഇതു കണ്ടെത്തിയത്. കോർപറേഷൻ സെക്രട്ടറി തൃശൂർ വിജിലൻസ് കോടതിക്ക് ഇതുസംബന്ധിച്ച് റിപ്പോർട്ട് നൽകിയിരുന്നു.


തീരദേശ പരിപാലന സംരക്ഷണ നിയമവും മുനിസിപ്പൽ കെട്ടിട നിർമാണ ചട്ടവും ലംഘിച്ചു കായലിനു സമീപം ജയസൂര്യ അനധികൃതമായി ബോട്ടു ജെട്ടിയും ചുറ്റുമതിലും നിർമിച്ചതിനു കോർപറേഷൻ അധികൃതർ ഒത്താശ ചെയ്തെന്നായിരുന്നു പരാതി. ജയസൂര്യയും കൊച്ചി കോർപറേഷൻ ഉദ്യോഗസ്ഥരായിരുന്നവരും ഉൾപ്പെടെ 4 പേർക്കെതിരെയാണു കുറ്റപത്രം.

2013ൽ നൽകിയ പരാതിയെത്തുടർന്ന് അനധികൃത നിർമാണം 14 ദിവസത്തിനകം പൊളിച്ചുനീക്കാൻ ജയസൂര്യക്കു കൊച്ചി കോർപറേഷൻ 2014ൽ നോട്ടിസ് നൽകിയിരുന്നു. കയ്യേറ്റം അളക്കാൻ കണയന്നൂർ താലൂക്ക് സർവേയറെ ചുമതലപ്പെടുത്തിയിരുന്നെങ്കിലും ഉത്തരവുകളൊന്നും നടപ്പായില്ല. ഇതോടെയാണ് കേസ് കോടതിയിലെത്തിയത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.