മല്ലികാര്‍ജുന ഖാര്‍ഗെ കോണ്‍ഗ്രസ് അധ്യക്ഷന്‍; ആയിരത്തിലധികം വോട്ടുകള്‍ നേടി ശക്തി തെളിയിച്ച് ശശി തരൂര്‍

മല്ലികാര്‍ജുന ഖാര്‍ഗെ കോണ്‍ഗ്രസ് അധ്യക്ഷന്‍; ആയിരത്തിലധികം വോട്ടുകള്‍ നേടി ശക്തി തെളിയിച്ച് ശശി തരൂര്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെയ്ക്ക് വന്‍ വിജയം.

അവസാനം ലഭ്യമായ വിവരമനുസരിച്ച് ഖാര്‍ഗെയ്ക്ക് 7897 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥിയും മലയാളിയുമായ ശശി തരൂര്‍ 1072 വോട്ടുകള്‍ നേടി ശക്തി തെളിയിച്ചു. ആകെ പോള്‍ ചെയ്ത 9,391 വോട്ടുകളില്‍ 416 വോട്ടുകള്‍ അസാധുവായി.

കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ദക്ഷിണേന്ത്യയില്‍ നിന്നുള്ള പത്താമത്തെ പ്രസിഡന്റാണ് ദളിത് നേതാവായ മല്ലികാര്‍ജുന ഖാര്‍ഗെ. ദക്ഷിണേന്ത്യന്‍ നേതാക്കള്‍ തമ്മിലുണ്ടായ പോരാട്ടം എന്ന പ്രത്യേകതയും ഈ തിരഞ്ഞെടുപ്പിനുണ്ട്. കഴിഞ്ഞ 24 വര്‍ഷത്തിനിടെ ആദ്യമായി ഗാന്ധി കുടുംബാഗമല്ലാത്ത പ്രസിഡന്റ് എന്ന വിശേഷണവും ഖാര്‍ഗെയ്ക്ക് സ്വന്തം. സീതാറാം കേസരിയായിരുന്നു ഇതിന് മുമ്പ് ഗാന്ധി കുടുംബത്തിന് പുറത്തു നിന്നുള്ള പ്രസിഡന്റ്.

ഏറ്റവും കൂടുതല്‍ കാലം കോണ്‍ഗ്രസ് അധ്യക്ഷയായി പ്രവര്‍ത്തിച്ച വ്യക്തിയാണ് സോണിയ ഗാന്ധി. രണ്ട് പതിറ്റാണ്ടുകള്‍ സോണിയ അധ്യക്ഷയായി കോണ്‍ഗ്രസിനെ നയിച്ചു. 1992നും 1998നും ഇടയില്‍ പി.വി നരസിംഹറാവുവും സീതാറാം കേസരിയും പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനം വഹിച്ച കാലയളവ് ഒഴികെ 1978 മുതല്‍ നെഹ്റു-ഗാന്ധി കുടുംബമാണ് പാര്‍ട്ടിയുടെ നേതൃസ്ഥാനത്തുണ്ടായിരുന്നത്.

കോണ്‍ഗ്രസ് സംഘടനാ തലത്തില്‍ ആദ്യ തിരഞ്ഞെടുപ്പ് നടന്നത് 1939 ലാണ്. നേതാജി സുഭാഷ് ചന്ദ്രബോസാണ് അന്ന് കോണ്‍ഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്. ആ തിരഞ്ഞെടുപ്പും തിങ്കളാഴ്ച നടന്ന തിരഞ്ഞെടുപ്പുമുള്‍പ്പെടെ 137 വര്‍ഷത്തെ ചരിത്രത്തില്‍ ആറ് അധ്യക്ഷ തിരഞ്ഞെടുപ്പുകള്‍ മാത്രമേ പാര്‍ട്ടി കണ്ടിട്ടുള്ളു.

സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവരില്‍ ആരും മത്സരിക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.