സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് വിശ്വസിക്കുന്നുവെന്ന് ദയാബായി; നിരാഹാര സമരം താല്‍കാലികമായി അവസാനിപ്പിച്ചു

സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് വിശ്വസിക്കുന്നുവെന്ന് ദയാബായി; നിരാഹാര സമരം താല്‍കാലികമായി അവസാനിപ്പിച്ചു

തിരുവനന്തപുരം: കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി പ്രശസ്ത സാമൂഹിക പ്രവര്‍ത്തക ദയാബായി നടത്തി വന്ന നിരാഹാര സമരം താല്‍കാലികമായി അവസാനിപ്പിച്ചു. നിലവില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കുമെന്ന വിശ്വാസത്തിലാണ് സമരം അവസാനിപ്പിക്കുന്നതെന്ന് ദയാബായി പറഞ്ഞു.

മന്ത്രിമാരായ വീണാ ജോര്‍ജും ആര്‍. ബിന്ദുവും ജനറല്‍ ആശുപത്രിയിലെത്തി ദയാബായിയെ കണ്ടു. മന്ത്രിമാര്‍ ചേര്‍ന്ന് വെള്ളം നല്‍കിയാണ് സമരം അവസാനിപ്പിച്ചത്. ദയാബായിയുടെ സമരം അവസാനിച്ചതായി പിന്നീട് മന്ത്രിമാര്‍ പ്രതികരിച്ചു. സമരസമിതി മുന്നോട്ടുവച്ച ആവശ്യങ്ങള്‍ അംഗീകരിച്ചതായും ഇരുവരും വ്യക്തമാക്കി. അതേസമയം എയിംസ് അടക്കമുള്ള വിഷയങ്ങളില്‍ തീരുമാനമാകേണ്ടതുണ്ടെന്ന് ദയാബായി പറഞ്ഞു.

സമരത്തിന്റെ ആവശ്യങ്ങള്‍ നമുക്കൊന്നിച്ച് നേടിയെടുക്കാമെന്ന് വീണാ ജോര്‍ജ് ദയാബായിയെ അറിയിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോടും അവരുടെ കുടുംബങ്ങളോടും അനുഭാവപൂര്‍വമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നതെന്നും അവര്‍ പറഞ്ഞു. എപ്പോള്‍ വേണമെങ്കിലും ബന്ധപ്പെടാമെന്നും എല്ലാ പിന്തുണയും ഉണ്ടാകുമെന്നും ആര്‍. ബിന്ദു വ്യക്തമാക്കി.

വിഷയവുമായി ബന്ധപ്പെട്ട് വ്യക്തമായ ചര്‍ച്ചകളാണ് നടത്തിയതെന്ന് വീണാ ജോര്‍ജ് പറഞ്ഞു. ഇത് രേഖാമൂലം നല്‍കിയിട്ടുണ്ട്. ഇതില്‍ ചില അവ്യക്തതകള്‍ ഉണ്ടെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ സമരസമിതിയുമായും ദയാബായിയുമായും ആശയ വിനിമയം നടത്തിയെന്നും ചര്‍ച്ച ചെയ്ത കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ പതിനേഴ് ദിവസമായി സെക്രട്ടറിയേറ്റ് നടയില്‍ സമരം നടത്തിവരികയായിരുന്നു ദയാബായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.