അന്ത്യശാസനം തള്ളിയ വി.സിക്ക് ഗവര്‍ണറുടെ മറുപടി; പതിനഞ്ച് സെനറ്റ് അംഗങ്ങളെ പുറത്താക്കി രാജ്ഭവന്‍ വിജ്ഞാപനമിറക്കി

അന്ത്യശാസനം തള്ളിയ വി.സിക്ക് ഗവര്‍ണറുടെ മറുപടി; പതിനഞ്ച് സെനറ്റ് അംഗങ്ങളെ പുറത്താക്കി രാജ്ഭവന്‍ വിജ്ഞാപനമിറക്കി

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നേരിട്ട് ഉത്തരവിറക്കി.

സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച് ഇന്ന് ഉത്തരവ് ഇറക്കണമെന്ന് ഗവര്‍ണര്‍ കേരള സര്‍വകലാശാല വി.സിക്ക് അന്ത്യശാസനം നല്‍കിയിരുന്നു. ഇത് വി.സി തള്ളിയതിന് പിന്നാലെയാണ് ഗവര്‍ണറുടെ അസാധാരണ നടപടി. ഗസറ്റ് വിജ്ഞാപനം ഇറക്കിയ രാജ്ഭവന്‍ ഇക്കാര്യം വൈസ് ചാന്‍സലറെയും 91 സെനറ്റ് അംഗങ്ങളെയും അറിയിച്ചിട്ടുണ്ട്.

സെനറ്റ് യോഗത്തില്‍ ക്വോറം തികയ്ക്കാതെ തന്നെ കബളിപ്പിച്ച 15 സെനറ്റംഗങ്ങളെയും പുറത്താക്കിയ ഉത്തരവ് ഇന്ന് തന്നെ നടപ്പാക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വി.സി ഡോ. വി.പി മഹാദേവന്‍ പിള്ളയ്ക്ക് അന്ത്യശാസനം നല്‍കിയിരുന്നു. സര്‍വകലാശാലയുടെ ഭരണത്തലവന്‍ താനാണെന്നും തന്റെ ഉത്തരവ് ഉടന്‍ നടപ്പാക്കിയിരിക്കണമെന്നുമാണ് ഗവര്‍ണര്‍ വി.സിക്ക് നല്‍കിയ അന്ത്യശാസനത്തില്‍ വ്യക്തമാക്കിയിരുന്നത്.

പതിനഞ്ച് സെനറ്റ് അംഗങ്ങളെ ഉടനടി പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ചയാണ് ഗവര്‍ണര്‍ വി.സിക്ക് കത്ത് നല്‍കിയത്. എന്നാല്‍ ശിക്ഷാനടപടി വിജ്ഞാപനം ചെയ്തിരുന്നില്ല. ഇതിനിടെ വി.സി ഉത്തരവ് നടപ്പാക്കാതെ ശബരിമലയ്ക്കു പോയി. ഇതോടെയാണ് അസാധാരണ നടപടിയുമായി ഗവര്‍ണര്‍ രംഗത്തെത്തിയത്.

പുറത്താക്കല്‍ നിയമ വിരുദ്ധമെങ്കില്‍ അവര്‍ കോടതിയെ സമീപിക്കട്ടെ എന്നാണ് ഗവര്‍ണറുടെ നിലപാട്. കോടതി നിര്‍ദ്ദേശ പ്രകാരം പ്രവര്‍ത്തിക്കാന്‍ താന്‍ ബാധ്യസ്ഥനാണ്. എക്‌സ് ഒഫിഷ്യോ അംഗങ്ങളായ വകുപ്പു മേധാവികളെ പി. സദാശിവം ഗവര്‍ണറായിരിക്കെ നാമനിര്‍ദ്ദേശം ചെയ്തതാണ്. ഇവരെ മാറ്റി പുതിയ മേധാവികളെ നിയോഗിക്കാന്‍ തനിക്ക് അധികാരമുണ്ടെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.