സ്വന്തം നാട്ടില്‍ തിരസ്‌കൃതനായ തരൂര്‍; വിശ്വ പൗരന്റെ വിജയത്തില്‍ വിറളിപൂണ്ട് കേരളത്തിലെ നേതാക്കന്‍മാര്‍

സ്വന്തം നാട്ടില്‍ തിരസ്‌കൃതനായ തരൂര്‍; വിശ്വ പൗരന്റെ വിജയത്തില്‍ വിറളിപൂണ്ട് കേരളത്തിലെ നേതാക്കന്‍മാര്‍

തിരുവനന്തപുരം: 'പാരമ്പര്യമില്ല, എഴുത്തല്ല രാഷ്ട്രീയം, ട്രെയിനി'... മാറ്റം പറഞ്ഞ് രാജ്യത്തെ ഇളക്കി മറിച്ചുള്ള പ്രചാരണത്തില്‍ തരൂരിന് ഏറ്റവുമധികം കല്ലേറ് കൊണ്ടത് സ്വന്തം നാട്ടില്‍ നിന്ന്. ഒളിഞ്ഞും തെളിഞ്ഞും കുറ്റപ്പെടുത്തിയ മുതിര്‍ന്ന നേതാക്കളുടെ കണക്കില്‍ തരൂരിനാകെ ഇട്ടത് 300 വോട്ട്. 

പക്ഷേ വോട്ടെണ്ണലിന് ഒടുവില്‍ തരൂരിന്റെ പോക്കറ്റിലെത്തിയത് 1072 വോട്ട്. ചെറിയ വോട്ട് കിട്ടി തരൂര്‍ ഒതുങ്ങിപ്പോകുമെന്ന് കരുതിയ നേതാക്കള്‍ക്കുള്ളത് നിരാശ മാത്രമല്ല പേടിയും. ആയിരവും കടന്നുള്ള മുന്നേറ്റത്തില്‍ കേരളത്തില്‍ നിന്ന് നല്ലൊരു പങ്കുണ്ടെന്ന യാഥാർഥ്യം സീനിയേഴ്‌സിന് അംഗീകരിക്കാനാകുന്നില്ല.

കോണ്‍ഗ്രസ്സ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ജയിച്ചെങ്കിലും തല ഉയര്‍ത്തി നിന്ന് തന്റെ പരാജയത്തിലും വിജയം ആഘോഷിക്കുന്ന ശശി തരൂരിന്റെ ജനപ്രീതി ദേശീയ തലത്തോളം ഉയരുന്നതില്‍ പല നേതാക്കളും അസ്വസ്ഥത പ്രകടിപ്പിച്ച് തുടങ്ങി. 1000 വോട്ടുകള്‍ നേടിയതിനെ വലിയ കാര്യമായി വാഴ്ത്തിപാടണ്ട കാര്യമില്ലെന്ന കൊടിക്കുന്നിൽ സുരേഷിന്റെ പ്രതികരണവും രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വെല്ലുവിളികളും പലരുടെയും അസ്വസ്ഥതകളുടെ ഏതാനും ഉദാഹരണങ്ങള്‍ മാത്രം. 

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും ശശി തരൂര്‍ ഉണ്ടാക്കിയ മുന്നേറ്റം ഖര്‍ഗെയെ കൂട്ടത്തോടെ പിന്തുണച്ച സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഉണ്ടാക്കിയത് വലിയ അമ്പരപ്പാണ്. കേരളത്തില്‍ നിന്നും 130 ല്‍ ഏറെ വോട്ട് കിട്ടിയെന്നാണ് തരൂര്‍ പക്ഷത്തിന്റെ കണക്ക്. തരൂരിന്റെ വര്‍ദ്ധിച്ച സ്വീകാര്യതയിലും ഇനിയുള്ള പദവികളിലും കേരള നേതാക്കള്‍ക്കുള്ള ആശങ്ക ചെറുതല്ല.

ഒറ്റയ്ക്ക് പൊരുതി ശക്തി കാണിച്ച തരൂരിന് ഹൈക്കമാന്‍ഡ് കൈ കൊടുക്കുമ്പോള്‍ ഡൽഹിയിൽ മാത്രമല്ല ഷോക്ക് തിരുവനന്തപുരത്തുമുണ്ട്. ആന്റണി കേരളത്തിലേക്ക് മടങ്ങിയതോടെ ഡൽഹിയിലെ കരുത്തനായ മലയാളി കെ.സി.വേണുഗോപാലും ഡൽഹി സ്വപ്നം കാണുന്ന പല നേതാക്കള്‍ക്കും തരൂരിന്റെ വളർച്ച ആശങ്കയുണ്ടാക്കുന്നുണ്ടാകാം.

ഡൽഹിയിൽ മാത്രമല്ല ഗ്രൂപ്പുകള്‍ നയിക്കുന്ന കേരളത്തിലെ പാര്‍ട്ടിയിലും തരൂരിന്റെ സ്വീകാര്യത വാനോളം ഉയര്‍ന്നു. ദേശീയ നേതാവായി മാറിയ തിരുവനന്തപുരം എംപി ഇനി കൈ ഞൊടിച്ചാല്‍ ഗ്രൂപ്പ് മാനേജര്‍മാരെ വിടാന്‍ പോലും നേതാക്കാള്‍ക്ക് മടി കാണില്ല. കേരളത്തിലെ മുഖ്യമന്ത്രി പദം വരെ സ്വപ്നത്തിലുണ്ടെന്ന തരൂരിന്റെ പഴയ വാക്കുകള്‍ പലരുടെയും ഉറക്കം കെടുത്തുന്നത് അതുകൊണ്ടൊക്കെ തന്നെയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.