ലാവലിന്‍, സ്വര്‍ണക്കടത്ത് കേസുകള്‍ ഇന്ന് സുപ്രീം കോടതിയില്‍; പിണറായിക്കും സര്‍ക്കാരിനും നിര്‍ണായകം

ലാവലിന്‍, സ്വര്‍ണക്കടത്ത് കേസുകള്‍ ഇന്ന് സുപ്രീം കോടതിയില്‍; പിണറായിക്കും സര്‍ക്കാരിനും നിര്‍ണായകം

ന്യൂഡൽഹി: സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും സുപ്രീംകോടതിയിൽ ഇന്ന് അഗ്നി പരീക്ഷയാണ്. മുപ്പത്തിലേറെ തവണ മാറ്റിവച്ച എസ്.എൻ.സി ലാവലിൻ കേസും സ്വർണ്ണക്കടത്ത് കേസിന്റെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയും ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു.യു. ലളിത്, ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.

ലാവലിനിൽ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരായ സിബിഐയുടെ അപ്പീലും ഹൈക്കോടതി വിചാരണ നേരിടണമെന്ന് പറഞ്ഞ മൂന്ന് പ്രതികളുടെ ഹര്‍ജിയുമാണ് പരിഗണനയില്‍ ഉള്ളത്. ചീഫ് ജസ്റ്റിസ് പരിഗണിക്കുന്ന എട്ടാമത്തെ കേസായാണ് ലാവലിന്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇഡിയുടെ ഹർജി മുപ്പതാമത്തെ കേസും. ഇരു കേസുകളിലും കോടതിയുടെ തീരുമാനം കേരളത്തിൽ സൃഷ്ടിക്കുന്നത് വലിയ ചലനങ്ങളാകും.

സെപ്റ്റംബർ പതിമൂന്നിന് ലാവലിൻ കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുമെന്നായിരുന്നു ചീഫ് ജസ്റ്റിസ് ലളിത് വ്യക്തമാക്കിയത്. എന്നാൽ ലളിത് ഭരണഘടനാ ബെഞ്ചിന്റെ ഭാഗമായിരുന്നതിനാൽ ഹർജികൾ പരിഗണിച്ചിരുന്നില്ല. നിരവധി തവണ മാറ്റിവെച്ച സാഹചര്യത്തിൽ ഇന്ന് വിശദമായ വാദം കേൾക്കാനാണ് സാധ്യത. 

സ്വർണ്ണക്കടത്തിൽ നേരത്ത ഇഡിയുടെ ഹർജിയിൽ സംസ്ഥാനസർക്കാരും ശിവശങ്കറും സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. വിചാരണ അട്ടിമറിയ്ക്കുമെന്നത് ഇഡിയുടെ സാങ്കൽപിക ആശങ്കയാണെന്നായിരുന്നു കേരളം വ്യക്തമാക്കിയത്. എന്നാൽ ഇഡി കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയചട്ടുകമായെന്നായിരുന്നു ശിവശങ്കറിന്റെ വാദം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.