കുട്ടികള്‍ക്കായി തിയറ്റർ ഷോയും വിദ്യാഭ്യാസ പ്രവർത്തനങ്ങളും, കൗതുകമാകും ഷാ‍ർജ പുസ്തകമേള

കുട്ടികള്‍ക്കായി തിയറ്റർ ഷോയും വിദ്യാഭ്യാസ പ്രവർത്തനങ്ങളും, കൗതുകമാകും  ഷാ‍ർജ പുസ്തകമേള

ഷാ‍ർജ : അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ഇത്തവണ കുട്ടികള്‍ക്കായി തിയറ്റർ ഷോ അടക്കമുളള പ്രവർത്തനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ഷാ‍ർജ ബുക്ക് അതോറിറ്റി. 623 വ്യത്യസ്ത പരിപാടികളാണ് കുട്ടികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. 14 രാജ്യങ്ങളില്‍ നിന്നുളള 45 പ്രൊഫഷണലുകളുടെയും വിദഗ്ധരുടേയും നേതൃത്വത്തിലാണ് തിയറ്റർ ഷോകളും പ്രദർശനങ്ങളും വിദ്യാഭ്യാസ പ്രവർത്തനങ്ങളും ഒരുക്കുന്നത്.

നവംബർ 2 മുതല്‍ 13 വരെ ഷാർജ എക്സ്പോ സെന്‍ററിലാണ് പുസ്തകോത്സവം നടക്കുന്നത്. വാക്കുകള്‍ പ്രചരിക്കട്ടെയെന്ന ആപ്തവാക്യത്തിലൊരുങ്ങുന്ന പുസ്തകോത്സവത്തില്‍ എട്ട് രാജ്യങ്ങളില്‍ നിന്നുളള 22 കലാകാരന്മാർ നയിക്കുന്ന 123 തിയറ്റർ കലാ പ്രദർശനങ്ങളും ഉണ്ടാകും.

വീഡിയോ ഗെയിമുകളോടുള്ള കുട്ടികളുടെ ആസക്തിയുടെ ആഘാതം പ്രമേയമാക്കിയൊരുക്കുന്ന നാടകമാണ് ടോയ് ടെയ്ല്‍. ഉപേക്ഷിക്കപ്പെട്ട കളിപ്പാട്ടക്കടയിലാണ് സംഭവങ്ങള്‍ അരങ്ങേറുന്നത്. പിനാച്ചിയോ ഓണ്‍ ഐസ് പറയുന്നത് ഒരു യക്ഷിയുടെ വടിയുടെ സ്പർശനത്താൽ ആൺകുട്ടിയായി മാറുന്ന, നുണ പറയുമ്പോൾ മൂക്ക് വളരുന്ന പിനോച്ചിയോ എന്ന തടി പാവയുടെ സാഹസികതയാണ്. വെളിച്ചത്തിന്‍റെയും നിറത്തിന്‍റേയും ചലിക്കുന്ന പ്രദർശനമാണ് ലിവിംഗ് ലാമ്പ് പോസ്റ്റ്. ചിത്രങ്ങളിലൂടെ സന്ദർശകരെ അത്ഭുതപ്പെടുത്തും സ്പീഡ് പെയിന്‍റർ. അത്ഭുതകരമായ ശാസ്ത്ര പരീക്ഷണങ്ങളിലൂടെ പ്ലാസ്റ്റിക് റീസൈക്കിളിംഗിന്‍റെ രഹസ്യങ്ങളെത്തിക്കുകയാണ് സയന്‍സാ ഡെല്ലാ പ്ലാസ്റ്റിക്ക.

കൂടാതെ 12 ദിവസത്തെ സാംസ്കാരിക പരിപാടി യുവതലമുറയ്ക്ക് അനുഭവവും അറിവും നല്‍കും. വിവിധ പ്രായത്തിലുള്ള കുട്ടികളെ ലക്ഷ്യമിട്ട് ഓരോ ദിവസവും വൈവിധ്യമാർന്ന പ്രവർത്തനങ്ങളും ശിൽപശാലകളും സംഘടിപ്പിക്കും. കല, ശാസ്ത്രം,സർഗ്ഗാത്മക വിഷയങ്ങളില്‍ ശില്‍പശാലകളും സംഘടിപ്പിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.