'മനുഷ്യ ജീവന്‍ വിലപ്പെട്ടത്': ഓണ്‍ലൈന്‍ ചൂതാട്ട നിരോധന ബില്‍ തമിഴ്‌നാട് നിയമസഭ പാസാക്കി

 'മനുഷ്യ ജീവന്‍ വിലപ്പെട്ടത്': ഓണ്‍ലൈന്‍ ചൂതാട്ട നിരോധന ബില്‍ തമിഴ്‌നാട് നിയമസഭ പാസാക്കി

ചെന്നൈ: ഓണ്‍ലൈന്‍ ചൂതാട്ട നിരോധന ബില്‍ തമിഴ്‌നാട് നിയമസഭ പാസാക്കി. ബില്‍ നിയമമാകുന്നതോടെ ചൂതാട്ട സ്വഭാവമുള്ള എല്ലാ ഓണ്‍ലൈന്‍ ഗെയിമുകളും നിയമ വിരുദ്ധമാകും. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 26ന് മന്ത്രിസഭ പാസാക്കി ഒക്ടോബര്‍ ഒന്നിന് ഗവര്‍ണര്‍ ഒപ്പുവെച്ച ഓണ്‍ലൈന്‍ ചൂതാട്ട നിരോധന ഓര്‍ഡിനന്‍സിന് പകരമാണ് പുതിയ നിയമം.

ഓണ്‍ലൈന്‍ റമ്മി അടക്കമുള്ളവയുടെ പരസ്യവും പ്രചാരണവും നിയമ വിരുദ്ധമാകും. ചൂതാട്ടം നടത്തുന്നവര്‍ക്കും കളിക്കുന്നവര്‍ക്കും മൂന്ന് വര്‍ഷം വരെ തടവുശിക്ഷ നിയമം ശുപാര്‍ശ ചെയ്യുന്നു. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇത്തരം ഗെയിമിങ് സൈറ്റുകളിലേക്കും ആപ്പുകളിലേക്കും പണം കൈമാറരുതെന്നും നിയമം വ്യക്തമാക്കുന്നു.

ഓണ്‍ലൈന്‍ റമ്മിയടക്കം ചൂതാട്ട ഗെയിമുകള്‍ക്ക് അടിമകളായി ചെറുപ്പക്കാരും വിദ്യാര്‍ത്ഥികളുമടക്കം ഇരുപതിലേറെപ്പേര്‍ തമിഴ്‌നാട്ടില്‍ ജീവനൊടുക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് എം.കെ സ്റ്റാലിന്‍ നയിക്കുന്ന ഡിഎംകെ സര്‍ക്കാര്‍ ഓണ്‍ലൈന്‍ ചൂതാട്ട ഓഡിനന്‍സിനെപ്പറ്റി ആലോചിച്ചത്. തുടര്‍ന്ന് നിരോധനം ശക്തമായി നടപ്പിലാക്കുന്നതിനായി നിയമ നിര്‍മ്മാണത്തെപ്പറ്റിയും ആലോചിക്കുകയായിരുന്നു.

അതേസമയം ഓണ്‍ലൈന്‍ ഗെയിംമിങ് നിക്ഷേപകരുടെ സംഘടനയായ ഇ-ഗെയിമിങ് ഫെഡറേഷന്‍ നിയമത്തെ കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് അറിയിച്ചു. കഴിവും പ്രാഗത്ഭ്യവും മാനദണ്ഡമായ ഓണ്‍ലൈന്‍ കളികള്‍ ചൂതാട്ടമായി കണക്കാക്കാനാകില്ലെന്നും ഇത് മദ്രാസ് ഹൈക്കോടതി അംഗീകരിച്ചതാണെന്നുമാണ് ഇവരുടെ വാദം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.