കുന്നപ്പിള്ളിക്ക് ആശ്വാസം: മുന്‍കൂര്‍ ജാമ്യം അനുവദിച്ചു; അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ മറ്റന്നാള്‍ ഹാജരാകണം

കുന്നപ്പിള്ളിക്ക് ആശ്വാസം: മുന്‍കൂര്‍ ജാമ്യം അനുവദിച്ചു; അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ മറ്റന്നാള്‍ ഹാജരാകണം

തിരുവനന്തപുരം: യുവതിയുടെ ബലാത്സംഗ പരാതിയില്‍ പ്രതി ചേര്‍ക്കപ്പെട്ട പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ഉപാധികളോടെ എല്‍ദോസിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

മറ്റന്നാള്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു. ബലാത്സംഗം, വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് എല്‍ദോസ് കുന്നപ്പിള്ളിയ്‌ക്കെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്.

വാദി സ്ഥിരം പരാതിക്കാരിയാണെന്നും ഇവര്‍ മറ്റ് പല കേസിലും പ്രതിയാണെന്നും കുന്നപ്പിള്ളിയുടെ അഭിഭാഷകന്‍ വാദിച്ചു. ആദ്യം ദേഹോപദ്രവം എന്നു മാത്രം പരാതിപ്പെട്ട യുവതി പിന്നീട് ബലാത്സംഗം അടക്കമുള്ള പരാതി ഉന്നയിച്ചത് എംഎല്‍എയെ ബ്ലാക്ക് മെയില്‍ ചെയ്യുക എന്ന ഉദ്ദേശത്തോടു കൂടിയാണെന്നും പ്രതിഭാഗം വാദിച്ചു. എന്നാല്‍ കേസ് പിന്‍വലിക്കില്ലെന്നും നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും പരാതിക്കാരി പറഞ്ഞു.

അതിനിടെ കോണ്‍ഗ്രസ് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസില്‍ എല്‍ദോസ് മറുപടി നല്‍കി. താന്‍ നിരപരാധിയെന്നും ബലാത്സംഗക്കേസ് കെട്ടിച്ചമച്ചതാണെന്നുമാണ് കുന്നപ്പിള്ളി കെപിസിസിക്കു വിശദീകരണത്തില്‍ പറയുന്നത്. കേസ് രാഷ്ട്രീയ പ്രേരിതമാണ്.

പാര്‍ട്ടി അച്ചടക്കനടപടി സ്വീകരിക്കും മുന്‍പ് തന്റെ ഭാഗം കൂടി കേള്‍ക്കാന്‍ തയ്യാറാവണമെന്ന് എല്‍ദോസ് കെപിസിസിക്ക് നല്‍കിയ വിശദികരണത്തില്‍ പറയുന്നു. വക്കീല്‍ മുഖേനയൊണ് എല്‍ദോസ് വിശദീകരണം നല്‍കിയത്.

പി.ആര്‍ ഏജന്‍സി ജീവനക്കാരി എന്ന നിലയിലാണ് യുവതിയെ പരിചയപ്പെടുന്നത്. തനിക്കെതിരെ യുവതി നല്‍കിയ ബലാത്സംഗ പരാതി തീര്‍ത്തും വ്യാജമാണ്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും വിശദീകരണത്തില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.