2023 ലെ ലോകകപ്പ് ഇന്ത്യയില്‍ തന്നെ നടക്കും; പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വരാമെന്ന് അനുരാഗ് ഠാക്കൂര്‍

2023 ലെ ലോകകപ്പ് ഇന്ത്യയില്‍ തന്നെ നടക്കും; പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വരാമെന്ന് അനുരാഗ് ഠാക്കൂര്‍

ന്യൂഡല്‍ഹി: 2023 ലെ ഏകദിന ലോകകപ്പ് മത്സരം ഇന്ത്യയില്‍ തന്നെ നടക്കുമെന്നും എല്ലാ വമ്പന്‍ ടീമുകളും പങ്കെടുക്കുമെന്നും കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂര്‍. പാകിസ്ഥാനില്‍ നടക്കുന്ന ഏഷ്യ കപ്പില്‍ ഇന്ത്യ പങ്കെടുക്കില്ലെന്നും വേദി മാറ്റണമെന്നും ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഇന്ത്യ ലോകകപ്പില്‍ പങ്കെടുത്തില്ലെങ്കില്‍ ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ പങ്കെടുക്കില്ലെന്ന് പാകിസ്ഥാനും ഭീഷണി മുഴക്കിയിരുന്നു.

അടുത്ത വര്‍ഷത്തെ ഏകദിന ലോകകപ്പ് ഇന്ത്യയില്‍ തന്നെ നടക്കും. ലോകമെമ്പാടുമുള്ള യോഗ്യത നേടിയ എല്ലാ വമ്പന്‍ ടീമുകളും അതില്‍ പങ്കെടുക്കും. കാരണം ഒരു കായിക ഇനത്തില്‍ നിന്നും ഇന്ത്യയെ അവഗണിക്കാന്‍ കഴിയില്ല. കായിക രംഗത്ത് പ്രത്യേകിച്ച് ക്രിക്കറ്റിന് ഒരുപാട് സംഭാവനകള്‍ നല്‍കിയിട്ടുള്ള രാജ്യമാണ് ഇന്ത്യ. മത്സരം ഗംഭീരമായി ഇന്ത്യയില്‍ സംഘടിപ്പിക്കുമെന്നായിരുന്നു കേന്ദ്രമന്ത്രി പിസിബിയ്ക്ക് മറുപടി നല്‍കിയത്.

പാകിസ്ഥാനില്‍ മത്സരിക്കാന്‍ ഇന്ത്യക്ക് ഒരുപാട് സുരക്ഷാ പ്രശ്‌നങ്ങളുണ്ട്. അക്കാര്യത്തില്‍ ആഭ്യന്തര മന്ത്രാലയം തീരുമാനമെടുക്കും. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ സുരക്ഷയാണ് പരമപ്രധാനം. ഐസിസി ടൂര്‍ണമെന്റുകളില്‍ പാകിസ്ഥാനുമായി കളിക്കുന്നുണ്ട്. എന്നാല്‍ ഉഭയകക്ഷി പരമ്പരകളെക്കുറിച്ചുള്ള രാജ്യത്തിന്റെ നിലപാട് നേരത്തെയുള്ളതു പോലെ ഇപ്പോഴും തുടരുന്നു. തീവ്രവാദത്തിന്റെ നിഴലില്‍ ക്രിക്കറ്റ് കളിക്കാനാവില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ പാകിസ്ഥാനില്‍ പരമ്പര കളിച്ചു. എന്നാല്‍ ഇന്ത്യയുമായി അവയെ താരതമ്യം ചെയ്യാന്‍ കഴിയില്ല. നിലവില്‍ ആരെയും അനുസരിക്കേണ്ട ആവശ്യം ഇന്ത്യയ്ക്കില്ല. ലോകകപ്പിന് എല്ലാ രാജ്യങ്ങളെയും ക്ഷണിക്കും. വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വരാം എന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

മുംബൈയില്‍ നടന്ന ബിസിസിയുടെ 91 -ാം വാര്‍ഷിക യോഗത്തിലാണ് ഏഷ്യകപ്പ് പാകിസ്ഥാനിലാണെങ്കില്‍ ഇന്ത്യ കളിക്കില്ലെന്ന കാര്യം ജായ് ഷാ വ്യക്തമാക്കിയത്. പാകിസ്ഥാനെതിരായ ഉഭയകക്ഷി പരമ്പരകള്‍ക്കും പാകിസ്ഥാനില്‍ പര്യടനം നടത്തുന്നതിനും ബിസിസിഐയ്ക്ക് സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്. ഏഷ്യ കപ്പ് മറ്റൊരു വേദിയിലേക്ക് മാറ്റുന്നത് പരിഗണിക്കുമെന്നും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റ് കൂടിയായ ജയ് ഷാ പറഞ്ഞിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.