യുജിസി മാനദണ്ഡങ്ങള്‍ മറികടന്നു; ഡോ.രാജശ്രീയെ സാങ്കേതിക സര്‍വകലാശാല വി.സിയായി നിയമിച്ചത് സുപ്രീം കോടതി റദ്ദാക്കി

യുജിസി മാനദണ്ഡങ്ങള്‍ മറികടന്നു; ഡോ.രാജശ്രീയെ സാങ്കേതിക സര്‍വകലാശാല വി.സിയായി നിയമിച്ചത് സുപ്രീം കോടതി റദ്ദാക്കി

ന്യൂഡല്‍ഹി: എ.പി.ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ ഡോ. എം.എസ് രാജശ്രീയുടെ നിയമനം സുപ്രീം കോടതി റദ്ദാക്കി. ജസ്റ്റിസുമാരായ എം.ആര്‍. ഷാ, സി.ടി രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് തീരുമാനം.

2019 ഫെബ്രുവരി രണ്ടിനാണ് ഡോ.രാജശ്രീയെ സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറായി നിയമിച്ച് ഗവര്‍ണര്‍ ഉത്തരവ് ഇറക്കിയത്. എന്നാല്‍ ഈ നിയമനം യുജിസി ചട്ടങ്ങള്‍ പ്രകാരം അല്ലെന്ന് ചൂണ്ടിക്കാട്ടി കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ (കുസാറ്റ്) എന്‍ജിനീയറിങ് ഫാക്കല്‍റ്റി മുന്‍ ഡീന്‍ ഡോ. പി. എസ് ശ്രീജിത്ത് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ണായക വിധി.

വൈസ് ചാന്‍സിലറെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ചട്ടങ്ങളില്‍ മൂന്ന് ലംഘനം ഉണ്ടായെന്ന് ഹര്‍ജിക്കാരനായ ശ്രീജിത്തിന്റെ അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടായിരുന്നു വൈസ് ചാന്‍സലര്‍ നിയമത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയുടെ രൂപീകരണം എന്നതാണ് ആദ്യ ആരോപണം.

വിദ്യാഭ്യാസ മേഖലയുമായി ബന്ധമുള്ള പ്രമുഖ വ്യക്തികള്‍ അടങ്ങുന്നതായിരിക്കണം സെര്‍ച്ച് കമ്മിറ്റിയെന്നാണ് യുജിസി ചട്ടം. എന്നാല്‍ ചീഫ് സെക്രട്ടറിയെയാണ് സെര്‍ച്ച് കമ്മിറ്റിയില്‍ അംഗമാക്കിയത്. അദ്ദേഹം വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട പ്രമുഖ വ്യക്തിയല്ലെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ വാദിച്ചു.

യുജിസി ചെര്‍മാന്റെ നോമിനിക്ക് പകരം എഐസിടിഇ നോമിനിയെയാണ് സെര്‍ച്ച് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതെന്നും ഹര്‍ജിക്കാരന്‍ ആരോപണമുന്നയിച്ചു. വൈസ് ചാന്‍സലര്‍ നിയമനത്തിന് പാനല്‍ നല്‍കണമെന്നാണ് ചട്ടത്തിലെ വ്യവസ്ഥ. എന്നാല്‍ ഈ വ്യവസ്ഥ ലംഘിച്ച് ഡോ. രാജശ്രീയുടെ പേര് മാത്രമാണ് ചാന്‍സലറായ ഗവര്‍ണര്‍ക്ക് കൈമാറിയതെന്നും ശ്രീജിത്തിന്റെ അഭിഭാഷകര്‍ ആരോപിച്ചു.

എന്നാല്‍ രാജശ്രീയുടെ നിയമനം 2015 ലെ സാങ്കേതിക സര്‍വകലാശാല നിയമത്തിന്റെ പതിമൂന്നാം വകുപ്പ് പ്രകാരമാള്ള നടപടിക്രമങ്ങള്‍ പാലിച്ചാണെന്ന് സംസ്ഥാന സര്‍ക്കാരിന്റെയും രാജശ്രീയുടെയും അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ വാദിച്ചു. 2013 ലെ യുജിസി ചട്ടങ്ങള്‍ പ്രകാരം സംസ്ഥാന നിയമത്തിന്റെ അടിസ്ഥാനത്തില്‍ നിയമനം നടത്താന്‍ അധികാരമുണ്ടെന്ന സംസ്ഥാന സര്‍ക്കാരിന്റെയും രാജശ്രീയുടെയും അഭിഭാഷകരുടെ വാദം കോടതി അംഗീകരിച്ചില്ല.

ഹര്‍ജിക്കാരന്‍ ശ്രീജിത്തിനു വേണ്ടി അഭിഭാഷകരായ ഡോ. അമിത് ജോര്‍ജ്, മുഹമ്മദ് സാദിഖ്, എന്നിവരാണ് സുപ്രീം കോടതിയില്‍ ഹാജരായത്. രാജശ്രീയ്ക്ക് വേണ്ടി അഭിഭാഷകന്‍ പി.വി ദിനേശും സംസ്ഥാന സര്‍ക്കാരിനു വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത, സ്റ്റാന്റിങ് കോണ്‍സല്‍ ഹര്‍ഷദ് വി. ഹമീദ് എന്നിവരും ഹാജരായി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.