'ഒന്നുകില്‍ വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കുക; അല്ലെങ്കില്‍ കോടതിയലക്ഷ്യം നേരിടാന്‍ തയാറാവുക': സര്‍ക്കാരുകള്‍ക്ക് സുപ്രീം കോടതിയുടെ ശക്തമായ താക്കീത്

 'ഒന്നുകില്‍ വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കുക; അല്ലെങ്കില്‍ കോടതിയലക്ഷ്യം നേരിടാന്‍ തയാറാവുക': സര്‍ക്കാരുകള്‍ക്ക്  സുപ്രീം കോടതിയുടെ ശക്തമായ താക്കീത്

ഇത് 21-ാം നൂറ്റാണ്ടാണെന്നും മതത്തിന്റെ പേരില്‍ നമ്മള്‍ എവിടെയാണ് എത്തി നില്‍ക്കുന്നതെന്നും കോടതി.

ന്യൂഡല്‍ഹി: വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ക്കെതിരെ കടുത്ത നടപടി എടുക്കാന്‍ സുപ്രീം കോടതി നിര്‍ദേശം. ഇത് 21-ാം നൂറ്റാണ്ടാണെന്നും മതത്തിന്റെ പേരില്‍ നമ്മള്‍ എവിടെയാണ് എത്തി നില്‍ക്കുന്നതെന്നും കോടതി ചോദിച്ചു.

'ഒന്നുകില്‍ വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കുക. അല്ലെങ്കില്‍ കോടതിയലക്ഷ്യം നേരിടാന്‍ തയാറാവുക'- കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി.

എല്ലാ മതങ്ങളെയും ഒന്ന് പോലെ കാണേണ്ട രാജ്യത്ത് ഞെട്ടിക്കുന്ന കാര്യങ്ങളാണ് നടക്കുന്നതെന്ന് ജസ്റ്റിസുമാരായ കെ.എം. ജോസഫ്, ഹൃഷികേശ് റോയ് എന്നിവര്‍ അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

ഇന്ത്യ ഒരു മതേതര രാജ്യമാണെന്നാണ് ഭരണഘടന വ്യക്തമാക്കുന്നത്. രാജ്യത്തിന്റെ മതേതര സ്വഭാവം നിലനിര്‍ത്തുന്നതിന് വിദ്വേഷ പ്രാസംഗികര്‍ക്കെതിരെ കടുത്ത നടപടി ആവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. പരാതികള്‍ക്ക് വേണ്ടി കാത്ത് നില്‍ക്കാതെ സംസ്ഥാന സര്‍ക്കാരും പോലീസും സ്വമേധയാ കേസെടുക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു.

ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സര്‍ക്കാരുകള്‍ക്കാണ് വിദ്വേഷ പ്രാസംഗികര്‍ക്കെതിരേ സ്വമേധയ നടപടി എടുക്കാന്‍ സുപ്രീം കോടതി നിര്‍ദേശം നല്‍കിയത്. സമീപകാലത്ത് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ ഉണ്ടായ ചില വിദ്വേഷ പ്രസംഗങ്ങളില്‍ കോടതി ഞെട്ടല്‍ രേഖപ്പെടുത്തി.

ഹര്‍ജിക്കാരനായ ഷഹീന്‍ അബ്ദുള്ള ചൂണ്ടിക്കാട്ടിയ വിദ്വേഷ പ്രസംഗങ്ങളില്‍ സ്വീകരിച്ച നടപടി അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് സുപ്രീം കോടതി നിര്‍ദേശിക്കുകയും ചെയ്തു.

ഷഹീന്‍ അബ്ദുള്ളയ്ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് ഹാജരായത്. ഹിന്ദുമഹാസഭ നേതാവ് പ്രവേഷ് ശര്‍മ്മയുടെ വിദ്വേഷ പ്രസ്താവനകള്‍ ഉള്‍പ്പടെ ഉയര്‍ത്തിക്കാട്ടിയായിരുന്നു കപില്‍ സിബലിന്റെ വാദം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.