ഒട്ടാവ: ഇറാനെ ആഴ്ചകളായി പിടിച്ചുകുലുക്കിയ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിൽ പ്രതിഷേധത്തിന് അണിനിരന്ന യുവതികൾക്ക് പിന്തുണയുമായി കാനഡ. സ്ത്രീകളുടെ അവകാശങ്ങൾ മനുഷ്യാവകാശമാണ്. ഇറാനിലെ സ്ത്രീകളുടെ ശബ്ദത്തിന്റെ തീവ്രത വർധിപ്പിക്കാൻ നമുക്ക് ഉത്തരവാദിത്തമുണ്ടെന്ന് ലോകത്തെ വനിതാ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ കനേഡിയൻ വിദേശകാര്യ മന്ത്രി മെലാനി ജോളി പറഞ്ഞു.
കാനഡയാണ് യോഗത്തിന് ആതിഥേയത്വം വഹിച്ചത്. ഇറാനിൽ നടക്കുന്ന അക്രമങ്ങളെ യോഗം അപലപിക്കുകയും ചെയ്തു. ഇറാനിലെ തെരുവുകളിൽ പ്രതിഷേധിക്കാൻ അവിശ്വസനീയമായ ധീരതയോടെ ഇറങ്ങിപ്പുറപ്പെട്ട സ്ത്രീകളെ സഹായിക്കാൻ ജനാധിപത്യ രാജ്യങ്ങൾക്ക് ധാർമ്മിക ബാധ്യതയുണ്ടെന്ന് മെലാനി ജോളി പറഞ്ഞു.
ലോകമെമ്പാടുമുള്ള വനിതാ നേതാക്കൾ എന്ന നിലയിൽ ഇറാനിലെ സ്ത്രീകളുടെ അവകാശങ്ങൾക്ക് പിന്തുണ നൽകുന്ന ശക്തമായ പ്രസ്താവന നടത്താൻ തങ്ങൾക്ക് കഴിയുമെന്നും അവർ പറഞ്ഞു. യുവതികൾ ഇറാന്റെ അടിച്ചമർത്തലിനെയും ഘടനാപരമായ ലിംഗ അസമത്വത്തെയും വെല്ലുവിളിക്കുകയാണ്. വലിയ അപകടസാധ്യത മുന്നിൽക്കണ്ടാണ് അവർ പ്രക്ഷോഭവുമായി മുന്നോട്ട് പോകുന്നത്.
ഇറാനിലെ സ്ത്രീകൾ തങ്ങളുടെ അവകാശങ്ങളെ കുറിച്ച് വ്യക്തമായി തന്നെയാണ് സംസാരിക്കുന്നതെന്നും ജോളി പറഞ്ഞു. സമൂഹത്തിൽ സ്ത്രീകളുടെ പങ്കിനെക്കുറിച്ചോ സ്ത്രീകൾ എങ്ങനെ വസ്ത്രം ധരിക്കുകയും പെരുമാറുകയും ചെയ്യണമെന്ന ഭരണകൂടത്തിന്റെ കാഴ്ചപ്പാട് അടിച്ചേൽപ്പിക്കുന്നത് ഇനിയും അവർക്ക് അനുവദിച്ചുകൊടുക്കുവാൻ കഴിയില്ല.
മനുഷ്യാവകാശങ്ങൾക്കായി പോരാടുകയും അമ്മമാർക്കും സഹോദരിമാർക്കും ഭാര്യമാർക്കും പെൺമക്കൾക്കും വേണ്ടി നിലകൊള്ളുകയും ചെയ്യുന്ന ധീരരായ ഇറാനികൾക്കൊപ്പം കാനഡ തുടർന്നും നിൽക്കുമെന്നും ജോളി കൂട്ടിച്ചേർത്തു. നിർബന്ധിത ഹിജാബ് ഒഴിവാക്കാനും ഇറാനിയൻ ഭരണകൂടത്തിന് മാറ്റം വേണമെന്നും ആവശ്യപ്പെട്ട് രാജ്യത്തിനകത്ത് സ്ത്രീകൾ പോരാടുന്നതിനോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനാണ് കാനഡ യോഗത്തിന് ആതിഥേയത്വം വഹിച്ചത്.
ജർമ്മനി, ചിലി, ന്യൂസിലൻഡ്, നോർവേ, ഐസ്‌ലാൻഡ്, ലിബിയ എന്നിവിടങ്ങളിൽ നിന്നുള്ള വിദേശകാര്യ മന്ത്രിമാരുൾപ്പെടെ 14 പേർ മീറ്റിങ്ങിൽ പങ്കെടുത്തു. പ്രത്യേക അതിഥികളായി അഭിഭാഷകനും നോബൽ സമ്മാന ജേതാവുമായ ഷിർനിൻ എബാദി, ഇറാനിലെ എവിൻ ജയിലിൽ തടവിൽ കഴിയേണ്ടി വന്ന കോൺസ്‌കോർഡിയ പ്രൊഫസർ എമെരിറ്റ ഹോമ ഹൂദ്‌ഫാർ, യുഎൻ അസിസ്റ്റന്റ് സെക്രട്ടറി ജനറൽ ആസാ റെഗ്‌നർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
ഇറാനെ യുഎൻ വനിതാ സമിതിയിൽ നിന്ന് പുറത്താക്കണമെന്നതാണ് യോഗത്തിൽ ഉയർന്ന ഒരു ആവശ്യം. ഇറാനിലെ പ്രശ്നങ്ങൾ സ്ത്രീകളിൽ നിന്ന് കേൾക്കുകയും ഇറാനിലെ സ്ത്രീകളുടെയും മനുഷ്യാവകാശങ്ങളുടെയും അവസ്ഥയെക്കുറിച്ചും യോഗത്തിൽ ചർച്ച ചെയ്യ്തു.
അതിനിടെ ഇറാനെതിരെ ഉപരോധം ഏർപ്പെടുത്തുന്നതിൽ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കൊപ്പം കാനഡയും ചേർന്നിരുന്നു. 2003 ൽ കസ്റ്റഡിയിൽ മരിച്ച ഇറാനിയൻ കനേഡിയൻ പത്രപ്രവർത്തകൻ സഹ്റ കസെമിയെ പീഡിപ്പിക്കാൻ ഉത്തരവിട്ട പ്രോസിക്യൂട്ടർ സയീദ് മൊർത്തസാവിയെയും മുൻ വിദേശകാര്യമന്ത്രി ജവാദ് സരീഫിനെയും ഉൾപ്പെടെ ആറ് വ്യക്തികളെയും എല്ലാ പ്രധാന ഇറാനിയൻ സർക്കാർ സ്ഥാപനങ്ങളെയും കാനഡ ഉപരോധിച്ചു.
മനുഷ്യാവകാശ ലംഘനങ്ങളിൽ പങ്കെടുത്ത അല്ലെങ്കിൽ പ്രാപ്‌തമാക്കിയ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എതിരെ തന്റെ സർക്കാർ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തുന്നത് തുടരുമെന്ന് ജോളി പറഞ്ഞു.
ഹിജാബ് ശരിയായ രീതിയിൽ ഉപയോഗിച്ചില്ല എന്ന പേരിൽ സദാചാര പോലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമിനി എന്ന യുവതിയുടെ കൊല്ലപ്പെട്ടതോടെയാണ് ഇറാനിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭം ആളിക്കത്തിയത്. കുർദിസ്ഥാൻ പ്രാവശ്യയിൽ നിന്നുള്ള അമിനി ടെഹ്റാനിൽ സദാചാര പോലീസ് തടങ്കലിലാക്കിയതിനെ തുടർന്ന് സെപ്റ്റംബർ 16 നാണ് മരിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.