'ചെറുപുഷ്പ മിഷൻ ലീഗ്' മുന്നേറ്റം ഇനി അമേരിക്കൻ ഐക്യനാടുകളിലും;

'ചെറുപുഷ്പ മിഷൻ ലീഗ്'  മുന്നേറ്റം ഇനി അമേരിക്കൻ  ഐക്യനാടുകളിലും;

ഉദ്ഘാടനം ഒക്‌ടോ.22ന്, റാലിയിൽ അണിചേരും 800ൽപ്പരം കുഞ്ഞുങ്ങൾ

ന്യൂജേഴ്‌സി: ഏഷ്യയിലെതന്നെ ഏറ്റവും വലിയ അൽമായ പ്രേഷിത സംഘടനയായ 'ചെറുപുഷ്പ മിഷൻ ലീഗി'ന്റെ (എൽ.എഫ്.എം.എൽ) മുന്നേറ്റം ഇനി അമേരിക്കയിലും. ഭാരതത്തിന് വെളിയിലെ പ്രഥമ സീറോ മലബാർ രൂപതയായ ചിക്കാഗോ സെന്റ് തോമസ് രൂപതയിലൂടെയാണ് 'ചെറുപുഷ്പ മിഷൻ ലീഗ്' അമേരിക്കൻ ദൗത്യം ആരംഭിക്കുന്നത്. 'ചെറുപുഷ്പ മിഷൻ ലീഗി'ന്റെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് ഒക്‌ടോബർ 22ന് ന്യൂജേഴ്‌സി സോമർസെറ്റ് സെന്റ് തോമസ് ഫൊറോനാ ദൈവാലയത്തിലാണ് രൂപതാതല ഉദ്ഘാടനം.
ഒക്ടോബർ 22 രാവിലെ 10.30ന് 'ചെറുപുഷ്പ മിഷൻ ലീഗി'ന്റെ പതാക ഉയർത്തുന്നതോടെയാണ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിനും രൂപതാതല ഉദ്ഘാടനത്തിനും തുടക്കമാകുക. തുടർന്ന് നടക്കുന്ന സെമിനാറിന് രൂപതാ യൂത്ത് മിനിസ്ട്രി ഡയറക്ടർ ഫാ. കെവിൻ മുണ്ടക്കൽ നേതൃത്വം നയിക്കും. ഉച്ചയ്ക്ക് 12.00ന് ചിക്കാഗോ ബിഷപ്പ് മാർ ജോയ് ആലപ്പാട്ടിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി. തുടർന്ന് 2.15ന് നടക്കുന്ന ജൂബിലി റാലിയിൽ 800ൽപ്പരം കുട്ടികൾ പങ്കുചേരും. സ്നേഹം, ത്യാഗം, സഹനം, സേവനം എന്നീ സന്ദേശങ്ങൾ ഉയർത്തിയ ജൂബിലി ബാനറും പതാകയുമേന്തി കുട്ടികൾ അണിചേരുന്ന റാലിതന്നെയാകും ഉദ്ഘാടന പരിപാടികളിലെ മുഖ്യ ആകർഷണം.
ഉച്ചതിരിഞ്ഞ് 3.15ന് സംഘടിപ്പിക്കുന്ന പൊതുസമ്മേളനം ബിഷപ്പ് മാർ ജോയ് ആലപ്പാട്ട് ഉദ്ഘാടനം ചെയ്യും. ബിഷപ്പ് എമരിത്തൂസ് മാർ ജേക്കബ് അങ്ങാടിയത്ത് മുഖ്യപ്രഭാഷം നടത്തും. ചെറുപുഷ്പ മിഷൻ ലീഗ് രൂപതാ പ്രസിഡ് സിജോയ് സിറിയക് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ചെറുപുഷ്പ മിഷൻ ലീഗ് രൂപതാ ഡയറക്ടർ റവ. ഡോ. ജോർജ് ദാനവേലിൽ, ജോയിന്റ് ഡയറക്ടർ സിസ്റ്റർ ആഗ്‌നസ് മരിയ എം.എസ്.എം.ഐ, ഫാ. ആന്റണി പുല്ലുകാട്ട്, മാസ്റ്റർ ആന്തണി കണ്ടവനം ഫാ. ഡെൽസ് അലക്‌സ്, ഫാ. ബിൻസ് ചെതാലിൽ, ടിൻസൺ തോമസ് എന്നിവർ പ്രസംഗിക്കും.

കേരള സഭയിൽനിന്നുള്ള പ്രേഷിത ദൈവവിളികൾ കണ്ടെത്തി പ്രോത്‌സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഫാ. ജോസഫ് മാലിപ്പറമ്പിലിന്റെയും പി.സി എബ്രഹാം എന്ന കുഞ്ഞേട്ടന്റെയും നേതൃത്വത്തിൽ 1947 ഒക്ടോബർ മൂന്നിന് ആരംഭിച്ച മുന്നേറ്റമാണ് ചെറുപുഷ്പ മിഷൻ ലീഗ്. മിഷണറിമാരുടെ മധ്യസ്ഥയായ വിശുദ്ധ കൊച്ചുതേസ്യയാണ് മിഷൻ ലീഗിന്റെ മധ്യസ്ഥ. കഴിഞ്ഞ ഏഴര പതിറ്റാണ്ടിനിടയിൽ ഏതാണ്ട് 50,000ൽപ്പരം ദൈവവിളികൾ സഭയ്ക്ക് സംഭാവന ചെയ്തതിലൂടെയും ശ്രദ്ധേയമാണ് മിഷൻ ലീഗ്.