തിരുവനന്തപുരം: കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ പ്രതി മണിച്ചന്‍ ഇന്നലെ ജയില്‍ മോചിതനായി. നെട്ടുകാല്‍ത്തേരി ജയിലില്‍ നിന്നാണ് 22 വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം മണിച്ചന്‍ മോചിതനാകുന്നത്. മദ്യദുരന്തം ഉണ്ടായ അതേ ദിവസമാണ് മണിച്ചന്റെ മോചനവും.
2000 ഒക്ടോബര്‍ 21നായിരുന്നു മദ്യദുരന്തം. മഞ്ഞ ഷാള്‍ അണിയിച്ചാണ് സുഹൃത്തുക്കള്‍ മണിച്ചനെ സ്വീകരിച്ചത്. മണിച്ചനടക്കം 33 പേരെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലും പിഴത്തുക ഒടുക്കാന്‍ കഴിയാത്തതിനാല്‍ മോചനം നീളുകയായിരുന്നു. മണിച്ചന്റെ ഭാര്യ സുപ്രീം കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് മോചനം സാധ്യമായത്. മണിച്ചനെ മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. പിഴയായി വിധിച്ച 30.45 ലക്ഷം രൂപ ഈടാക്കാതെ തന്നെ ഉടന്‍ മോചിപ്പിക്കാനായിരുന്നു കോടതിയുടെ ഉത്തരവ്.
രാവിലെ പതിനൊന്നോടെ മണിച്ചന്റെ മകന്‍ പ്രവീണും സഹോദരന്‍ കൊച്ചനിയും അഭിഭാഷകനും എസ്എന്‍ഡിപി ഭാരവാഹികളും ജയിലിലെത്തി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി 12 മണിക്ക് മണിച്ചന്‍ ജയില്‍ മോചിതനായി. സഹതടവുകാരോടും ജയില്‍ അധികൃതരോടും സന്തോഷം പങ്കിട്ടാണ് മണിച്ചന്‍ പുറത്തെത്തിയത്.
ആറ്റിങ്ങല്‍ കെഎസ്ആര്‍ടിസി ബസ് ഗ്യാരേജിനോട് ചേര്‍ന്നുള്ള ഒരു ഷോപ്പില്‍ പഴക്കച്ചവടവും പഴങ്ങള്‍ കൊണ്ടുണ്ടാക്കിയ വിവിധ തരം ജ്യൂസകളും വില്‍പന നടത്തുകയാണ് ഇനി മണിച്ചന്റെ ജീവിതമാര്‍ഗം. അതിനായി ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഫൈവ് സ്റ്റാര്‍ എന്ന പേരിലുള്ള ഈ ഷോപ്പ് നേരത്തെ ഒരു മാംസ വില്‍പ്പന കേന്ദ്രമായിരുന്നു. മാംസ വില്‍പ്പന മതിയാക്കി പഴക്കടയായി ഇത് മാസങ്ങള്‍ക്കു മുന്‍പേ തന്നെ രൂപം മാറിയിരുന്നു. ആറ്റിങ്ങള്‍ നാലുമുക്കിന് സമീപമായതിനാല്‍ അത്യാവശ്യം മികച്ച രീതിയില്‍ ഇവിടെ കച്ചവടവും നടക്കുന്നുണ്ട്.
ഈ കെട്ടിടവും ഈ കെട്ടിടം സ്ഥിതിചെയ്യുന്ന പുരയിടവും ഇപ്പോഴും മണിച്ചന്റെ സ്വന്തമെന്നു തന്നെയുള്ള സൂചനകളും പുറത്തു വരുന്നുണ്ട്. വീടും മറ്റ് സ്ഥാവര ജംഗമ വസ്തുക്കളുമെല്ലാം നഷ്ടപ്പെട്ട മണിച്ചന് ഇനി ജീവിതം പുനരാരംഭിക്കാനുള്ളത് ഇവിടെ നിന്നുമാണ്. ഇതെല്ലാം എത്രത്തോളം വലിയ വിജയമാകുമെന്ന് അറിയില്ലെങ്കിലും ഒരു കുടുംബത്തിന് ജീവിക്കാനുള്ള വക സമ്പാദിക്കാന്‍ കഴിയുമെന്നു തന്നെയാണ് മറ്റു വ്യാപാരികളും ചൂണ്ടിക്കാട്ടുന്നത്.
2000 ഒക്ടോബര്‍ 21നാണ് കൊല്ലത്തെ കല്ലുവാതുക്കല്‍, പട്ടാഴി അടക്കമുള്ള സ്ഥലങ്ങളില്‍ മദ്യദുരന്തമുണ്ടായത്. 31 പേരാണ് ഹയറുന്നീസയെന്ന മദ്യവിതരണക്കാരി വിതരണം ചെയ്ത വ്യാജമദ്യം കുടിച്ച് മരിച്ചത്. നിരവധിപേര്‍ക്ക് ശാരീക പ്രശ്‌നങ്ങളുണ്ടായി. 1982ലെ വൈപ്പിന്‍ വിഷമദ്യ ദുരന്തത്തിനുശേഷം ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്ടമായ മദ്യദുരന്തത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. അപകടമുണ്ടായി 35 ദിവസത്തിനു ശേഷം നാഗര്‍കോവിലില്‍ നിന്നാണ് മണിച്ചനെ അറസ്റ്റു ചെയ്തത്.
2002 ജൂണില്‍ മണിച്ചനും സഹോദരങ്ങളും ചാരായം വിറ്റ ഹയറുന്നീസയും ഉള്‍പ്പെടെ 13 പ്രതികളെ കൊല്ലം സെഷന്‍സ് കോടതി കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. സുപ്രീം കോടതി നിര്‍ദേശം അനുസരിച്ച് മണിച്ചന്റെ രണ്ടു സഹോദരങ്ങള്‍ കഴിഞ്ഞ വര്‍ഷം ജയില്‍ മോചിതരായിരുന്നു. ഇതിനു പിന്നാലെയാണ് മണിച്ചനെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പൂജപ്പുര സെന്‍ട്രല്‍ ജയിലിലായിരുന്ന മണിച്ചനെ നല്ല നടപ്പു പരിഗണിച്ചാണ് പത്തു വര്‍ഷം മുന്‍പ് നെട്ടുകാല്‍ത്തേരി തുറന്ന ജയിലിലേക്കു മാറ്റിയത്.
മണിച്ചന്‍ (ചന്ദ്രന്‍) 22 വര്‍ഷമായി ജയിലിലായിരുന്നു. ജീവപര്യന്തത്തിനു പുറമേ 43 വര്‍ഷം തടവു കൂടി കോടതി വിധിച്ചിരുന്നു. ഇതില്‍ ഇളവു നല്‍കി മോചനത്തിനു ഗവര്‍ണര്‍ ഉത്തരവിട്ടെങ്കിലും പിഴത്തുക ഇളവു ചെയ്തിരുന്നില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.