സ്വപ്‌നയുടെ ആരോപണങ്ങള്‍ ചര്‍ച്ചയാക്കാന്‍ കോണ്‍ഗ്രസ്: കുന്നപ്പിള്ളിക്കേസില്‍ പ്രതിരോധത്തിലായ പാര്‍ട്ടിക്ക് വീണുകിട്ടിയ പിടിവള്ളി

സ്വപ്‌നയുടെ ആരോപണങ്ങള്‍ ചര്‍ച്ചയാക്കാന്‍ കോണ്‍ഗ്രസ്: കുന്നപ്പിള്ളിക്കേസില്‍ പ്രതിരോധത്തിലായ പാര്‍ട്ടിക്ക് വീണുകിട്ടിയ പിടിവള്ളി

തിരുവനന്തപുരം: സിപിഎം നേതാക്കന്മാര്‍ക്ക് എതിരായ സ്വപ്‌നയുടെ ആരോപണങ്ങള്‍ പൊതു സമൂഹത്തില്‍ ചര്‍ച്ചയാക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. ആരോപണ വിധേയരായ നേതാക്കന്മാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി.

പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയ്‌ക്കെതിരായ പീഡനക്കേസില്‍ പ്രതിരോധത്തിലായ കോണ്‍ഗ്രസിന് വീണുകിട്ടിയ പിടിവള്ളിയാണ് മുന്‍ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, തോമസ് ഐസക്, മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരെ സ്വപ്‌ന ഉന്നയിച്ച ലൈംഗികാരോപണങ്ങള്‍. പ്രതിരോധത്തില്‍ നിന്ന് യുദ്ധമുഖത്തേയ്‌ക്കെത്താന്‍ സ്വപ്‌ന ഉന്നയിച്ച ആരോപണങ്ങള്‍ എടുത്തുപയോഗിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.

സ്വപ്‌നയുടെ വെളിപ്പെടുത്തന്‍ ഗുരുതതരമാണെന്നും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. നിരപരാധിത്വം മുന്‍ മന്ത്രിമാര്‍ തെളിയിക്കട്ടേയെന്നും സതീശന്‍ പറഞ്ഞു. എല്‍ദോസിന് ഒരു നിയമവും കടകംപള്ളിക്ക് മറ്റൊരു നിയമവും എന്നാണോയെന്ന് കെപിസിസി പ്രസിഡണ്ട് കെ.സുധാകരന്‍ ചോദിച്ചു.

സ്വപന തെളിവ് വച്ചാണ് സംസാരിക്കുന്നത്. പാര്‍ട്ടി പ്രതികരിച്ചോ? മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും ഒന്നും പറയാനില്ലേയെന്നും സുധാകരന്‍ ചോദിച്ചു. ഒരു സ്വകാര്യ വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് കടകംപള്ളി സുരേന്ദ്രന്‍, തോമസ് ഐസക്, പി.ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരെ സ്വപ്‌ന ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത്.

അതിനിടെ എല്‍ദോസ് വിഷയത്തില്‍ കെപിസിസി നേതാക്കന്മാരുടെ യോഗം വൈകിട്ട് ചേരും. പരാതിയും കോടതി പരാമര്‍ശവും പരിശോധിക്കും. എല്‍ദോസിന്റെ വിശദീകരണവും പരിശോധിക്കേണ്ടതുണ്ട്. അതിനുശേഷം എംഎല്‍എക്കെതിരെ നടപടിയെടുക്കുന്ന കാര്യം തീരുമാനിക്കുമെന്നും കെ.സുധാകരന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.