സാങ്കേതിക സര്‍വകലാശാല വി.സി നിയമനം റദ്ദാക്കിയ വിധിക്കെതിരെ കേരളം പുനപരിശോധന ഹര്‍ജി നല്‍കും

സാങ്കേതിക സര്‍വകലാശാല വി.സി നിയമനം റദ്ദാക്കിയ വിധിക്കെതിരെ കേരളം പുനപരിശോധന ഹര്‍ജി നല്‍കും

ന്യൂഡല്‍ഹി: സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.എസ് രാജശ്രീയുടെ നിയമനം റദ്ദാക്കിയ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പുനപരിശോധന ഹര്‍ജി നല്‍കാനൊരുങ്ങുന്നു.

ഇതു സംബന്ധിച്ച് നിയമ ഉപദേശം ലഭിച്ച ശേഷം ഹര്‍ജി ഫയല്‍ ചെയ്യുന്നതിനുള്ള തുടര്‍ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. സുപ്രീം കോടതി വിധി മറ്റ് സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരുടെ നിയമനത്തെ പോലും ബാധിക്കാന്‍ സാധ്യത ഉള്ളതിനാലാണ് സംസ്ഥാന സര്‍ക്കാര്‍ പുനപരിശോധന ഹര്‍ജി നല്‍കുന്നത്.

സുപ്രീം കോടതി ഇന്നലെ പുറപ്പെടുവിച്ച വിധിക്ക് ദൂരവ്യാപക പ്രത്യഘാതം ഉണ്ടെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ സീനിയര്‍ അഭിഭാഷകരുടെ വിലയിരുത്തല്‍. വൈസ് ചാന്‍സലര്‍ നിയമനം ഉള്‍പ്പടെ സര്‍വകലാശാല ഭരണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിയമസഭ പാസാക്കുന്ന നിയമങ്ങള്‍ അപ്രസക്തമാകുമെന്നാണ് സര്‍ക്കാരിന്റെ ആശങ്ക.

ഇത് ഫെഡറല്‍ തത്വങ്ങള്‍ക്കും സുപ്രീം കോടതിയുടെ തന്നെ മുന്‍ വിധികള്‍ക്കും എതിരാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. സുപ്രീം കോടതി വിധി ഉദ്ധരിച്ച് മറ്റ് വൈസ് ചാന്‍സലര്‍മാരുടെ നിയമനം ചോദ്യം ചെയ്ത് കൂടുതല്‍ ഹര്‍ജികള്‍ വരും ദിവസങ്ങളില്‍ ഹൈക്കോടതിയില്‍ എത്താന്‍ സാധ്യത ഉണ്ട്. അതിനാല്‍ എത്രയും വേഗം പുനപരിശോധന ഹര്‍ജി ഫയല്‍ ചെയ്യാനൊരുങ്ങുകയാണ് സര്‍ക്കാര്‍.

വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കി കൊണ്ടുള്ള വിധിക്ക് എതിരെ നല്‍കുന്ന പുനപരിശോധന ഹര്‍ജികള്‍ പരിഗണിക്കുന്നതും ജസ്റ്റിസ് എം.ആര്‍ ഷാ, സി.ടി രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ്. ഈ ബെഞ്ച് തന്നെയാണ് കഴിഞ്ഞ ദിവസം നിയമനം റദ്ദാക്കി കൊണ്ടുള്ള വിധി പ്രസ്താവിച്ചത്.

പുനപരിശോധന ഹര്‍ജി തള്ളിയാല്‍ തിരുത്തല്‍ ഹര്‍ജി നല്‍കുകാനുള്ള അവസരം സംസ്ഥാന സര്‍ക്കാരിന് ഉണ്ടാകും. തിരുത്തല്‍ ഹര്‍ജി പരിഗണിക്കുക ചീഫ് ജസ്റ്റിസ് നേതൃത്വം നല്‍കുന്ന ബെഞ്ച് ആകും. അടുത്ത മാസം ചുമതലയേല്‍ക്കുന്ന ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് മാരായ സഞ്ജയ് കിഷന്‍ കൗള്‍, അബ്ദുള്‍ നസീര്‍, എം.ആര്‍ ഷാ, സി.ടി രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാകും തിരുത്തല്‍ ഹര്‍ജി കേള്‍ക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.