തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകളില്‍ വെള്ള നിറം അടിക്കുന്നതില്‍ ഇളവ് നല്‍കിയ ഉത്തരവ് മോട്ടോര്‍ വാഹന വകുപ്പ് തിരുത്തി.
പഴയ വാഹനങ്ങള്‍ അടുത്ത തവണ ഫിറ്റ്‌നസ് പുതുക്കാന്‍ വരുമ്പോള്‍ നിറം മാറ്റിയാല്‍ മതിയെന്ന ഉത്തരവാണ് തിരുത്തിയത്. എല്ലാ ടൂറിസ്റ്റ് ബസുകളും കളര്‍കോഡ് പാലിക്കണമെന്ന് കാണിച്ച് പുതിയ ഉത്തരവിറക്കി.
വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ് കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങള്‍ക്ക് ഏകീകൃത നിറം നിര്‍ബന്ധമാക്കിയത്. 2022 ജൂണിന് ശേഷം രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്കും ഫിറ്റ്‌നസ് പരിശോധനയ്ക്ക് എത്തുന്ന വാഹനങ്ങള്‍ക്കും വെള്ള നിറം അടിക്കണമെന്നതായിരുന്നു നിര്‍ദേശം.
അതേസമയം നിലവില്‍ ഫിറ്റ്‌നസ് ഉള്ള വാഹനങ്ങള്‍ക്ക്, അടുത്ത തവണ ഫിറ്റ്‌നസ് പരിശോധനയ്ക്ക് എത്തുന്നത് വരെ നിറം മാറ്റാതെ ഓടാം എന്നും വ്യക്തമാക്കിയിരുന്നു.
ഈ ഉത്തരവ് ഹൈക്കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമെന്ന് കണ്ടാണ് ഇപ്പോള്‍ ഉത്തരവ് തിരുത്തി ഇറക്കിയിരിക്കുന്നത്. പുതിയ ഉത്തരവനുസരിച്ച് എല്ലാ കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങളും വെള്ളക്കളറിലേക്ക് മാറണം.
നിറം മാറ്റാതെ നിരത്തില്‍ ഇറങ്ങിയാല്‍ പിഴ ചുമത്തും. ഫിറ്റ്‌നസ് റദ്ദാക്കും. ഉത്തരവിനെതിരെ കോണ്‍ട്രാക്ട് കാര്യേജ് ഉടമകളുടെ സംഘടന രംഗത്തെത്തിയിട്ടുണ്ട്. എംവിഡിയുടെ ഉത്തരവുകള്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നുവെന്നാണ് പരാതി.
നിറം മാറ്റാന്‍ തയ്യാറാണെന്നും ഇതിന് സമയം അനുവദിക്കണമെന്നും കോണ്‍ട്രാക്ട് കാര്യേജ് ഉടമകള്‍ ഗതാഗത മന്ത്രിയെ കണ്ട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഫലമുണ്ടായില്ല. ഈ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയിലെ കേസില്‍ സംഘടന കക്ഷി ചേര്‍ന്നെങ്കിലും അവിടെ നിന്നും അനുകൂല തീരുമാനമുണ്ടായില്ല.
ഇതിനിടെ കെഎസ്ആര്‍ടിസി ബസുകളില്‍ നിന്ന് പരസ്യം നീക്കം ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കെഎസ്ആര്‍ടിസി സമയം തേടിയിട്ടുണ്ട്. ബസുകളെ പരസ്യം കൊണ്ട് മൂടാനാകില്ല എന്നായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ പരാമര്‍ശം.
എന്നാല്‍ പിന്നിലും വശങ്ങളിലും പരസ്യം പതിക്കാന്‍ കെഎസ്ആര്‍ടിസിക്ക് നിയമപരമായ അനുമതി ഉണ്ടെന്ന് കേസ് പരിഗണിക്കവേ സര്‍ക്കാര്‍ അറിയിച്ചിരുന്നു. അതേസമയം ജംഗിള്‍ സഫാരി ബസുകളിലെ ഗ്രാഫിക് സ്റ്റിക്കറുകള്‍ നീക്കം ചെയ്യാന്‍ നടപടി തുടങ്ങിയെന്ന് കെഎസ്ആര്‍ടിസി ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.