വിശദീകരണം തൃപ്തികരമല്ല; എൽദോസ് കുന്നപ്പിള്ളിയെ കെ.പി.സി.സി സസ്പെന്റ് ചെയ്തു

വിശദീകരണം തൃപ്തികരമല്ല; എൽദോസ് കുന്നപ്പിള്ളിയെ കെ.പി.സി.സി സസ്പെന്റ് ചെയ്തു

തിരുവനന്തപുരം: ബലാത്സംഗ കേസിൽ പ്രതിയായ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെ കെ.പി.സി.സി സസ്പെന്റ് ചെയ്തു. കെ.പി.സി.സി, ഡി.സി.സി അംഗത്വത്തിൽ നിന്നും ആറ് മാസത്തേക്കാണ് സസ്പെൻഷൻ. ജനപ്രതിനിധി എന്ന നിലയിൽ പുലർത്തേണ്ടിയിരുന്ന ജാഗ്രതയുണ്ടായില്ലെന്നുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. പാർട്ടി നടപടി അംഗീകരിക്കുന്നുവെന്ന് എൽദോസ് പ്രതികരിച്ചു.

സസ്പെൻഷൻ കാലയളവിൽ കെപിസിസി, ഡിസിസി പ്രവർത്തനങ്ങളിൽ നിന്ന് എൽദോസിനെ മാറ്റിനിർത്തും. അതിനു ശേഷമേ കെ.പി.സി.സി അംഗത്വം തിരിച്ചു നൽകുന്നതിനെക്കുറിച്ച് ആലോചിക്കു. എംഎൽഎയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് കെ.പി.സി.സി വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. തന്റെ നിരപരാധിത്വം ഉടൻ തെളിയിക്കുമെന്ന് എൽദോസ് പറഞ്ഞു. 

എൽദോസ് കുന്നപ്പിള്ളിൽ വിവാഹ വാഗ്ദാനം നൽകി നിരവധി തവണ പീഡിപ്പിച്ചെന്നാണ് തിരുവനന്തപുരത്തെ സ്‍കൂള്‍ അധ്യാപികയായ ആലുവ സ്വദേശിനി പരാതി നൽകിയത്. കേസ് തീർപ്പാക്കാൻ പണം വാഗ്ദാനം ചെയ്തെന്നും കോവളം പൊലീസ് കേസെടുക്കാതെ ഒത്തുതീർപ്പിന് ശ്രമിച്ചെന്നും യുവതി മജിസ്ട്രേറ്റിന് മൊഴി നൽകിയിരുന്നു.

ബലാത്സംഗത്തിനും, തട്ടിക്കൊണ്ട് പോകലിനും പുറമെ വധശ്രമം ഉൾപ്പടെ അധിക കുറ്റങ്ങൾ ചുമത്തിയാണ് എംഎൽഎക്കെതിരെ പൊലീസ് കേസെടുത്തത്. 

ഇതേ തുടർന്ന് ഒളിവിൽ പോയ എംഎൽഎ കോടതി മുൻകൂർ ജാമ്യം അനുവദിച്ചശേഷമാണ് അന്വേഷണ സംഘത്തിന് മുന്നിലെത്തിയത്. കർശനമായ 11 ഉപാധികളോടെയാണ് എൽദോസിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.

ഫോണും പാസ്പോർട്ടും സറണ്ടർ ചെയ്യണം. രാജ്യം വിടരുത്. അഞ്ചു ലക്ഷം രൂപയോ തത്തുല്യമായ രണ്ട് ആൾ ജാമ്യമോ എടുക്കണം. സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടാനോ , ഇരയെ ഭീഷണിപ്പെടുത്താനോ പാടില്ല തുടങ്ങിയ കർശന ഉപാധികളാണ് കോടതി മുന്നോട്ട് വെച്ചത്.

ഇതംഗീകരിച്ച എൽദോസ് കുന്നപ്പിള്ളി ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായി. രാവിലെ ഹാജരായ എൽദോസ് ഫോണ്‍ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറി. പാസ്പോർട്ട് കോടതിയിലും ഹാജരാക്കി. എംഎൽഎക്കൊപ്പം പ്രൈവറ്റ് അസിസ്റ്റന്റിനെയും ഡ്രൈവറെയും ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തിച്ച് അന്വേഷണ സംഘം ചോദ്യം ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.