ചന്ദ്രയാൻ-3 അടുത്ത വർഷമെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ

ചന്ദ്രയാൻ-3 അടുത്ത വർഷമെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ

ശ്രീഹരിക്കോട്ട: രാജ്യം ആകാംശയോടെ കാത്തിരിക്കുന്ന ചന്ദ്രയാൻ-3 അടുത്ത വർഷം വിക്ഷേപിച്ചേക്കുമെന്ന് ഐ.എസ്.ആർ.ഒ. 2023 ജൂണിൽ ചന്ദ്രയാൻ-3 വിക്ഷേപിച്ചേക്കുമെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. എസ് സോമനാഥ് അറിയിച്ചു. ചന്ദ്രയാൻ-3 ദൗത്യം തയാറായിക്കൊണ്ടിരിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

''ചന്ദ്രയാൻ-3 ഏറെക്കുറെ തയാറായിക്കഴിഞ്ഞു. അന്തിമ സംയോജനവും പരിശോധനയും ഏകദേശം പൂർത്തിയായി. ചില ടെസ്റ്റുകൾ ഇപ്പോഴും ബാക്കിയാണ്. അതിനാൽ കുറച്ച് സമയം കൂടി ആവശ്യമാണ്.

രണ്ട് സ്ലോട്ടുകളാണ് ഉള്ളത്. ഒന്ന് ഫെബ്രുവരിയിലും മറ്റൊന്ന് ജൂണിലും. ജൂണിൽ വിക്ഷേപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. '' 36 ഉപ​ഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിച്ച എൽ.വി.എം 3യുടെ വിജയകരമായ വിക്ഷേപണത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ചെയർമാൻ പറഞ്ഞു.

ബ്രിട്ടീഷ ഇന്‍റർനെറ്റ് സേവനദാതാക്കളായ വൺ വെബ്ബിന്‍റെ 36 ഉപഗ്രഹങ്ങളുമായാണ് ഇന്ത്യയുടെ ഏറ്റവും കരുത്തുള്ള വിക്ഷേപണവാഹനമായ ജിഎസ്എൽവി മാർക് 3 ന്റെ ആദ്യ വാണിജ്യ വിക്ഷേപണം വിജയകരമായി പൂർത്തിയായത്. എല്‍.വി.എം.-3 സതീഷ് ധവാന്‍ സ്പെയ്സ് സെന്ററില്‍നിന്ന് ഇന്നലെ രാത്രി 12.07 ന് പേടകം കുതിച്ചുയര്‍ന്നതോടെ ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണ രംഗത്ത് പുതിയ ചരിത്രം രചിക്കപ്പെടുകയായിരുന്നു.

ഇതാദ്യമായാണ് ഇത്ര ബൃഹത്തായൊരു വാണിജ്യ വിക്ഷേപണ ദൗത്യം ഇസ്രോ ഏറ്റെടുത്ത് വിജയകരമാക്കിയത്.

ഇന്ത്യയുടെ ഏറ്റവും കരുത്തേറിയതും ഏറ്റവും വലുപ്പമേറിയതും ഏറ്റവും ഭാരവുമുള്ളതുമായ വിക്ഷേപണ വാഹനമാണ് ജിഎസ്എൽവി മാർക് 3 നെ ആദ്യമായി ഒരു വാണിജ്യ വിക്ഷേപണത്തിന് ഉപയോഗിക്കുകയായിരുന്നു ഇസ്രോ. ഭൂസ്ഥിര ഭ്രമണപഥത്തിൽ ഉപഗ്രഹങ്ങളുടെ ബൃഹദ് ശൃംഘല വിന്ന്യസിച്ച് ഇന്‍റർനെറ്റ് സേവനം നൽകാൻ ലക്ഷ്യമിടുന്ന ബ്രിട്ടീഷ് സേവനദാതാക്കളായ വൺ വെബ്ബിനുവേണ്ടിയാണ് ആദ്യ വാണിജ്യവിക്ഷേപണം.

5400 കിലോഗ്രാമാണ് ഉപഗ്രഹങ്ങളുടെ ആകെ ഭാരം. 2023 ജനുവരിയില്‍ വണ്‍ വെബ്ബിന്റെ 36 ഉപഗ്രഹങ്ങള്‍ കൂടി വിക്ഷേപിക്കും. 648 ഉപഗ്രഹങ്ങൾ ഭൂസ്ഥിര ഭ്രമണപഥത്തിൽ എത്തിക്കാനാണ് വൺ വെബ് ലക്ഷ്യമിടുന്നത്. ഇതിൽ 428 എണ്ണം ഇതിനകം വിക്ഷേപിച്ചുകഴിഞ്ഞു.

റഷ്യയുടെ റോസ്കോസ്മോസിന്‍റെ സേവനമാണ് ഇതുവരെ അവർ ഉപയോഗിച്ചിരുന്നത്. യുക്രൈൻ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ റഷ്യയും ഇതര യൂറോപ്യൻ രാജ്യങ്ങളുമായുള്ള ബന്ധം ഉലഞ്ഞതോടെയാണ് വെബ് വൺ ഐഎസ്ആർഒയുടെ വാണിജ്യവിഭാഗമായ ന്യൂ സ്പേസ് ഇന്ത്യയുമായി കരാറുണ്ടാക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.