'14 വര്‍ഷമല്ലേ ശിക്ഷ! അത് ഗൂഗിളില്‍ കണ്ടു, 39 -ാം വയസില്‍ പുറത്തിറങ്ങും'; പാനൂര്‍ കൊലക്കേസ് പ്രതിയുടെ മൊഴിയില്‍ ഞെട്ടി പൊലീസ്

'14 വര്‍ഷമല്ലേ ശിക്ഷ! അത് ഗൂഗിളില്‍ കണ്ടു, 39 -ാം വയസില്‍ പുറത്തിറങ്ങും'; പാനൂര്‍ കൊലക്കേസ് പ്രതിയുടെ മൊഴിയില്‍ ഞെട്ടി പൊലീസ്

കണ്ണൂര്‍: വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി യാതൊരു കൂസലുമില്ലാതെയാണ് പൊലീസിന് മുന്നില്‍ കാര്യങ്ങള്‍ വിവരിക്കുന്നത്. കൊലപാതകത്തിന്റെ ഞെട്ടലില്‍ പ്രതിയോട് ചോദ്യങ്ങള്‍ ചോദിക്കുന്ന പൊലീസിനോട് ഒരു കൂസലുമില്ലാതെയാണ് ചെയ്ത കൊടും ക്രൂരത ശ്യാംജിത്ത് വിശദീകരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥര്‍ പോലും ഞെട്ടുന്ന തരത്തിലാണ് പ്രതിയുടെ മറുപടി.

'എനിക്കിപ്പോള്‍ 25 വയസേയുള്ളൂ. 14 വര്‍ഷമല്ലേ ശിക്ഷ! അത് ഗൂഗിളില്‍ ഞാന്‍ കണ്ടിട്ടുണ്ട്. 39 -ാം വയസില്‍ പുറത്തിറങ്ങും. എനിക്കൊന്നും നഷ്ടപ്പെടാനില്ല' എന്നായിരുന്നു ശ്യാംജിത്തിന്റെ വാക്കുകള്‍. സീരിയല്‍ കില്ലറുടെ കഥ പറയുന്ന മലയാളം സിനിമ അഞ്ചാംപാതിരയാണ് കൊലപാതകത്തിന് ശ്യാംജിത്തിന് പ്രചോദനമായത്. ഇതില്‍ സ്വന്തമായി കത്തിയുണ്ടാക്കുന്ന രീതിയുണ്ട്.

അതേസമയം വിഷ്ണുപ്രിയയെ കൊലപ്പെടുത്താന്‍ കാരണം സംശയ രോഗമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. വിഷ്ണുപ്രിയക്ക് മറ്റൊരു പ്രണയമുള്ളതായി സംശയിച്ചിരുന്നു എന്നാണ് പ്രതി ശ്യാംജിത്തിന്റെ മൊഴി. സീരിയല്‍ കില്ലറുടെ കഥ പറയുന്ന സിനിമ കൊലയ്ക്ക് പ്രചോദനമായെന്നും പ്രതി പറഞ്ഞു.

ഗൂഗിളില്‍ സെര്‍ച്ച് ചെയ്താണ് പ്രതി കൊലപാതകത്തിനായി ആസൂത്രണം ചെയ്തത്. വിഷ്ണു പ്രിയയുടെ സുഹൃത്തിനെ കൊലപ്പെടുത്താന്‍ ശ്യാംജിത്ത് പദ്ധതിയിട്ടിരുന്നതായും പൊലീസ് കണ്ടെത്തി. ഈ സുഹൃത്തുമായാണ് ശ്യാംജിത്ത് എത്തുന്ന സമയത്ത് വിഷ്ണുപ്രിയ വീഡിയോ കോളില്‍ സംസാരിച്ചിരുന്നത്. ഇവര്‍ പ്രണയത്തിലാണെന്നായിരുന്നു ശ്യാംജിത്തിന്റെ സംശയം.

കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി പ്രതി സ്വയം നിര്‍മ്മിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അതിനുവേണ്ട ആയുധങ്ങള്‍ പ്രതി ഓണ്‍ലൈനില്‍ നിന്ന് വാങ്ങിയതായും പൊലീസ് പറഞ്ഞു. ഈ ആയുധങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിന് ശേഷം അന്വേഷണം വഴിതെറ്റിക്കുന്നതിനുള്ള ശ്രമങ്ങളും ശ്യാംജിത്തിന്റെ ഭാഗത്തു നിന്നുണ്ടായി.

കൊലയ്ക്ക് പിന്നാലെ ആയുധങ്ങള്‍ ഉപേക്ഷിച്ച പ്രതി വസ്ത്രം മാറിയതിന് ശേഷം അച്ഛന്റെ ഹോട്ടലിലെത്തി. ഭക്ഷണം വിളമ്പാനും സഹായിച്ചു. ബാര്‍ബര്‍ ഷോപ്പില്‍ നിന്ന് മുടി ശേഖരിച്ച് ആയുധം ഉപേക്ഷിച്ച ബാഗില്‍ നിക്ഷേപിക്കുകയും ചെയ്തു. അന്വേഷണത്തെ വഴിതെറ്റിക്കാനാണ് ഇത് ചെയ്തതെന്ന് പ്രതി മൊഴി നല്‍കി.

ശ്യാംജിത്തിന്റെ മുറിയില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ഫോണില്‍ മറ്റൊരു സിം ഇട്ട് വിഷ്ണുപ്രിയയെ വിളിക്കാന്‍ ശ്യാംജിത്ത് ശ്രമിച്ചതായി കണ്ടെത്തി. ആ സിം കാര്‍ഡുകള്‍ കണ്ടെടുത്തു. പ്രതിയുടെ ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു.

കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തു. പ്രതി ശ്യാംജിത്തുമായി പൊലീസ് നടത്തിയ തെളിവെടുപ്പിലാണ് രണ്ട് കത്തികള്‍, ചുറ്റിക, കൊലപാതക സമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങള്‍, മുളകുപൊടി, പവര്‍ ബാങ്ക്, സ്‌ക്രൂഡ്രൈവര്‍, തൊപ്പി കൈയുറകള്‍ എന്നിവ കണ്ടെടുത്തത്.

വിഷ്ണു പ്രിയയെ കൊലപ്പെടുത്തിയ ശേഷം ശ്യാംജിത്തിന്റെ മാനന്തേരിയിലെ വീടിന് സമീപമുള്ള സ്ഥലത്ത് ആയുധങ്ങള്‍ ഒളിപ്പിച്ചുവെന്നായിരുന്നു നല്‍കിയ മൊഴി. തുടര്‍ന്ന് പ്രദേശത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുകയായിരുന്നു.

വീടിന് സമീപമുള്ള ഒരു ചതുപ്പില്‍ ബാഗില്‍ കെട്ടി താഴ്ത്തിയ നിലയിലായിരുന്നു ആയുധങ്ങള്‍. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും ചുറ്റികയും ബാഗില്‍ നിന്നും കണ്ടെടുത്തു. കൂടാതെ ആസമയം ധരിച്ചിരുന്ന വസ്ത്രവും രക്തം പുരണ്ട നിലയില്‍ കണ്ടെടുത്തിട്ടുണ്ട്. ഏതെങ്കിലും തരത്തില്‍ കൊലപാതകം തടയാന്‍ വിഷ്ണുപ്രിയ ശ്രമിച്ചാല്‍ അത് തടയാന്‍ മുഖത്തെറിയാന്‍ സൂക്ഷിച്ചിരുന്ന മുളകുപൊടിയും ബാഗിലുണ്ടായിരുന്നു.

കൊലപാതക ശേഷം ശ്യാംജിത്ത് ബാഗില്‍ ആയുധങ്ങളും ആ സമയം ധരിച്ചിരുന്ന വസ്ത്രങ്ങളും ഇട്ടശേഷം വെട്ടുകല്ല് വച്ച് ചതുപ്പില്‍ താഴ്ത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.