ഒന്‍പത് സര്‍വകലാശാലാ വി.സിമാര്‍ നാളെ രാജിവെക്കണം; അസാധാരണ നടപടിയുമായി ഗവര്‍ണര്‍

ഒന്‍പത് സര്‍വകലാശാലാ വി.സിമാര്‍ നാളെ രാജിവെക്കണം; അസാധാരണ നടപടിയുമായി ഗവര്‍ണര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍. തിങ്കളാഴ്ച രാവിലെ 11നകം രാജി സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. സര്‍ക്കാരുമായുള്ള പോര് രൂക്ഷമായി തുടരവെയാണ് ഗവര്‍ണറുടെ അസാധാരണ നടപടി. നാളെത്തന്നെ 9 സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ രാവിലെ പതിനൊന്നരയ്ക്കുള്ളില്‍ രാജിവയ്ക്കണമെന്നാണ് ഗവര്‍ണറുടെ നിര്‍ദേശം.

യുജിസി ചട്ടം പാലിക്കാത്ത നിയമനത്തിന്റെ പേരില്‍ എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വ്വകലാശാല വിസിയെ പുറത്താക്കിയ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണറുടെ അസാധാരണ നടപടി.

കേരള സര്‍വകലാശാല, എംജി സര്‍വകലാശാല, കൊച്ചി സര്‍വകലാശാല, ഫിഷറീസ് സര്‍വകലാശാല, കണ്ണൂര്‍ സര്‍വ്വകലാശാല, സാങ്കേതിക സര്‍വകലാശാല, ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല, കാലിക്കറ്റ് സര്‍വകലാശാല, മലയാളം സര്‍വകലാശാല എന്നിവടങ്ങളിലെ വിസിമാരോടാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തരത്തില്‍ കൂട്ടരാജി ആവശ്യപ്പെടുന്നത് ചരിത്രത്തിലാദ്യമായാണ്. ഗവര്‍ണര്‍ക്കെതിരെ ഇടതുമുന്നണി പ്രക്ഷോഭം പ്രഖ്യാപിച്ചിരുന്നു.

സാങ്കേതിക സര്‍വകലാശാലയുടെ (കെടിയു) വൈസ് ചാന്‍സലര്‍ നിയമനമാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതി റദ്ദാക്കിയത്. ജസ്റ്റിസ് എംആര്‍ ഷാ അധ്യക്ഷനായ ബെഞ്ചിന്റേതായിരുന്നു വിധി. 2015 ലെ എപിജെ അബ്ദുല്‍ കലാം സര്‍വകലാശാലാ നിയമം അനുസരിച്ചും യുജിസി ചട്ടമനുസരിച്ചും വിസി നിയമനത്തിനായി മൂന്നില്‍ കുറയാതെ പേരുകളുള്ള പാനലാണ് സേര്‍ച് കമ്മിറ്റി ചാന്‍സലര്‍ക്കു നല്‍കേണ്ടത്. ഇവിടെ ഒരു പേരു മാത്രമാണു നല്‍കിയതെന്ന് കോടതി കണ്ടെത്തി. സംസ്ഥാന നിയമവും കേന്ദ്രനിയമവും തമ്മില്‍ പൊരുത്തക്കേടുണ്ടെങ്കില്‍ കേന്ദ്ര നിയമമാകും ബാധകമെന്നു ഭരണഘടന വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് യുജിസി ചട്ടമാണു ബാധകമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

അതേ സമയം സാങ്കേതിക സര്‍വകലാശാല വിസിയെ പുറത്താക്കിയ സുപ്രിം കോടതി വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കുന്നതില്‍ സര്‍ക്കാര്‍ നിയമോപദേശം തേടിയിട്ടുണ്ട്. എ.ജിയുടെയും സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകരുടെയും ഉപദേശം ആണ് ചോദിച്ചത്. സാങ്കേതിക സര്‍വകലാശാലയില്‍ ഇതുവരെ പകരം ചുമതലയും സര്‍ക്കാര്‍ നല്‍കിയിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.