ആകാശത്തിനു താഴെ ഒരേയൊരു വീട്

ആകാശത്തിനു താഴെ ഒരേയൊരു വീട്

പ്രപഞ്ചം ഒരു പക്ഷിക്കുടാണെന്നുള്ള കവി സങ്കല്‍പവും ആധുനിക ലോകം ഒരു ആഗോള ഗ്രാമമാണെന്നുള്ള ശാസ്ത്ര ഭാഷ്യവും നമ്മെ ഓര്‍മ്മിപ്പിക്കുന്നത്, ഏകലോക ബോധമുള്ള ഒരു നവ യുഗപ്പിറവിയാണ്.

ശാസ്ത്രവും സാങ്കേതിക വിദ്യകളും മനുഷ്യനെ അവനവനു ചുറ്റും നടക്കാന്‍ പ്രേരിപ്പിക്കുമ്പോള്‍, ആകാശമെന്ന മേല്‍ക്കൂരയ്ക്കു കീഴിലെ ഭൂമി എന്ന വലിയ വീടിന്റെ വ്യത്യസ്ത മുറികളില്‍ താമസിക്കുന്ന സഹോദരങ്ങളാണ് വ്യത്യസ്ത രാഷ്ട്രങ്ങള്‍, എന്ന വിശ്വകുടുംബ സങ്കല്‍പം ഉയര്‍ത്തിപ്പിടിക്കുന്ന അന്താരാഷ്ട്ര സംവിധാനമാണ് 1945 ഒക്ടോബര്‍ 24 ന് രൂപം കൊണ്ട ഐക്യരാഷ്ട്ര സംഘടന. ഒക്ടോബര്‍ 24 ന് ലോകം ഐക്യരാഷ്ട്ര ദിനമായി ആചരിക്കുന്നു.

ലോകം എല്ലാവര്‍ക്കും ജീവിക്കാന്‍ കഴിയുന്ന ഒരു നല്ലയിടമാക്കുകയെന്ന സ്വപ്നവുമായി മനുഷ്യ കുലത്തിന്റെ നിലനില്‍പ്പിനെ വെല്ലുവിളിക്കുന്ന പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞു പരിഹരിക്കുകയാണ് ഐക്യരാഷ്ട്രസഭയുടെ സ്ഥാപന ലക്ഷ്യം.

എന്തൊക്കെയാണ് യു.എന്‍.ഒയുടെ പ്രവര്‍ത്തന മേഖലകള്‍?

ലോകം മുഴുവനുമുള്ള എല്ലാ മനുഷ്യന്റെയും അവകാശ സംരക്ഷണം, പരിസ്ഥിതി സംരക്ഷണം, എയ്ഡ്‌സ് ബോധവത്കരണമുള്‍പ്പെടെയുള്ള രോഗ പ്രതിരോധം, ദാരിദ്ര്യ നിര്‍മാര്‍ജനം, അന്താരാഷ്ട്ര വാര്‍ത്താ വിനിമയ വികസനം, ഭീകരതയ്ക്കും മയക്കു മരുന്നിനുമെതിരേയുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി അഭയാര്‍ഥി സംരക്ഷണം വരെ സ്വന്തം ദൗത്യമായി സ്വീകരിക്കുന്ന ഐക്യരാഷ്ര സംഘടനയില്‍ ലോകം മുഴുവനുമുള്ള 200 ഓളം രാഷ്ട്രങ്ങള്‍ അംഗങ്ങളാണ്.

കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമിടുന്ന യുനിസെഫ് (UNICEF), ലോക ഭക്ഷ്യപരിപാടി (UNEP), മാനവ പുനരധിവാസ പരിപാടി (HABITAT), ലോക വ്യാപാര സംഘടന (WTO), തുടങ്ങി പല പോഷക സംഘടനകള്‍ യു.എന്‍.ഒയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. യൂണിസെഫിന്റെ നേതൃത്വത്തില്‍ 160 ലേറെ രാജ്യങ്ങളിലായി കുട്ടികളുടെ സമഗ്ര വികസനത്തിനായി വിവിധ പരിപാടികള്‍ നടക്കുന്നുണ്ട്.

ഇന്നു യു.എന്‍.ഒയുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍, സമാധാന സ്ഥാപനം (Peace Building) സമാധാന പാലനം (Peace Keeping) എന്നീ രണ്ടു മേഖലകളിലാണ് കൂടുതല്‍ പ്രതിഫലിക്കുന്നത്.
സഹോദര സംഘടനകളുടെയും സമാധാന കാംക്ഷികളായ രാഷ്ട്രങ്ങളുടെയും സഹായത്തോടെ അസമാധാനത്തിന്റെ അഗ്‌നി പടരുന്ന അതിര്‍ത്തികളിലേക്ക് പറന്നിറങ്ങുന്ന വെള്ളരി പ്രാവാണ് യു.എന്‍.ഒ. 1962 ലെ ക്യൂബന്‍ മിസൈല്‍ സംഘര്‍ഷം, 1988 ലെ മധ്യകിഴക്കന്‍ മേഖലാ സംഘര്‍ഷം, 1989 ലെ ഇറാന്‍, ഇറാഖ് യുദ്ധം, 1990 കളില്‍ കംബോഡിയായിലും എല്‍സാല്‍വദോറിലും ഗ്വാട്ടിമാലായിലും മൊസാംബിക്കിലുമുണ്ടായ ആഭ്യന്തര കലാപം എന്നി അപായ മേഖലകളിലെല്ലാം സമാധാന സ്ഥാപനത്തിനു നേതൃത്വം കൊടുത്തത് ഐക്യരാഷ്ട്രസഭയാണ്.

സമാധാന പാലനത്തിനായി വിവിധ രാഷ്ട്രങ്ങളിലെ ലക്ഷക്കണക്കിനു പടയാളികള്‍ ഐക്യരാഷ്ട്ര സഭയുടെ കീഴിലുണ്ട്. 1945 മുതല്‍ നൂറുകണക്കിനു കോളനി രാജ്യങ്ങളെ സ്വതന്ത്ര രാഷ്ട്രങ്ങളാക്കാന്‍ യു.എന്‍ നേതൃത്വം നല്‍കി.

ലോക സമാധാന സ്ഥാപനത്തിനും മാധാന പാലനത്തിനും ലോക ക്ഷേമത്തിനുമുള്ള ഐക്യരാഷ്ട്ര സഭയുടെ പരിപാടികളില്‍ വിദ്യാര്‍ഥികളെന്ന നിലയില്‍ നമുക്കും സഹകരിക്കുകയും ക്രിയാത്മകമായ അനുഭാവം പ്രകടിപ്പിക്കുകയും ചെയ്യാം.

ഫാ റോയ് കണ്ണൻചിറയുടെ 'പ്രപഞ്ചമാനസം' എന്ന ഗ്രന്ഥത്തിൽ നിന്നും.

ഫാ. റോയി കണ്ണന്‍ചിറയുടെ കൂടുതല്‍ കൃതികള്‍ വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.