ഇലന്തൂർ ഇരട്ട നരബലി കേസ്: പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

ഇലന്തൂർ ഇരട്ട നരബലി കേസ്: പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

 കൊച്ചി: ഇലന്തൂർ ഇരട്ട നരബലി കേസിലെ മൂന്ന് പ്രതികളുടെയും 12 ദിവസത്തെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. അവധി ദിവസമായതിനാൽ മജിസ്ട്രേറ്റിന്റെ വസതിയിലാകും പ്രതികളെ ഹാജരാക്കുക.

പത്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് അന്വേഷണസംഘം ഇതിനോടകം ശേഖരിച്ചിടുള്ളത്. കാലടി സ്വദേശി റോസ്ലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലുകൾക്കും അന്വേഷണങ്ങൾക്കും പ്രതികളെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ടേക്കുമെന്നാണ് വിവരം.

കഴിഞ്ഞ 11 ദിവസത്തിനിടെ രണ്ട് പ്രാവശ്യത്തിലധികം സംഭവം നടന്ന ഇലന്തൂരിലെ വീട്ടിലെത്തിച്ച് പ്രതികളുടെ തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിന് പുറമേ എറണാകുളത്തു നിന്നും കേസിലെ മുഖ്യപ്രതി ഷാഫിയുടെ യത്രയടക്കം അന്വേഷണ സംഘം പുനരാവിഷകരിച്ചിരുന്നു. ഇത്തരത്തിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വ്യക്തത വരുത്തി മുന്നോട്ടു പോകാനാണ് പൊലീസിന്റെ നീക്കം.

പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവൽസിങ്, ലൈല എന്നിവരുടെ അടുപ്പക്കാരിൽ നിന്നടക്കം പൊലീസ് വിവരം ശേഖരിച്ചിട്ടുണ്ട്. ഷാഫിയുടെ ഭാര്യയെയും ചോദ്യം ചെയ്തിരുന്നു. സംഭവത്തിൽ മറ്റാരുടെയെങ്കിലും പങ്ക്, കൂടുതൽ ആളുകളെ പ്രതികൾ ഇത്തരത്തിൽ ഇരയാക്കിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിലാണ് ഇനി വ്യക്തത വരാനുള്ളത്.

സൈബർ സെല്ലിന്റെ സഹായത്തോടെ ഷാഫി ഉപയോഗിച്ച വിവിധ ഫേസ്ബുക് അക്കൗണ്ടുകളുടെ വിശദവിവരങ്ങൾ കണ്ടെത്താനുള്ള പരിശോധനയും അന്തിമഘട്ടത്തിലാണ്‌. 

കേസിൽ നിർണായക തെളിവായ ഷാഫിയുടെ മൊബൈൽഫോണുകൾ കണ്ടെത്താനുണ്ട്. ഇലന്തൂരിലെ വീട്ടിൽനിന്നും ഷാഫിയുടെ കൊച്ചിയിലെ വീട്ടിൽനിന്നും ശേഖരിച്ച ഡിഎൻഎ സാമ്പിളുകളുടെ പരിശോധനാ റിപ്പോർട്ടും കേസിൽ നിർണായകമാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.