കോയമ്പത്തൂർ സ്‌ഫോടനം: ചാവേർ ആക്രമമെന്ന് സൂചന നൽകി പൊലീസ്; സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു

കോയമ്പത്തൂർ സ്‌ഫോടനം: ചാവേർ ആക്രമമെന്ന് സൂചന നൽകി പൊലീസ്; സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു

കോയമ്പത്തൂർ: കോയമ്പത്തൂരിൽ ഞായറാഴ്ച ഉണ്ടായ കാർ സ്ഫോ‌ടനം ചാവേർ ആക്രമമെന്ന് സംശയിച്ച് പൊലീസ്. സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് ഇത്‌ സംബന്ധിച്ച സൂചനകൾ പൊലീസിന് ലഭിച്ചത്.

നാലുപേർ ചേർന്ന് സ്‌ഫോടനം നടന്ന കാറിൽ സാധനങ്ങൾ എടുത്തുവയ്ക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഇതാകാം സ്‌ഫോടനസമയത്ത് പൊട്ടിത്തെറിച്ചതെന്നാണ് നിഗമനം. സ്‌ഫോടനം നടന്ന ടൗൺ ഹാളിന് സമീപം കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്.

ദൃശ്യങ്ങളിലുള്ളവരെ തിരിച്ചറിഞ്ഞുവെന്ന് റിപ്പോർട്ടുകളുണ്ട്. ഇവർക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചിരിക്കുകയാണ്. സംഭവത്തിൽ ഏഴുപേരെ കസ്റ്റഡിയിലെടുത്തതായാണ് വിവരം. 

കോയമ്പത്തൂർ ടൗൺ ഹാളിന് സമീപം കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിന് മുന്നിലാണ് പുലർച്ചെ കാർ പൊട്ടിത്തെറിച്ച് അഗ്നിക്കിരയായത്. സ്‌ഫോടനത്തിൽ ഉക്കടം സ്വദേശിയും എഞ്ചിനീയറിംഗ് ബിരുദധാരിയുമായ ജമേഷ മുബിൻ (25) എന്ന യുവാവ് മരിച്ചിരുന്നു.

2019ൽ ഐ എസ് ബന്ധം ആരോപിച്ച് എൻ.ഐ.എ ചോദ്യം ചെയ്തിരുന്ന ആളാണ് ജമേഷ മുബിൻ. ജമേഷയുടെ ഉക്കടത്തെ വീട്ടിൽ നിന്ന് സ്‌ഫോടക വസ്തുക്കളുടെ ശേഖരം കണ്ടെത്തിയതാണ് ചാവേർ ആക്രമണമാണെന്ന സംശയത്തിന് കാരണം. പൊട്ടാസ്യം നൈട്രേറ്റ്, ചാർക്കോൾ, സൾഫർ, അലുമിനിയം പൗഡർ എന്നിവയാണ് ജമേഷയുടെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തിയത്.

നഗരത്തിൽ ദീപാവലി ആഘോഷങ്ങൾ നടക്കുന്നതിനാൽ വലിയ സ്‌ഫോടനത്തിന് ഇയാൾ പദ്ധതിയിട്ടതായാണ് പൊലീസിന്റെ നിഗമനം. കഴിഞ്ഞ ദിവസങ്ങളിൽ ജമേഷ വീട്ടിൽ തനിച്ചായിരുന്നില്ലെന്നും സിസിടിവി ദൃശ്യങ്ങളിൽ കണ്ടവർ ഇയാൾക്കൊപ്പം ഉണ്ടായിരുന്നിരിക്കാമെന്നും പൊലീസ് സംശയിക്കുന്നു.

പൊള്ളാച്ചിയിൽ രജിസ്റ്റർ ചെയ്ത മാരുതി 800 മോഡലിലുള്ള കാറാണ് സ്ഫോടനത്തിന് ഉപയോഗിച്ചത്. സ്ഫോടത്തിൽ കാർ രണ്ടായി തകർന്നു. കാറിൽ നിന്ന് പൊട്ടാത്ത എൽ.പി.ജി സിലിണ്ടർ, സ്റ്റീൽ ബോളുകൾ, ഗ്ളാസ് കല്ലുകൾ, അലുമിനിയം, ഇരുമ്പ്, മാർബിൾ ചീളുകൾ, ആണികൾ എന്നിവ കണ്ടെടുത്തിരുന്നു. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ ക്ഷേത്ര കവാടത്തിലെ താത്‌കാലിക ഷെൽട്ടർ ഭാഗികമായി തകർന്നു.

സ്‌ഫോടനത്തിന് പിന്നാലെ കോയമ്പത്തൂർ ജില്ലയിൽ ഉടനീളം സുരക്ഷ ശക്തമാക്കിയിരിക്കിയിരിക്കുകയാണ്. തമിഴ്‌നാട്ടിൽ കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. സംസ്ഥാന പൊലീസ് മേധാവി നേരിട്ട് സുരക്ഷാ മേൽനോട്ടം ഏകോപിപ്പിക്കുകയാണ്. നഗരത്തിലേയ്ക്ക് കടക്കുന്ന വാഹനങ്ങളിലടക്കം പരിശോധന നടത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.