കത്തോലിക്ക കോൺഗ്രസ്‌ ആഗോള സംഗമം ചരിത്ര ദൗത്യം: കാർദിനാൾ മാർ ജോർജ് ആലഞ്ചേരി

കത്തോലിക്ക കോൺഗ്രസ്‌ ആഗോള സംഗമം ചരിത്ര ദൗത്യം: കാർദിനാൾ മാർ ജോർജ് ആലഞ്ചേരി

ബാങ്കൊക്ക്: ലോകത്തിലെ നാൽപതോളം രാജ്യങ്ങളിൽ നിന്ന് പ്രതിനിധികൾ പങ്കെടുത്ത കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ മീറ്റ് ചരിത്ര പരമായ ദൗത്യം നിർവഹിക്കുന്നതാണെന്നും സഭയിൽ അൽമായ പങ്കാളിത്തത്തിന് പുതിയ മാനങ്ങൾ സൃഷ്ടിക്കുമെന്നും സീറോ മലബാർ സഭാ തലവൻ കാർദിനാൾ മാർ ജോർജ് ആലഞ്ചേരി.

ബാങ്കോക്കിൽ വെച്ച് കത്തോലിക്ക കോൺഗ്രസ്‌ നേതൃത്വത്തിൽ നടന്ന ആഗോള നസ്രാണി പൊതുയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സഭയിൽ എല്ലാവരും തുല്യരും ക്രിസ്തുവിന്റെ ശുശ്രൂഷകരുമാണ്. ക്രിസ്തു സ്നേഹം പൂർണ്ണമായി ഉൾക്കൊണ്ട് ഒരുമിച്ചു മുന്നേറേണ്ട കാലഘട്ടമാണ് ഇത്. അതിനു ലോകമെമ്പാടുമുള്ള സമുദായ അംഗങ്ങൾ ഒരു കുടക്കീഴിൽ അണിനിരക്കണം. ധാർഷ്ട്യവും അഹങ്കാരവുമൊക്കെ സഭയെ ശിഥിലമാക്കും. സ്നേഹം കൊണ്ടും വിട്ടു വീഴ്ച കൊണ്ടും ക്രൈസ്തവികത കൊണ്ടും നാം സഭയെയും സമുദായത്തെയും കെട്ടിപടുക്കണം.

മാർപ്പാപ്പ ആവിഷ്കരിക്കുന്ന സിനാഡാലിറ്റി സീറോ മലബാർ സഭയിൽ കൂടുതൽ കാര്യക്ഷമമായി നടപ്പാക്കും. സഭയുടെ വിവിധ തലങ്ങളിൽ ശക്തമായ അൽമായ പങ്കാളിത്തം ഉറപ്പു വരുത്തും. സഭാ സിനഡ് അൽമായരെ കേൾക്കുന്ന വിധത്തിലാക്കുവാൻ പുതിയ മാറ്റങ്ങൾ ചർച്ച ചെയ്യുമെന്ന് കാർദിനാൾ പറഞ്ഞു. സഭയിലെ വിവിധ സംഘടനകളെ കൂട്ടി നിർത്തി നയിക്കേണ്ട ഉത്തരവാദിത്തം കത്തോലിക്ക കോൺഗ്രസിനുണ്ടെന്ന്  അദ്ദേഹം ഓർമിപ്പിച്ചു.

സമുദായ ബോധവും സമുദായ സ്നേഹവും പുതു തലമുറയ്ക്ക് പകർന്നു നൽകുന്നതിന് ഗ്ലോബൽ മീറ്റ് വഴിയൊരുക്കുമെന്നും ഗ്ലോബൽ നെറ്റ്‌വർക്ക് വിവിധ രാജ്യങ്ങളിലെ സമുദായ അംഗങ്ങൾക്ക് വലിയ സഹായമാകുമെന്നും മുഖ്യ പ്രഭാഷണം നടത്തിയ ജസ്റ്റിസ് കുര്യൻ ജോസഫ് പറഞ്ഞു.

കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ പ്രസിഡന്റ്‌ അഡ്വ ബിജു പറയന്നിലത്തിന്റെ അദ്യക്ഷതയിൽ ചേർന്ന ആഗോള നസ്രാണി പൊതുയോഗത്തിൽ ആർച്ച് ബിഷപ്പുമാരായ മാർ ജോസഫ് പെരുത്തോട്ടം, മാർ മാത്യു മൂലക്കാട്ട്, ബിഷപ്  മാർ റെമിജിയുസ് ഇഞ്ചനാനിയൽ, ബിഷപ്പുമാരായ മാർ റാഫേൽ തട്ടിൽ, മാർ സെബാസ്റ്റ്യൻ വടക്കേൽ, മാർ ജോസ് ചിറ്റൂപറമ്പിൽ, ഫാ ജോർജ് പ്ലാത്തോട്ടം, കത്തോലിക്ക കോൺഗ്രസ്‌ ജനറൽ സെക്രട്ടറി രാജീവ്‌ കൊച്ചുപറമ്പിൽ, ഡയറക്ടർ ഫാ ജിയോ കടവി, ജനറൽ കൺവീനർ ജോസഫ് പാറേക്കാട്ടിൽ, കൺവീനർ രഞ്ജിത് ജോസഫ്, കെ സി എഫ് പ്രസിഡന്റ്‌ ഡോ കെ എം ഫ്രാൻസിസ് ട്രെഷറർ ഡോ ജോബി കാക്കശ്ശേരി, വൈസ് പ്രസിഡന്റ്‌ ടെസ്സി ബിജു എന്നിവർ പ്രസംഗിച്ചു.

ഗ്ലോബൽ മീറ്റിലെ പാനൽ ചർച്ചകളിൽ ജോസ് കെ മാണി എംപി, മോൻസ് ജോസഫ് എം എൽ എ, ഡീൻ കുര്യക്കോസ് എംപി, തോമസ് ചാഴികാടൻ എം പി, ജോർജ് കുര്യൻ, അഡ്വ ജോജോ ജോസ്‌, ഫാ ബെന്നി മുണ്ടാട്ട്, ഫാ ഫിലിപ്പ് കവിയിൽ, ഫാ സബിൻ തൂമുള്ളിൽ, ബെന്നി മാത്യു, അഡ്വ പി റ്റി ചാക്കോ, ജോമി മാത്യു, തുടങ്ങിയവർ പ്രസംഗിച്ചു.

കത്തോലിക്ക കോൺഗ്രസ്‌ ആരംഭിക്കുന്ന വിവിധ സംരംഭങ്ങളായ സ്കിൽ പാർക്ക്‌, മൾട്ടി സ്റ്റേറ്റ് സൊസൈറ്റി, സി സി വെഡിങ്, ഗ്ലോബൽ പ്രൊഫഷണൽ കൗൺസിൽ എന്നിവയുടെ സ്വിച് ഓൺ കർമം ഗോബൽ മീറ്റിൽ നടത്തപ്പെട്ടു.

വിവിധ രംഗങ്ങളിലെ ഡോ ആന്റണി പി ജോസഫ്, റോണി ജോസ് തുടങ്ങിയ പ്രഗത്ഭരെ സംഗമത്തിൽ ആദരിച്ചു. വിഷൻ 2030 കർമ പദ്ധതി ഗ്ലോബൽ മീറ്റിൽ ചർച്ച ചെയ്ത് രൂപീകരിച്ചു.

ഡോ ജോസ്കുട്ടി ഒഴുകയിൽ, ബെന്നി ആന്റണി, ട്രീസ ലിസ് സെബാസ്റ്റ്യൻ, ലിവൻ വർഗീസ്, സുനിൽ രാപ്പുഴ, ക്യാപ്റ്റൻ രാജു ജോസഫ്, വിനീത് ആൻഡ്രൂസ്, ആന്റണി മനോജ്‌, സഞ്ജു ജോസഫ്, ഗ്ലോബൽ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.