കോയമ്പത്തൂര്‍ കാര്‍ ബോംബ് സ്ഫോടനം: ജമിഷ മുബിന്‍ ചാവേറെന്ന സംശയം ബലപ്പെട്ടു; ശരീരത്തില്‍ കത്തുന്ന രാസലായനി

കോയമ്പത്തൂര്‍ കാര്‍ ബോംബ് സ്ഫോടനം: ജമിഷ മുബിന്‍ ചാവേറെന്ന സംശയം ബലപ്പെട്ടു; ശരീരത്തില്‍ കത്തുന്ന രാസലായനി

കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ കാര്‍  ബോംബ്  സ്ഫോടനത്തില്‍  കൊല്ലപ്പെട്ട ജമീഷ മുബിന്‍ ചാവേര്‍ തന്നെയാണെന്ന സംശയം  ബലപ്പെട്ടു. ഇയാളുടെ ശരീരത്തില്‍ തീപിടിക്കുന്ന രാസലായനിയുടെ അംശം ഉണ്ടായിരുന്നതായി സൂചന ലഭിച്ചു.

തന്റെ മരണ വിവരം അറിയുമ്പോള്‍ തെറ്റുകള്‍ പൊറുത്ത് മാപ്പാക്കണമെന്ന് മരിക്കുന്നതിന് മുമ്പ് മുബിന്‍ വാട്സാപ്പ് സ്റ്റാറ്റസ് ഇട്ടിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി. സ്ഫോടനത്തില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് ഐ.എസ് ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചു.

കൊല്ലപ്പെട്ട ജമീഷ മുബീനുമായി അടുത്ത ബന്ധം പുലര്‍ത്തിയ പ്രതികളിലൊരാളായ ഫിറോസ് ഇസ്മയിന് ഐ.എസ് ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന് 2019 ല്‍ ദുബായില്‍ നിന്ന് നാടുകടത്തപ്പെട്ടയാളാണ്. ഇന്ത്യയിലെത്തിയ ശേഷവും ഫിറോസ് ഐ.എസുമായി ബന്ധം തുടര്‍ന്നിരുന്നതായാണ് പൊലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്.

കോയമ്പത്തൂരിലെ വിവിധ ക്ഷേത്രങ്ങള്‍, കളക്ടറേറ്റ്, കമ്മീഷണര്‍ ഓഫീസ് തുടങ്ങിയവയുടെ രേഖാ ചിത്രങ്ങള്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ട ജമിഷ മുബിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പോലീസ് കണ്ടെടുത്തതായാണ് വിവരം. കഴിഞ്ഞ ദിവസം അറസ്റ്റിലായ അഞ്ചുപേര്‍ക്ക് പുറമേ കേസില്‍ ഏഴ് പേര്‍കൂടി പോലീസിന്റെ കസ്റ്റഡിയിലുണ്ട്. ഇവരില്‍ ചിലരുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തിയേക്കും.

ഞായറാഴ്ച പുലര്‍ച്ചെ നാലരയ്ക്ക് കോട്ടൈ ഈശ്വരന്‍ കോവിലിനു മുന്നില്‍ കാറിലുണ്ടായ ഉഗ്രസ്ഫോടനത്തിലാണ് ജമീഷ മുബീന്‍ കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ജമീഷയുടെ വീട്ടില്‍ നിന്ന് വലിയ അളവില്‍ പൊട്ടാസ്യം നൈട്രേറ്റ്, അലുമിനിയം പൗഡര്‍, ചാര്‍ക്കോള്‍ തുടങ്ങിയവയും പോലീസ് കണ്ടെടുത്തിരുന്നു.

ഫിറോസ് ഇസ്മയിലിന് പുറമേ മുബീനുമായി അടുത്ത ബന്ധം പുലര്‍ത്തിയ മുഹമ്മദ് ദല്‍ഹ (25), മുഹമ്മദ് അസ്ഹറുദ്ദീന്‍ (23), മുഹമ്മദ് റിയാസ് (27), നവാസ് ഇസ്മായില്‍ (26) എന്നിവരാണ് കേസില്‍ അറസ്റ്റിലായത്. ഇതില്‍ മുഹമ്മദ് ദല്‍ഹ 'അല്‍ ഉമ്മ' സ്ഥാപകന്‍ ബാഷയുടെ സഹോദരന്‍ നവാബ് ഖാന്റെ മകനാണ്.

സ്ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുന്നതിനിടെ തമിഴ്‌നാട്ടിലെ പ്രധാന നഗരങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കി. പ്രധാന ക്ഷേത്രങ്ങളില്‍ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. റെയില്‍വേ സ്റ്റേഷനുകളിലും ആള്‍ത്തിരക്കേറുന്ന സ്ഥലങ്ങളിലും കൂടുതല്‍ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. കോയമ്പത്തൂരിലെ സ്ഫോടനത്തിനു പിന്നില്‍ തീവ്രവാദി ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് പോലീസിന് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

തീവ്രവാദി ബന്ധമുണ്ടെന്ന് സ്ഥിരീകരിക്കാനോ ഇക്കാര്യം തള്ളിക്കളയാനോ പോലീസ് മേധാവികള്‍ തയ്യാറായിട്ടില്ല. സംഭവം നടന്നയുടന്‍ തമിഴ്‌നാട് ഡി.ജി.പി ശൈലേന്ദ്രബാബു കോയമ്പത്തൂരിലെത്തിയത് സംസ്ഥാന സര്‍ക്കാര്‍ ഇതിനെ ഗൗരവത്തോടെയാണ് സമീപിക്കുന്നത് എന്നതിന്റെ സൂചനയാണ്. ചെന്നൈയിലെ പ്രധാന ആരാധനാലയങ്ങളില്‍ പ്രത്യേക നിരീക്ഷണം നടത്താനും സുരക്ഷ ഏര്‍പ്പെടുത്താനും സിറ്റി പോലീസ് കമ്മിഷണര്‍ ശങ്കര്‍ ജവാള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.