ന്യൂഡല്‍ഹി: യുവാക്കള്‍ക്ക് പാര്‍ട്ടി പദവികളില്‍ 50 ശതമാനം സംവരണം ഉറപ്പാക്കുമെന്ന് മല്ലികാര്‍ജുന ഖാര്‍ഗെ. ഉദയ്പൂര്‍ ചിന്തന്‍ ശിബിരത്തിലെ തീരുമാനങ്ങളെല്ലാം നടപ്പാക്കും. കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റ ശേഷം നടത്തിയ പ്രസംഗത്തിലാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ നയം വ്യക്തമാക്കിയത്.
എ.ഐ.സി.സി ആസ്ഥാനത്ത് രാവിലെ 10.30 ന് ആരംഭിച്ച സ്ഥാനാരോഹണ ചടങ്ങില്‍ മുതിര്‍ന്ന നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, പ്രവര്‍ത്തക സമിതി അംഗങ്ങള്‍, എ.ഐ.സി.സി ഭാരവാഹികള്‍, പി.സി.സി പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് ഖാര്‍ഗെ ചടങ്ങിനെത്തിയത്. എ.ഐ.സി.സി മന്ദിര വളപ്പില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി പുതിയ പ്രസിഡന്റിന് വിജയ സര്‍ട്ടിഫിക്കറ്റ് കൈമാറി.
137 വര്‍ഷത്തെ പാര്‍ട്ടിയുടെ ചരിത്രത്തില്‍ തിരഞ്ഞെടുപ്പിലൂടെ അധ്യക്ഷനാവുന്ന ആറാമത്തെയാളാണ് ഖാര്‍ഗെ. 24 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് നെഹ്‌റു കുടുംബത്തിന് പുറത്തു നിന്നൊരാള്‍ വരുന്നു എന്ന പ്രത്യേകതയുമുണ്ട്. 1998 ല്‍ സോണിയ ഗാന്ധി പാര്‍ട്ടി അധ്യക്ഷ സ്ഥാനമേറ്റ സ്ഥിതിയേക്കാള്‍ പാര്‍ട്ടിയുടെ നില മോശമായ അന്തരീക്ഷത്തിലാണ് എണ്‍പതുകാരനായ ഖാര്‍ഗെ പദവി ഏറ്റെടുക്കുന്നത്.
പ്രവര്‍ത്തക സമിതി തെരഞ്ഞെടുപ്പ്, എ.ഐ.സി.സി പ്ലീനറി, ഹിമാചല്‍-ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പുകള്‍ എന്നിവ അദ്ദേഹത്തിന് മുന്നിലെ ആദ്യ കടമ്പകളാണ്. ഭാരത് ജോഡോ യാത്ര നയിച്ചു വരുന്ന രാഹുല്‍ ഗാന്ധി ദീപാവലിയും പുതിയ പ്രസിഡന്റ് ചുമതലയേല്‍ക്കുന്ന ചടങ്ങും പ്രമാണിച്ച് മൂന്നുദിവസം പദയാത്ര നിര്‍ത്തി വെച്ചാണ് ഡല്‍ഹിയിലെത്തിയത്. വ്യാഴാഴ്ച തെലങ്കാനയില്‍ യാത്ര തുടരും.
ഗുജറാത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നു വൈകുന്നേരം ചേരുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗമാണ് ഖാര്‍ഗെയുടെ ആദ്യ ഔദ്യോഗിക പരിപാടി. രമേശ് ചെന്നിത്തലയാണ് സ്‌ക്രീനിങ് കമ്മിറ്റി ചെയര്‍മാന്‍.
അധ്യക്ഷ പദവിയിലേക്ക് ഖാര്‍ഗെയ്‌ക്കെതിരെ മത്സരിച്ച ശശി തരൂരും ഖാര്‍ഗെ ചുമതലയേല്‍ക്കുന്ന പരിപാടിയില്‍ പങ്കെടുത്തു. കേരളത്തില്‍ നിന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല, പി.സി വിഷ്ണുനാഥ്, വി.പി. സജീന്ദ്രന്‍, ജയ്‌സണ്‍ ജോസഫ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.