സര്‍ക്കാര്‍-ഗവര്‍ണര്‍ 'വ്യാജ ഏറ്റുമുട്ടല്‍'; മുന്‍ മന്ത്രിമാരുടെ പ്രണയ ചാപല്യ, മദനകാമരാജന്‍ കഥകളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം: വി.ഡി സതീശന്‍

സര്‍ക്കാര്‍-ഗവര്‍ണര്‍ 'വ്യാജ ഏറ്റുമുട്ടല്‍'; മുന്‍ മന്ത്രിമാരുടെ പ്രണയ ചാപല്യ, മദനകാമരാജന്‍ കഥകളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം: വി.ഡി സതീശന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍ നടക്കുന്നത് സര്‍ക്കാര്‍-ഗവര്‍ണര്‍ വ്യാജ ഏറ്റുമുട്ടലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ധനമന്ത്രി കെഎന്‍ ബാലഗോപാലിനെ നീക്കണമെന്ന ഗവര്‍ണറുടെ കത്ത് പുച്ഛത്തോടെ തള്ളിക്കളയുന്നു. ഇതെല്ലാം ഒത്തുകളിയുടെ ഭാഗമാണെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

'ഇല്ലാത്ത അധികാരമാണ് ഗവര്‍ണര്‍ ഉപയോഗിച്ചിരിക്കുന്നത്. പ്രത്യക്ഷത്തില്‍ ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടലാണെന്ന് തോന്നും. എന്നാല്‍ ഇത് ഫെയ്ക് എന്‍കൗണ്ടറാണ്. ജനങ്ങളെ കബളിപ്പിക്കാന്‍ വേണ്ടിയുള്ള വ്യാജ ഏറ്റുമുട്ടല്‍.

സര്‍വകലാശാലാ വിഷയമാണെങ്കിലും നിലവിലെ വിഷയമാണെങ്കിലും ഇവരെല്ലാം ഒരുമിച്ചാണ്. വൈസ് ചാന്‍സലര്‍മാരുടെ നിയമനം ശരിയാണെന്ന് സര്‍ക്കാരും ഗവര്‍ണറും ഒരേ പോലെയാണ് സുപ്രീം കോടതിയില്‍ വാദിച്ചത്. എന്നിട്ട് ജനങ്ങളുടെ മുമ്പില്‍ ഏറ്റുമുട്ടുന്നത് പോലെ കാണിക്കുകയാണ്.

സി.പി.എം ഗവര്‍ണര്‍ക്കെതിരെ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. സുപ്രീം കോടതി വിധിക്കെതിരായിട്ടാണ് സമരം. ഗവര്‍ണര്‍ക്കെതിരായിട്ടുള്ള സമരം എന്ന വ്യാജേനയാണ് ഇത്. ഈ വ്യാജ ഏറ്റുമുട്ടല്‍ നടത്തുന്നത് ഒരുപാട് വിഷയങ്ങളില്‍ നിന്ന് സര്‍ക്കാരിനെ രക്ഷിക്കാന്‍ വേണ്ടിയാണ്.

ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിലെ മന്ത്രിമാര്‍ക്കെതിരായിട്ടുള്ള പ്രണയ ചാപല്യങ്ങള്‍, മദനകാമരാജന്‍ കഥകള്‍, അധികാര ദല്ലാളിന്റെ പണികള്‍ ഒന്നൊന്നായി പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. ഇതില്‍ നിന്നെല്ലാം ശ്രദ്ധതിരിക്കണം. പോലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് വരുന്നത്. പോലീസിന്റെ സഹായത്തോടെ പാര്‍ട്ടിക്കാര്‍ അഴിഞ്ഞാടുകയാണ്.

കാര്‍ഷിക മേഖല മുഴുവന്‍ തകര്‍ച്ചയിലാണ്. ഉന്നത വിദ്യാഭ്യാസ രംഗം തകര്‍ന്ന് തരിപ്പണമായി. വലിയ പ്രതിസന്ധിയില്‍ കൂടിയാണ് സര്‍ക്കാര്‍ പോകുന്നത്. ഇതെല്ലാം മറച്ചു വയ്ക്കുന്നതിന് വേണ്ടിയാണ് സുപ്രീം കോടതി വിധിക്കെതിരെ സമരം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.